ലാലിഗയെ ഇന്ത്യന്‍ ആരാധകര്‍ക്കിടയിലും വേരോട്ടമുണ്ടാക്കുന്നതിന്റെ ഭാഗമായി ലാലിഗ ഒന്നാം ഡിവിഷന്‍ ക്ലബുകളുടെ സൗഹൃദ മത്സരങ്ങള്‍ ഇന്ത്യയില്‍ വച്ചു നടത്താന്‍ സാധ്യത തെളിയുന്നു.

ഇക്കാര്യത്തില്‍ ആലോചനകള്‍ നടന്നുകൊണ്ടിരിക്കയാണെന്നും സമീപഭാവിയില്‍ തന്നെ അക്കാര്യത്തില്‍ തീരുമാനമുണ്ടാകുമെന്നും ലാലിഗയില്‍ ഇന്ത്യയുടെ തലവനായ ഹൊസേ കഷാസേ പറഞ്ഞു. പ്രമുഖ സ്‌പോട്‌സ് വെബ്‌സൈറ്റായ ഗോളിനോട് സംസാരിക്കുമ്പോഴാണ് ഹൊസെ ഇക്കാര്യം വെളിപ്പെടുത്തിയത്.

ഇന്ത്യയില്‍ ഫുട്‌ബോളിനുണ്ടാകുന്ന വളര്‍ച്ചയെ വളരെ ആകാംക്ഷയോടെയാണ് മറ്റു ലീഗുകള്‍ നോക്കിക്കാണുന്നത്. ക്രിക്കറ്റിനു ശേഷം ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആരാധകര്‍ പിന്തുടരുന്നത് ഫുട്‌ബോളാണെന്ന് നിസംശയം പറയാം. വളരെ മികച്ച ആരാധക്കൂട്ടവുമാണ് ഇന്ത്യന്‍ ഫുട്‌ബോളിനുള്ളത്. അതു കൊണ്ടു തന്നെ സമീപ ഭാവിയില്‍ തന്നെ ഇന്ത്യയില്‍ വച്ച് ലാലിഗ ക്ലബുകളുടെ സൗഹൃദ മത്സരം നടത്താനുള്ള ആലോചനകള്‍ നടന്നുകൊണ്ടിരിക്കുകയാണ്. എന്നാല്‍ അതെന്നാണെന്ന് ഇപ്പോള്‍ പറയാനാകില്ല. ഹൊസെ വ്യക്തമാക്കി.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഇന്ത്യയില്‍ സ്പാനിഷ് ലീഗിന് വലിയ പ്രേക്ഷകരാണുള്ളതെന്നും ഹൊസെ പറഞ്ഞു. ടെലിവിഷന്‍ പ്രേക്ഷകരില്‍ മാത്രമല്ല, സാമൂഹ്യ മാധ്യമങ്ങളിലും ഇന്ത്യയിലെ ആരാധകര്‍ ലാലിഗക്ക് വന്‍ പിന്തുണയാണു നല്‍കുന്നതെന്നും ഹൊസെ പറഞ്ഞു. ഏതാനും വര്‍ഷങ്ങള്‍ക്കു മുന്‍പ് ലാലിഗയെ മൂന്നു ലക്ഷം പേര്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പിന്തുടര്‍ന്നിരുന്നത് ഇപ്പോള്‍ ഇരുപതു ലക്ഷമായി വര്‍ദ്ധിച്ചത് ഉദാഹരണമായി ഹൊസേ പറഞ്ഞു. സൗഹൃദ മത്സരങ്ങള്‍ക്കു മുന്നോടിയായി എല്‍ ക്ലാസികോ ഉള്‍പ്പെടെയുള്ള മത്സരങ്ങളുടെ വലിയ സ്‌ക്രീനിംഗ് സംഘടിപ്പിക്കുമെന്നും ഹൊസെ പറഞ്ഞു.

ഇന്ത്യന്‍ ഫുട്‌ബോള്‍ ക്ലബുകളും ലാലിഗയും തമ്മിലുള്ള ബന്ധത്തെപ്പറ്റി ചോദിച്ചപ്പോള്‍ ഐഎസ്എല്‍ ക്ലബുകളുമായി മികച്ച ബന്ധമാണ് ലാലിഗക്കുള്ളതെന്ന് ഹൊസെ പറഞ്ഞു. മികച്ച ടീമുകളുമായി സ്‌പെയിനില്‍ പ്രീ സീസണ്‍ മത്സരങ്ങള്‍ നടത്താന്‍ ഇത്തരം ബന്ധങ്ങള്‍ സഹായിക്കുമെന്നും ഹൊസെ പറഞ്ഞു. എന്നാല്‍ ലാലിഗയും ഇന്ത്യന്‍ ക്ലബുകളും തമ്മില്‍ ഔദ്യോഗികമായി ബന്ധമോ കരാറുകളോ ഇല്ലെന്നും ഫുട്‌ബോളിന്റെ വളര്‍ച്ചക്ക് അവരെ എങ്ങനെ സഹായിക്കാമെന്നതാണ് ഇപ്പോഴത്തെ പ്രധാന പരിഗണനയെന്നും ഹൊസേ വ്യക്തമാക്കി.