തേനിയില്‍ കമിതാക്കളെ കൊന്ന കേസിലെ പ്രതി ദിവാകരന് ജീവപര്യന്തവും വധശിക്ഷയും. തേനി ജില്ലാ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. യുവാവിനെ വെട്ടിക്കൊന്ന ശേഷം യുവതിയെ പീഡിപ്പിച്ച് കൊല്ലുകയായിരുന്നു.
ഏറെ കോളിളക്കം സൃഷ്ടിച്ച 2011ലെ ഇരട്ടക്കൊലപാതക കേസിലാണ് കോടതി ശിക്ഷ വിധിച്ചത്. ഇത്തരം ക്രൂരതകള്‍ ആവര്‍ത്തിക്കരുത് എന്ന് പറഞ്ഞ കോടതി പ്രതി ദിവാകരന് എന്ന കട്ടവല്ലൈക്ക് ജീവപര്യന്തവും തൂക്കുകയറും വിധിച്ചു. യുവാവിനെ വെട്ടിക്കൊന്ന കേസില്‍ ജീവപര്യന്തവും യുവതിയെ പീഡിപ്പിച്ച് കൊന്ന കേസില്‍ തൂക്കുകയറുമാണ് ശിക്ഷ. തേനി ജില്ലാ സെഷന്‍സ് കോടതി ജഡ്ജി സെന്തില്‍ കുമാറാണ് ശിക്ഷ വിധിച്ചത്.
കേസിനാസ്പദമായ സംഭവം ഇങ്ങനെ, കമ്പം സ്വദേശികളായ ഏഴിലും കസ്തൂരിയും പ്രണയത്തിലായിരുന്നു. ഇരുവരും സംസാരിച്ചിരിക്കുന്നതിനിടയിലാണ് ദിവാകരന് അക്രമിക്കുന്നത്. തേനി കരുനാഗമുത്തന്‍പ്പട്ടി സ്വദേശിയാണ് ദിവാകരന്. ഏഴിലിനെ വെട്ടിക്കൊല്ലുകയും തുടര്‍ന്ന് കസ്തൂരിയെ പീഡിപ്പിച്ച് കൊല്ലുകയുമായിരുന്നു.
ഇരുവരേയും കൊന്നശേഷം വെള്ളക്കെട്ടിലേക്ക് തള്ളിയിട്ടു. ആത്മഹത്യയാണെന്നായിരുന്നു പൊലീസിന്റെ നിഗമനം. എന്നാല്‍ കുടുംബക്കാരില്‍ നിന്നടക്കം പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് ക്രൈബ്രാഞ്ച് സി.ഐ.ഡി അന്വേഷിക്കുകയായിരുന്നു. ദിവസങ്ങള്‍ക്കുള്ളില്‍ പ്രതിയെ അറസ്റ്റ് ചെയ്തു. ഏഴ് വര്‍ഷത്തോളം നീണ്ട വിചാരണക്കൊടുവിലാണ് കോടതി ശിക്ഷ വിധിച്ചത്. പൊലീസ് ആത്മഹത്യയെന്ന് പറഞ്ഞ കേസ് കൊലപാതകമാണെന്ന് കണ്ടെത്തിയതോടെ പൊലീസിനെതിരെ വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു.
Leave a Reply