ലണ്ടന്‍: യുകെയില്‍ അസിസ്റ്റഡ് ഡെത്തിനായി ക്ലിനിക്ക് വരുന്നു. ചാനല്‍ ഐലന്‍ഡിലെ ഗ്യുവെന്‍സിയിലായിരിക്കും ക്ലിനിക്ക് സ്ഥാപിക്കുകയെന്നാണ് വിവരം. ഇത് സംബന്ധിച്ച് മെയ് മാസത്തില്‍ തീരുമാനമുണ്ടാകും. ഒരിക്കലും തിരിച്ചുവരാനാകാത്ത വിധത്തിലുള്ള രോഗങ്ങള്‍ മൂലം കഷ്ടതയനുഭവിക്കുന്നവര്‍ക്ക് വിദഗ്ദ്ധ സഹായത്തോടെ സ്വയം മരണം വരിക്കാനുള്ള സൗകര്യമാണ് ഈ ക്ലിനിക്കില്‍ ലഭ്യമാകുക. മെയ് മാസത്തില്‍ ഇതിനായുള്ള വോട്ടെടുപ്പ് നടത്താന്‍ തീരുമാനമായതായി മിറര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. രോഗങ്ങളാലോ അപകടങ്ങള്‍ മൂലമോ ജീവച്ഛവമായി ദീര്‍ഘകാലം ചികിത്സയില്‍ കഴിയുന്നവര്‍ക്ക് നിയമവിധേയമായി മരണം വരിക്കാനുള്ള അവസരമാണ് ഇതിലൂടെ ലഭ്യമാക്കുന്നത്.

പദ്ധതിയനുസരിച്ച് 18 മാസത്തെ സമയം സ്വമേധയാ മരണം കാംക്ഷിച്ചെത്തുന്നവര്‍ക്ക് നല്‍കും. അതിനു ശേഷവും മരണം തെരഞ്ഞെടുക്കുന്നവര്‍ക്കുള്ള പ്രൊസീജിയറിന്റെ ചെലവ് ഐലന്‍ഡിന്റെ ഹെല്‍ത്ത് സര്‍വീസ് തന്നെ വഹിക്കും. യുകെയില്‍ 1961ലെ നിയമമനുസരിച്ച് ആത്മഹത്യ നിയമവിരുദ്ധമാണ്. ഗ്യുവെന്‍സി ഒരു ക്രൗണ്‍ ഡിപ്പെന്‍ഡന്‍സിയായതിനാല്‍ സ്വന്തമായി നിയമങ്ങള്‍ രൂപീകരിക്കാന്‍ അവകാശമുണ്ട്. യുകെയില്‍ ആത്മഹത്യക്ക് സഹായം നല്‍കുന്നത് 14 വര്‍ഷം തടവ് ലഭിക്കാവുന്ന കുറ്റകൃത്യമാണ്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

യുകെയില്‍ അസിസ്റ്റഡ് മരണത്തിനു വേണ്ടി നിയമനിര്‍മാണം നടത്തണമെങ്കില്‍ വെസ്റ്റമിന്‍സ്റ്ററിലെ മുതിര്‍ന്ന നേതാക്കളുടെ സമിതിയായ പ്രിവി കൗണ്‍സിലിന്റെ അനുവാദം ആവശ്യമാണ്. ഈ നിയമം ദുരുപയോഗം ചെയ്യപ്പെടാതിരിക്കാനായിരിക്കും ഈ സമിതി നടത്തുന്ന ചര്‍ച്ചയില്‍ പ്രാമുഖ്യം നല്‍കുക. നിലവില്‍ സ്വിറ്റ്‌സര്‍ലാന്‍ഡില്‍ മാത്രമാണ് വിദേശികള്‍ക്ക് അസിസ്റ്റഡ് ഡെത്തിന് സൗകര്യമുള്ളത്. സൂറിച്ചിലെ ഡിഗ്നിറ്റാസ് ഓര്‍ഗനൈസേഷന്‍ ഒരുക്കിയിരിക്കുന്ന ഈ കേന്ദ്രത്തിലേക്ക് ബ്രിട്ടനില്‍ നിന്ന് ഓരോ എട്ട് ദിവസത്തിലും ഒരാള്‍ വീതം പോകുന്നുണ്ടെന്നാണ് കണക്ക്.

ഇത്തരം സൗകര്യമൊരുക്കാന്‍ ബ്രിട്ടനിലെ ക്യാംപെയിനേഴ്‌സ് ആവശ്യമുന്നയിച്ചതിന്റെ പശ്ചാത്തലത്തിലാണ് പുതിയ നീക്കം. എന്നാല്‍ ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷന്‍ ഈ നിര്‍ദേശത്തെ എതിര്‍ക്കുകയാണ്. ഡിഗ്നിറ്റി ഇന്‍ ഡയിംഗ് എന്ന ക്യാംപെയിന്‍ ഗ്രൂപ്പ് നടത്തിയ സര്‍വേയില്‍ 53 ശതമാനം ബ്രിട്ടീഷുകാര്‍ അസിസ്റ്റഡ് മരണത്തിനായി സ്വിറ്റ്‌സര്‍ലാന്‍ഡില്‍ പോകുന്നതിന് താല്‍പര്യം പ്രകടിപ്പിച്ചതായി വ്യക്തമായിരുന്നു.