ഫാ. ബിജു കുന്നയ്ക്കാട്ട് പി.ആര്.ഒ
പ്രസ്റ്റണ്‍: വിശുദ്ധവാര തിരുക്കര്‍മ്മങ്ങള്‍ക്ക് ഗ്രേറ്റ് ബ്രിട്ടണ് രൂപതയുടെ വിവിധ ഭാഗങ്ങളില്‍ ഓശാന തിരുന്നാളില്‍ ഭക്തിസാന്ദ്രമായ തുടക്കം. വിവിധ സ്ഥലങ്ങളില്‍ ഇന്നലെയും ഇന്നുമായി നടന്ന ഓശാന കുര്‍ബാനയ്ക്കും കുരുത്തോല വെഞ്ചരിപ്പിനും വൈദികര്‍ നേതൃത്വം നല്കി. പ്രസ്റ്റണ്‍ സീറോമലബാര്‍ കത്തീഡ്രലില്‍ നടന്ന ആഘോഷമായ ഓശാനത്തിരുനാള്‍ തിരുക്കര്‍മ്മങ്ങള്‍ക്ക് മാര്‍ ജോസഫ് സ്രാമ്പിക്കല്‍ മുഖ്യകാര്‍മ്മികത്വം വഹിച്ചു. വികാരി ജനറാള്‍ റവ. ഡോ. മാത്യൂ ചൂരപൊയ്കയില്‍, സെക്രട്ടറി റവ. ഫാ. ഫാന്‍സ്വാ പത്തില്‍ തുടങ്ങിയവര്‍ സഹകാര്‍മ്മികരായിരുന്നു.
ഓശാന പാടി ‘ഞങ്ങളെ രക്ഷിക്കണമേ” എന്ന് വിശ്വാസത്തോടെ തന്നെ വിളിച്ചപേക്ഷിച്ച ജനങ്ങളോട് കരുണ കാണിച്ച ദൈവത്തെയാണ് ഓശാനത്തിരുന്നാളില്‍ നാം ഓര്‍മ്മിക്കുന്നതെന്ന് വചന സന്ദേശത്തില്‍ മാര്‍ സ്രാമ്പിക്കല്‍ വിശ്വാസികളെ ഓര്‍മ്മിപ്പിച്ചു. വിശ്വാസത്തിന്റെ കണ്ണോടുകൂടി ഈശോയെ കണ്ടവര്‍ക്കാണ് കഴുതപ്പുറത്തേറി വരുന്നത് ദൈവപുത്രനാണെന്ന് മനസിലാക്കാന്‍ സാധിച്ചതെന്നും അദ്ദേഹം പറഞ്ഞു. ബഹു. സിസ്റ്റേഴ്സ്, വൈദിക വിദ്യാര്‍ത്ഥികള്‍, നൂറുകണക്കിന് വിശ്വാസികള്‍ തുടങ്ങിയവര്‍ തിരുക്കര്‍മ്മങ്ങളില്‍ പങ്കുചേര്‍ന്നു.
ഗ്രേറ്റ് ബ്രിട്ടണില്‍ നടന്ന സീറോ മലബാര്‍ ഓശാന തിരുക്കര്‍മ്മങ്ങള്‍ക്ക് നാട്ടില്‍ നിന്നു കൊണ്ടുവന്ന കുരുത്തോല ആശീര്‍വദിച്ചു നല്‍കിയത് ഗൃഹാതുരത്വമുണര്‍ത്തുന്ന അനുഭവമായി. പല സ്ഥലങ്ങളിലും ഇത്തരം കുരുത്തോലകള്‍ വിതരണം ചെയ്തു. തുടര്‍ന്നുവരുന്ന ദിവസങ്ങളിലെ തിരുക്കര്‍മ്മങ്ങളും മിക്ക വിശുദ്ധ കുര്‍ബാന സെന്ററുകളിലും ക്രമീകരിച്ചിട്ടുണ്ട്. പ്രസ്റ്റണ്‍ കത്തീഡ്രല്‍ പെസഹാ വ്യാഴത്തിന്റെ തിരുക്കര്‍മ്മങ്ങള്‍ വൈകിട്ട് 6 മണിക്ക് വി. കുര്ബാനയോടു കൂടി ആരംഭിക്കും. കാല്‍കഴുകല്‍ ശുശ്രൂഷയ്ക്കും മറ്റു തിരുക്കര്‍മ്മങ്ങള്‍ക്കും രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ നേതൃത്വം നല്‍കും.
[…] March 26 06:20 2018 by News Desk 5 Print This Article […]
[…] March 26 06:20 2018 by News Desk 5 Print This Article […]