കൊല്ലം സ്വദേശി അഭിജിത്ത് വിജയ്. യേശുദാസിന്റെ ശബ്ദവുമായി സാമ്യമുണ്ടെന്ന് പറഞ്ഞ് യുവഗായകന് സംസ്ഥാന പുരസ്കാരം നിഷേധിച്ച വാർത്ത വലിയ വിവാദങ്ങള്‍ക്കാണ് വഴിവച്ചത്. ഭയാനകം എന്ന സിനിമയിലെ അഭിജിത്ത് വിജയൻ പാടിയ ‘കുട്ടനാടൻ കാറ്റു ചോദിക്കുന്നു’ എന്ന ഗാനമാണ് പുരസ്കാരത്തിനായി അവസാന റൗണ്ടിൽ എത്തിയത്. അഭിജിത്ത് യേശുദാസിനെ അനുകരിക്കാൻ ശ്രമിക്കുകയായിരുന്നുവെന്ന് ഭൂരിപക്ഷം അംഗങ്ങളും അഭിപ്രായപ്പെട്ടതോടെ അവാർഡ് മായാനദിയുടെ പേരില്‍ ഷഹബാസ് അമന് നൽകാൻ തീരുമാനിക്കുകയായിരുന്നുവെന്ന് ജൂറി അംഗം വെളിപ്പെടുത്തിയിരുന്നു. യുകെയിൽ പത്തോളം സ്റ്റേജുകളിൽ പ്രോഗ്രാം അവതരിപ്പിച്ചു യുകെ മലയാളികളുടെ ആരാധനാപാത്രമായി മാറിയ താരംകൂടിയാണ് അഭിജിത്
പ്രമുഖ ദിനപത്രത്തിന് നൽകിയ അഭിമുഖത്തിലാണ് അഭിജിത് മനസ് തുറന്നത്.സ്റ്റേറ്റ് അവാർഡിന്റെ അവസാന റൗണ്ടിൽ വരെ എത്തി നഷ്ടപ്പെട്ടതിനെ പറ്റി അഭിജിത് ഇങ്ങനെ പറഞ്ഞു തുടങ്ങി.യേശുദാസിന്റെ ശബ്ദവുമായി സാമ്യമുണ്ടെന്ന് എല്ലാവരും പറയാറുണ്ട്. സ്റ്റേജ് ഷോകളിലൊക്കെ പാടാറുണ്ട്. സത്യസന്ധമായി പറയാം. അനുകരിച്ചിട്ടില്ല. അദ്ദേഹം പാടിയ ഒരു പാട്ടാണെങ്കിൽ നമുക്ക് അതുപോലെ അനുകരിച്ചെന്നു പറയാം. ഇത് പക്ഷെ പുതിയ ഒരുപാട്ടല്ലേ? ഇതിൽ അർജുനൻ മാസ്റ്റർ പറഞ്ഞതു പോലെ തന്നെ പാടുകയായിരുന്നു.അങ്ങനെ അനുകരിച്ചെങ്കിൽ മാസ്റ്റർ തിരുത്തില്ലായിരുന്നോ? ദാസേട്ടനെക്കൊണ്ട് എത്രയെത്ര പാട്ടുകൾ അദ്ദേഹം പാടിച്ചിട്ടുണ്ട്. അദ്ദേഹത്തിന് സാമ്യം തോന്നിയില്ല. ചില ചാനലുകളിൽ ദാസേട്ടന്റെ ശബ്ദം പോലെതന്നെ എന്ന പറഞ്ഞ് എന്നെ അവതരിപ്പിച്ചിട്ടുണ്ട്. അതെല്ലാം എനിക്കിപ്പോൾ കുഴപ്പമായെന്നു തോന്നുന്നു. പക്ഷെ പുരസ്കാരം ലഭിച്ചിരുന്നെങ്കിൽ അനുകരിക്കുന്നു എന്നാക്ഷേപിക്കുന്നവർക്ക് നൽകാനൊരു മറുപടിയായേനെ. ഇതിപ്പോ ആണിയടിക്കുന്നതുപോലെയായി.
സൂര്യഫെസ്റ്റിന് തിരുവനന്തപുരത്ത് വച്ച് ദാസ് സാറിനെ കാണാൻ സാധിച്ചു. ഒന്നും പറയാൻ കഴിഞ്ഞില്ല. കാലിൽ വീണ് അനുഗ്രഹം തേടി. അദ്ദേഹത്തിന്റെ ശിഷ്യനായ രോഹിത്തേട്ടാനായിരുന്നു അതിന് അവസരമൊരുക്കിയത്. രോഹിത്തേട്ടൻ ഇത് അഭിജിത്ത് എന്ന് പറഞ്ഞപ്പോൾ അദ്ദേഹം തലയാട്ടി, എന്നിട്ട് എന്റെ തോളിൽ തട്ടി അഭിജിത് പറഞ്ഞു
വളരെ സാധാരണ കുടുംബത്തിലെ ഒരാളാണ് ഞാൻ. എന്റെ കുടുംബത്തിലാർക്കും സംഗീതവുമായി ഒരു ബന്ധവുമില്ല. കഴിഞ്ഞ രണ്ടുമൂന്ന് വർഷമായി പാട്ട് പഠിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ സംഗതികൾ അനുകരിച്ചു എന്നൊക്കെ പറയുമ്പോൾ എന്താണ് സംഗതി എന്നു പോലും എനിക്കറിയില്ല. പക്ഷെ ഇതുവരെ ഭക്തി ഗാനങ്ങളും മറ്റുമായി 2000ത്തോളം പാട്ടുകൾ ഇതുവരെ പാടിയിട്ടുണ്ട്.
ആദ്യമായി പാടുന്നത് ആകാശമിഠായിലാണ്. അത് ജയറാമേട്ടനുമായി ഉള്ള പരിചയമുള്ളതുകൊണ്ട് കിട്ടിയ ചാൻസാണ്. നടൻ സിദ്ധിക്കേട്ടൻ ഒരുപാട് സഹായിട്ടിച്ചുണ്ട്. എന്റെ പാട്ട് കേട്ടിട്ട് വിളിക്കുകയായിരുന്നു. സിനിമയിൽ ചാൻസ് നേടിത്തരാൻ അദ്ദേഹം ഒരുപാട് ശ്രമിച്ചിട്ടുണ്ട്. പക്ഷെ നടന്നില്ല. അദ്ദേഹം പറഞ്ഞിട്ടാണ് ജയറാമേട്ടൻ വിളിക്കുന്നത്. അങ്ങനെ ആകാശമിഠായിലാണ് ആദ്യമായി പാടുന്നത്.
അഭിജിത്തിന്‍റെ ശബ്ദത്തിന് യേശുദാസിന്‍രെ ശബ്ദവുമായി സാമ്യമുണ്ടെന്ന വാര്‍ത്ത അര്‍ജുനന്‍ മാസ്റ്ററും ഇന്നലെ നിഷേധിച്ചിരുന്നു. അത് അഭിജിത്തിന്‍റെ യഥാര്‍ഥ ശബ്ദമാണ് എന്നായിരുന്നു മാസ്റ്ററുടെ പ്രതികരണം.
Leave a Reply