ന്യൂസ് ഡെസ്ക്
ലെസ്റ്ററിൽ ഉണ്ടായ ഉഗ്രസ്ഫോടനത്തിൽ നാലു പേർ കൊല്ലപ്പെട്ടതായി പോലീസ് സ്ഥിരീകരിച്ചു. നിരവധി പേരെ പരിക്കുകളോടെ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇതിൽ ഒരാളുടെ നില ഗുരുതരമായി തുടരുകയാണ്. ഞായറാഴ്ച വൈകുന്നേരം 7.19നാണ് ലെസ്റ്ററിനെ വിറപ്പിച്ച സ്ഫോടനം നടന്നത്. ഹിക്ക് ലി റോഡിലുള്ള സിറ്റി സെന്ററിൽനിന്നും ഒരു മൈൽ മാത്രം അകലത്തിൽ സ്ഥിതിചെയ്യുന്ന ‘ലോണ്ടിസ്’ സൂപ്പർ മാർക്ക് ഇരിക്കുന്ന കെട്ടിടത്തിലാണ് രാത്രി സ്ഫോടനം നടന്നത്. താഴത്തെ നിലയിൽ ഷോപ്പുകളും മുകളിലെ രണ്ടു നിലകളിൽ ഫ്ളാറ്റുകളുമാണ് ഈ ബിൽഡിംഗിൽ ഉണ്ടായിരുന്നത്. സ്ഫോടനത്തിൽ ബിൽഡിംഗ് പൂർണമായും തകർന്നു. അഗ്നിനാളങ്ങൾ ഇരുപതിലേറെ മീറ്റർ ഉയരത്തിൽ കത്തി. കനത്ത പുകയും പൊടിപടലവും പരിസരത്ത് നിറഞ്ഞു. സ്ഫോടനത്തെ തുടർന്ന് സമീപ പ്രദേശങ്ങളിലെ അറുപതോളം വീടുകൾ പോലീസ് ഒഴിപ്പിച്ചിരുന്നു.
സംഭവത്തെ തുടർന്ന് ആറു ഫയർ യൂണിറ്റുകളും പോലീസ്, ആംബുലൻസ് സർവീസുകളും സ്ഥലത്ത് കുതിച്ചെത്തി. ഹിക്ക് ലി റോഡും കാർസിൽ റോഡും പോലീസ് സീൽ ചെയ്തിരിക്കുകയാണ്. ഈ ഏരിയയിലേയ്ക്കുള്ള യാത്ര ഒഴിവാക്കണമെന്ന് പോലീസ് ജനങ്ങൾക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. പോലീസിലെ വിവിധ വിഭാഗങ്ങളും ഡോഗ് സേർച്ച് ടീമും ഫയർഫോഴ്സും സംയുക്തമായി തിരച്ചിൽ തുടരുകയാണ്. കൂടുതൽ പേർ ബിൽഡിംഗിൽ ഉണ്ടായിരുന്നോ എന്ന് അറിവില്ല. സ്ഫോടന കാരണം ഇത് വരെയും പോലീസ് വെളിപ്പെടുത്തിയിട്ടില്ല. ശക്തമായ സ്ഫോടനത്തില്‍ സമീപത്തുള്ള വീടുകള്‍ വരെ കുലുങ്ങിയതായി പ്രദേശവാസികള്‍ പറഞ്ഞു. ഭീകരാക്രമണവുമായി ബന്ധമില്ലെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.
Leave a Reply