എന്‍എച്ച്എസ്, സോഷ്യല്‍ കെയര്‍ സര്‍വീസുകള്‍ക്ക് ആവശ്യമായ ഫണ്ട് ലഭ്യമാക്കാന്‍ നികുതി വര്‍ദ്ധിപ്പിക്കണമെന്ന് എംപിമാര്‍. പണം കണ്ടെത്താനുള്ള മാര്‍ഗ്ഗങ്ങളേക്കുറിച്ച് നിര്‍ദേശിക്കാന്‍ പുതിയ പാര്‍ലമെന്ററി കമ്മീഷന് രൂപം നല്‍കണമെന്ന് എംപിമാര്‍ ആവശ്യപ്പെട്ടു. നികുതി വര്‍ദ്ധന നടപ്പാക്കാന്‍ പ്രധാനമന്ത്രിക്കു മേല്‍ എംപിമാര്‍ സമ്മര്‍ദ്ദം ചെലുത്തുകയാണെന്നാണ് പുറത്തു വരുന്ന വിവരങ്ങള്‍. 21 സെലക്ട് കമ്മിറ്റി അധ്യക്ഷന്മാരാണ് ഇത് സംബന്ധിച്ച് പ്രധാനമന്ത്രിക്ക് നല്കിയ കത്തില്‍ ഒപ്പിട്ടിരിക്കുന്നത്.
രാഷ്ട്രീയ വ്യതിയാനങ്ങള്‍ നോക്കാതെ എന്‍എച്ച്എസ്, സോഷ്യല്‍ കെയര്‍, പബ്ലിക് ഹെല്‍ത്ത് മേഖലകളുടെ ഉന്നമനത്തിനായുള്ള ഈ നടപടിക്കായി സര്‍ക്കാരിനോട് ആവശ്യപ്പെടാമെന്ന് പബ്ലിക് ഹെല്‍ത്ത് ആന്‍ഡ് സോഷ്യല്‍ കെയര്‍ കമ്മിറ്റി അധ്യക്ഷ സാറ വോളാസ്റ്റണ്‍ പറഞ്ഞു. ഒരു സെലക്റ്റ് കമ്മിറ്റിതന്നെയായ കമ്മീഷന് ഉടന്‍ തന്നെ രൂപീകരിക്കണമെന്നും അടുത്ത ഈസ്റ്ററിനുള്ളില്‍ നിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കണമെന്നും പ്രധാനമന്ത്രിക്ക് നല്കിയ കത്തില്‍ ആവശ്യപ്പെടുന്നു.
എന്‍എച്ച്എസ്, പബ്ലിക് ഹെല്‍ത്ത്, സോഷ്യല്‍ കെയര്‍ സംവിധാനങ്ങള്‍ ഇപ്പോള്‍ ശേഷിക്കും അപ്പുറത്താണ് പ്രവര്‍ത്തിക്കുന്നതെന്നും വളരെ മോശമായാണ് ഇവ പരിപാലിക്കപ്പെടുന്നതെന്നും 98 പേര് ഒപ്പുവെച്ച കത്ത് പറയുന്നു. വര്‍ദ്ധിച്ചു വരുന്ന ആവശ്യങ്ങള്‍ക്കും സമ്മര്‍ദ്ദങ്ങള്‍ക്കും അനുസരിച്ച് പ്രവര്‍ത്തിക്കാനും പുതിയ മരുന്നുകള്‍ സാങ്കേതികതകള്‍ എന്നിവ സ്വായത്തമാക്കാനുമുള്ള ശേഷി ഇവയ്ക്കില്ലെന്നും കത്ത് വ്യക്തമാക്കുന്നു. സോഷ്യല്‍ കെയര്‍ ഫണ്ടിംഗില്‍ സര്‍ക്കാര്‍ ഒരു ഗ്രീന്‍ പേപ്പര്‍ തയ്യാറാക്കിക്കൊണ്ടിരിക്കുകയാണ്. സമ്മറില്‍ ഇത് പുറത്തിറക്കാനാണ് ഉദ്ദേശിക്കുന്നത്. എന്നാല്‍ കുറച്ചു കൂടി വിശാലമായ സമീപനമാണ് ആവശ്യമെന്ന് എംപിമാര്‍ പറയുന്നു.
Leave a Reply