ബിനോയി ജോസഫ്.

ദാരുണമായ ദുരന്തത്തിൽ കൊല്ലപ്പെട്ടത് കുടുംബനാഥൻ… തന്റെ പ്രിയതമന്റെ വേർപാടിൽ വേദന അനുഭവിക്കുന്ന മിനിയും സ്നേഹമയനായ പിതാവിനെ നഷ്ടപ്പെട്ട കിംബർലിയും ആഞ്ചലയും ലോകത്തിന് നല്കുന്നത് കരുണയുടെയും ക്ഷമയുടെയും സന്ദേശം… പോൾ ജോണിന്റെ മരണത്തിലൂടെ സ്വന്തം കുടുംബത്തിലുണ്ടായ നഷ്ടത്തിൽ അവർ ആശ്വാസം കണ്ടെത്തിയത് ക്രൈസ്തവ മൂല്യങ്ങളെ മുറുകെപ്പിടിച്ചു കൊണ്ടായിരുന്നു… അപകടത്തിൽ മസ്തിഷ്ക മരണം സംഭവിച്ച പോളിന്റെ അവയവങ്ങൾ ദാനം ചെയ്തു കൊണ്ട് ലോകത്തിനു മാതൃക നല്കിയ കുടുംബം, ഇടിച്ചു വീഴ്ത്തിയ ഡ്രൈവർക്ക് മാപ്പു നല്കണമെന്ന് കോടതിയിൽ അപേക്ഷ നല്കി… കുടുംബത്തിന്റെ അസാമാന്യമായ കരുണയെയും ക്രൈസ്തവ മൂല്യങ്ങൾ ജീവിതത്തിൽ പ്രാവർത്തികമാക്കുന്ന മാതൃകയെയും എടുത്തു പറഞ്ഞ ജഡ്ജ് കുറ്റക്കാരനായ ഡ്രൈവർക്ക് ലഭിക്കാമായിരുന്ന ശിക്ഷ ഒഴിവാക്കി.

2017 മാർച്ച് 14 നാണ് യുകെയിലെ മലയാളികളെ മുഴുവൻ നടുക്കിയ അപകടം നടന്നത്. മാഞ്ചസ്റ്ററിലെ  വിതിൻഷോയിൽ വച്ച് പോൾ ജോണിനെ കാർ ഇടിച്ചു തെറുപ്പിക്കുകയായിരുന്നു. കൂടെയുണ്ടായിരുന്ന പത്തു വയസുകാരിയായ മകളെ സുരക്ഷിതമായ സ്ഥാനത്തേയ്ക്ക് തള്ളി മാറ്റിയെങ്കിലും പാഞ്ഞു വന്ന കാർ പോളിന്റെ ജീവനെടുത്തു. വിതിൻഷോയിലുള്ള സ്കൂളിൽ നിന്നും മകളെയും കൂട്ടി വീട്ടിലേയ്ക്ക് പോകുമ്പോഴാണ് കാർ പാഞ്ഞു വന്ന് പോളിനെ ഇടിച്ചത്. കാർ വരുന്നതു കണ്ട് തള്ളി മാറ്റിയതു കൊണ്ട് മകൾക്ക് നിസാര പരിക്കുകൾ മാത്രമേ ഏറ്റുള്ളൂ. പോളിനെ ഉടൻ തന്നെ ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. മസ്തിഷ്ക മരണം സംഭവിച്ചതിനെ തുടർന്ന് അവയവങ്ങൾ ദാനം ചെയ്യാൻ പോൾ ജോണിന്റെ കുടുംബം അനുമതി നല്കി.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

47 കാരനായ പോളിനെയും മകളെയും കൂടാതെ മറ്റു രണ്ടു പേരെയും അതേ കാർ ഇടിച്ചിട്ടിരുന്നു. പോളിന്റെ മകൾ ആഞ്ചല ജോണിന് ചെറിയ മുറിവുകൾ മാത്രമേ പറ്റിയിരുന്നുള്ളു. അപകടത്തിൽ പെട്ട 27കാരിയായ സ്ത്രീയുടെ കൈയൊടിഞ്ഞെങ്കിലും കൂടെ പുഷ്ചെയറിൽ ഉണ്ടായിരുന്ന രണ്ടു വയസുള്ള മകൻ പരിക്കുകളില്ലാതെ അൽഭുതകരമായി രക്ഷപ്പെട്ടു. സെൻറ് തോമസ് മൂർ കാത്തലിക്ക് പ്രൈമറി സ്കൂളിനടുത്താണ് കിയാ പികാന്റൊ കാർ അപകടം സൃഷ്ടിച്ചത്. തലയ്ക്ക് മുറിവേറ്റ പോളിനെ സാൽഫോർഡിലെ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചെങ്കിലും ബ്ലീഡിംഗ് നിയന്ത്രിക്കാനാവാതെ മസ്തിക മരണം സംഭവിച്ചതായി ഡോക്ടർമാർ പ്രഖ്യാപിക്കുകയായിരുന്നു.

ബർണേജ് സ്വദേശിയായ 89 കാരനായ എഡ് വാർഡ് വീലാനാണ് അപകടകരമായ രീതിയിൽ കാറോടിച്ച് ദുരന്തം വരുത്തിവെച്ചത്. മുന്നിൽ ബ്രേക്ക് ചെയ്ത കാറിനെ ഇടതു വശത്തുകൂടി മറികടക്കാനായി പേവ്മെൻറിലൂടെ കാർ കയറ്റിയ വീലാൻ സ്ത്രീയെയും പുഷ്ചെയറിലുണ്ടായിരുന്ന കുട്ടിയെയും ഇടിച്ചു. തുടർന്ന് മുന്നോട്ട് പോകുന്നതിനിടയിൽ മകളോടൊപ്പം റോഡ് ക്രോസ് ചെയ്യുകയായിരുന്ന പോളിനെ ഇടിച്ചു വീഴ്ത്തുകയായിരുന്നു. വുഡ് ഹൗസ് ലെയിൻ ജംഗ്ഷനിൽ ഹോളി ഹെഡ്ജ് റോഡിൽ വച്ചാണ് അപകടം നടന്നത്. മാഞ്ചസ്റ്റർ എയർപോർട്ടിലെ സ് കൈ ഷെഫ് എന്ന സ്ഥാപനത്തിലാണ് പോൾ ജോലി ചെയ്തിരുന്നത്. കോട്ടയം കൂടല്ലൂർ സ്വദേശിയായ പോളിന്റെ പത്നി മിനി വിതിൻഷോ ഹോസ്പിറ്റലിൽ ആണ് ജോലി ചെയ്യുന്നത്. മൂത്ത മകൾ കിംബർലി മാഞ്ചസ്റ്ററിലെ വാലി റേഞ്ച് സ്കൂളിലും ഇളയ മകൾ ആഞ്ചല ആറാം ക്ലാസിലും പഠിക്കുന്നു. വിതിൻ ഷോയിലെ സെൻറ് എലിസബത്ത് ചർച്ചിലെ സജീവ പ്രവർത്തകരാണ് പോൾ ജോണിന്റെ കുടുംബം.

സർജറിയ്ക്കു ശേഷമുള്ള ഒരു ഹോസ്പിറ്റൽ അപ്പോയിന്റ്മെൻറിനു ശേഷം വീട്ടിലേയ്ക്കു തിരിച്ചു പോവുകയായിരുന്നു എഡ് വാർഡ് വീലാൻ. ലോക്കോമോട്ടീവുകളും സ്റ്റീം ട്രെയിൻ ഉൾപ്പെടെയുള്ള അതിവേഗ ട്രെയിനുകളും ഓടിച്ച് 50 വർഷത്തോളം ഡ്രൈവറായി ജോലി ചെയ്ത വീലാന് ലൈസൻസിൽ ഒരു പോയിന്റു പോലും ലഭിച്ചിട്ടില്ല. ഉണ്ടായ ദുരന്തത്തിൽ അത്യന്തം ദു:ഖിതനായിരുന്നു വീലാൻ. അപകടമുണ്ടാക്കിയ ഡ്രൈവർക്ക് മാപ്പു നല്കണമെന്ന് പോളിന്റെ കുടുംബം ജഡ്ജിക്ക് അപേക്ഷ നല്കിയിരുന്നു.  അപേക്ഷ പരിഗണിച്ച കോടതി ലഭിക്കാമായിരുന്ന 16 മാസം തടവ് ഒഴിവാക്കുകയായിരുന്നു. ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കുകയും ചെയ്തിരുന്നു.