മധുവിന്റെ കൊലപാതകത്തെ കുറിച്ചുള്ള ട്വീറ്റ് വിവാദമായതിനെ തുടർന്ന് ക്രിക്കറ്റ് താരം വീരേന്ദർ സേവാഗ് മാപ്പു പറഞ്ഞു. മധുവിന്റെ കൊലപാതകത്തെക്കുറിച്ചുള്ള ട്വീറ്റില്‍ വര്‍ഗ്ഗീയാരോപണം ഉയരുകയും സമൂഹമാധ്യമങ്ങളിൽ വ്യാപക പ്രതിഷേധം ഉയർന്നതിനെ തുടർന്ന് സേവാഗ് ട്വീറ്റ് പിൻവലിച്ച് മാപ്പു പറയുകയായിരുന്നു.
മധു ഒരു കിലോ അരിയാണു മോഷ്ടിച്ചത്. ഇതിന്റെ പേരിൽ ഉബൈദ്, ഹുസൈൻ, അബ്ദുല്‍ കരീം എന്നിവരുടെ നേതൃത്തിൽ പാവപ്പെട്ട ഒരു ആദിവാസിയെ മര്ദ്ദിച്ച്കൊല്ലുകയായിരുന്നു. സംസ്കാര സമ്പന്നമായ സമൂഹത്തിനിത് അപമാനകരമാണ്. ഇങ്ങനെയൊരു സംഭവം നടന്നതിൽ നാണക്കേടു തോന്നുന്നു എന്നാണ് സേവാഗ് ട്വിറ്ററിൽ കുറിച്ചത്.
ട്വീറ്റ് വിവാദമായതോടെ മാപ്പു പറഞ്ഞ് തിരുത്തുമായി സേവാഗ് രംഗത്തെത്തി. അപൂര്‍ണമായ വിവരത്തെ തുടര്‍ന്നാണ് കൂടുതല്‍ പേരുകള്‍ വിട്ടു പോയതെന്ന് സേവാഗ് പറഞ്ഞു. വർഗീയത ഉദ്ദേശിച്ചിട്ടില്ലെന്നും എല്ലാ കൊലയാളികളും മതത്താല്‍ വിഭജിക്കപ്പെട്ടിരിക്കുകയും അക്രമാസക്തമായ മാനസികാവസ്ഥകൊണ്ട് യോജിക്കുകയും ചെയ്തിരിക്കുകയാണെന്നും സേവാഗ് കൂട്ടിച്ചേർത്തു.
‘തെറ്റ് അംഗീകരിക്കാതിരിക്കുന്നത് രണ്ടാമത്തെ തെറ്റാണ്, അപൂര്‍ണമായ വിവരമായിരുന്നതിനാല്‍ കുറ്റകൃത്യത്തില്‍ ഉള്‍പ്പെട്ടവരുടെ കൂടുതല്‍ പേരുകള്‍ വിട്ടുപോയതില്‍ ഖേദിക്കുന്നു. അതില്‍ ആത്മാര്‍ഥമായ ക്ഷമാപണം നടത്തുന്നു. ആ ട്വീറ്റ് വര്‍ഗീയമായിരുന്നില്ല. എല്ലാ കൊലയാളികളും മതത്താല്‍ വിഭജിക്കപ്പെട്ടിരിക്കുകയും അക്രമാസക്തമായ മാനസികാവസ്ഥകൊണ്ട് യോജിക്കുകയും ചെയ്തിരിക്കുകയാണ്. അവിടെ സമാധാനമുണ്ടാവട്ടെ.’ – എന്നാണ് സേവാഗിന്റെ ട്വീറ്റ്.
നേരത്തെ മധുവിന്റെ മരണത്തിൽ പ്രതിഷേധിച്ചു മമ്മൂട്ടി, മഞ്ജു വാരിയർ, ജയസൂര്യ, ടൊവിനോ തോമസ് ഉൾപ്പെടെയുള്ള ചലച്ചിത്രതാരങ്ങൾ രംഗത്തെത്തിയിരുന്നു. വ്യാഴാഴ്ചയാണു മധുവിനെ മോഷണക്കുറ്റം ആരോപിച്ച് ഒരു സംഘമാളുകൾ മർദിച്ചു കൊലപ്പെടുത്തിയത്. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്നു പൊലീസെത്തി ആശുപത്രിയിലേക്കു കൊണ്ടുപോകുന്നതിനിടെയാണു മധു മരിച്ചത്.
Leave a Reply