ലണ്ടന്‍: എനര്‍ജി നിരക്കുകള്‍ അമിതമാകാതിരിക്കാന്‍ താരിഫുകളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടും ഉപഭോക്താക്കളെ കൊള്ളയിടിക്കുന്നത് എനര്‍ജി കമ്പനികള്‍ തുടരുന്നു. ആറ് പ്രമുഖ എനര്‍ജി കമ്പനികളും ഉപഭോക്താക്കളില്‍ നിന്ന് ഇപ്പോളും ഈടാക്കുന്നത് ഉയര്‍ന്ന നിരക്കു തന്നെയാണെന്ന് ഗാര്‍ഡിയന്‍ നടത്തിയ അന്വേഷണത്തില്‍ വ്യക്തമായി. പ്രധാനമന്ത്രി തെരേസ മേയാണ് സ്റ്റാന്‍ഡാര്‍ഡ് വേരിയബിള്‍ താരിഫുകളില്‍ നിയന്ത്രണം പ്രഖ്യാപിച്ചചത്. ഇതിനു പിന്നാലെ അത്തരം താരിഫുകള്‍ പൂര്‍ണ്ണമായും ഒഴിവാക്കുമെന്നും സ്ഥിര മൂല്യമുള്ള പ്ലാനുകളിലേക്ക് ഉപഭോക്താക്കളെ മാറ്റുമെന്ന് ബ്രിട്ടീഷ് ഗ്യാസ്, ഇ.ഓണ്‍, എസ്എസ്ഇ തുടങ്ങിയ കമ്പനികള്‍ പ്രഖ്യാപിക്കുകയും ചെയ്തു. എനര്‍ജി വിപണിയില്‍ മാറ്റത്തിന്റെ കാറ്റ് വീശുന്നുവെന്നായിരുന്നു ഓഫ്‌ജെം ഇതിനെ വിലയിരുത്തിയത്.

എന്നാല്‍ ഗാര്‍ഡിയന്‍ തയ്യാറാക്കിയ കണക്കുകള്‍ കമ്പനികളുടെ വാഗ്ദാനത്തിന്റെ പൊള്ളത്തരം വ്യക്തമാക്കുന്നതാണ്. താരിഫ് മാറ്റത്തിനായി അപേക്ഷിച്ച ഉപഭോക്താക്കള്‍ക്ക് ബ്രിട്ടീഷ് ഗ്യാസ് നല്‍കിയ പ്ലാന്‍ 1099.84 പൗണ്ടിന്റേതാണ്. പഴയ സ്റ്റാന്‍ഡാര്‍ഡ് വേരിയബിള്‍ താരിഫിന് തുല്യമായ തുകയാണ് ഇത്. അതായത് പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തെ അട്ടിമറിച്ചുകൊണ്ട് പഴയ നിരക്കുകള്‍ തന്നെ പുതിയ പേരില്‍ ഈടാക്കുകയാണ് മുന്‍നിര കമ്പനിയായ ബ്രിട്ടീഷ് ഗ്യാസ്. ഉപഭോക്താക്കള്‍ക്ക് കമ്പനികള്‍ പഴയ താരിഫിന് പകരമായി നല്‍കുന്നത് തങ്ങളുടെ ഏറ്റവും ഉയര്‍ന്ന നിരക്കിലുള്ള താരിഫുകളാണെന്നാണ് വ്യക്തമാകുന്നത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

കമ്പനികള്‍ ഓഫര്‍ ചെയ്യുന്ന കുറഞ്ഞ നിരക്കുകള്‍ കംപാരിസണ്‍ സൈറ്റുകളില്‍ മാത്രമേ കാണാന്‍ കഴിയുകയുള്ളു. ഇ.ഓണ്‍ എസ്‌വിറ്റികളിലും മറ്റു താരിഫുകളില്‍ ഏറ്റവും ഉയര്‍ന്നവയ്ക്കും 1093.35 പൗണ്ടാണ് ഈടാക്കുന്നത്. ഇതുമായി സ്‌കോട്ടിഷ് പവറിന്റെ താരിഫിന് 8.49 പൗണ്ടിന്റെയും എന്‍പവറിന്റെ താരിഫിന് 37 പൗണ്ടിന്റെയും വ്യത്യാസമുണ്ട്. എസ്എസ്ഇ 54.73 പൗണ്ടിന്റെയും ഇഡിഎഫ് 82.83 പൗണ്ടിന്റെയും കുറവ് നിരക്കുകളില്‍ വരുത്തിയിട്ടുണ്ട്. ഇവരാണ് താരതമ്യേന കുറഞ്ഞ നിരക്കുകള്‍ ഈടാക്കുന്ന കമ്പനികള്‍.

ഈ കണക്കുകള്‍ കാണിക്കുന്നത് കമ്പനികള്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചതനുസരിച്ച് നിരക്കുകള്‍ കുറയ്ക്കാനല്ല, പകരം താരിഫുകളുടെ പേരുകള്‍ മാറ്റി അവ ഉപഭോക്താക്കളില്‍ അടിച്ചേല്‍പ്പിക്കാനാണ് ശ്രമിക്കുന്നതെന്നാണ്. 4000 ജീവനക്കാരെ പിരിച്ചു വിടുന്നതിന് കാരണമായി ബ്രിട്ടീഷ് ഗ്യാസ് പറഞ്ഞത് താരിഫ് നിരക്കുകളില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണമാണ്. എന്നാല്‍ കമ്പനിക്ക് ഒരു ശതമാനം ലാഭത്തിലുള്ള ഇടിവ് മാത്രമാണ് നേരിട്ടിരിക്കുന്നതെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.