ബ്രിട്ടനിലെ ഏറ്റവും പ്രായം കൂടിയ മുത്തശ്ശന്മാരായ റോബര്‍ട്ട് വെയ്റ്റണും, ആല്‍ഫ് സ്മിത്തും ജനിക്കുന്നത് 1908 മാര്‍ച്ച് 29നാണ്. ഈ ദീര്‍ഘായുസ്സിന്റെ രഹസ്യമെന്തെന്ന് ചോദിച്ചാല്‍ ഇരുവരും പോറിഡ്ജും സന്തോഷപൂര്‍ണമായ ജീവിതവുമെന്ന് മറുപടി പറയും. ഇരുവരും തമ്മില്‍ ഇതുവരെ കണ്ടിട്ടില്ലെങ്കിലും ജന്മദിനാശംസകള് അറിയിച്ചുകൊണ്ടുള്ള കത്തുകള്‍ കൈമാറാറുണ്ട്. രണ്ട് ലോക മഹായുദ്ധങ്ങള്‍ക്കും 29 ജനറല്‍ ഇലക്ഷനുകള്‍ക്കും സാക്ഷ്യം വഹിച്ച ഈ മുത്തശ്ശന്മാരില് ആരാണ് ആദ്യം ജനിച്ചതെന്ന കാര്യം പക്ഷേ വ്യക്തമല്ല. റോബര്‍ട്ട് വെയ്റ്റണ് ഒരു എന്‍ജിനീയറായിരുന്നു. ഭാഗ്യം പിന്തുണച്ചവരില്‍ ഒരാള്‍ മാത്രമാണ് തനെന്നും അദ്ദേഹം പറയുന്നു.
ജീവിതത്തില്‍ സന്തോഷമായിരിക്കുക അല്ലെങ്കില്‍ ചിരിച്ചുകൊണ്ടിരിക്കുകയെന്നത് വളരെ പ്രധാനപ്പെട്ട ഒന്നാണ്. ലോകത്തിലെ വലിയ പ്രശ്നങ്ങള്‍ക്ക് കാരണം ആളുകള്‍ അതിഗൗരവം നടിക്കുന്നതാണെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. ജപ്പാന്, തായ്വാന്, കാനഡ തുടങ്ങിയ രാജ്യങ്ങളില്‍ ജീവിച്ചിട്ടുള്ള വെയ്റ്റണ് ഹാംപ്ഷയറിലെ ആല്‍ട്ടണിലുല്ള കെയര്‍ ഹോമിലാണ് ഇപ്പോള്‍ താമസിക്കുന്നത്. മൂന്ന് മക്കളുടെ പിതാവായ ഇദ്ദേഹത്തിന് 10 പേരക്കുട്ടികളും അവരുടെ 25 മക്കളും ചേര്‍ന്ന ഒരു വലിയ കുടുംബം തന്നെ കൂടെയുണ്ട്.
ആല്‍ഫ് സ്മിത്ത് തന്റെ നാല് സഹോദരന്മാരോടപ്പം 1927ല്‍ കാനഡയിലേക്ക് കുടിയേറിയെങ്കിലും അഞ്ച് വര്‍ഷത്തിന് ശേഷം ജന്മനാട്ടിലേക്ക് തിരികെ വന്നു. പിന്നീട് തന്റെ സഹോദരന് ജോര്‍ജിനു വേണ്ടി ചരക്കു വണ്ടികള്‍ ഓടിച്ചായിരുന്നു ജീവിത മാര്‍ഗം കണ്ടെത്തിയിരുന്നത്. രണ്ടാം ലോക മഹായുദ്ധത്തില്‍ ഹോം ഗാര്‍ഡായി സേവനം അനുഷ്ഠിച്ചിട്ടുള്ള സ്മിത്തിന്റെ വിവാഹം നടക്കുന്നത് അദ്ദേഹത്തിന് ഏതാണ്ട് 29 വയസ്സ് പ്രായമുള്ളപ്പോഴാണ്. ഭാര്യ ഇസബെല്‍ സ്മിത്ത് പതിനാല് വര്‍ഷങ്ങള്‍ക്ക് മുന്‍പ് മരണപ്പെട്ടു. 97 വയസ്സായിരുന്നു. സ്മിത്തും ഇസബെല്ലും ചേര്‍ന്ന് കിന്‍ഫൗണ്‍സില്‍ ഒരു ഫാം നടത്തിയിരുന്നു. അവിടെയാണ് അവരുടെ മക്കളായ ഐറിനും അലനും വളരുന്നത്. മകന് അലന് 40 വര്‍ഷക്കാലത്തോളം പിതാവിനൊപ്പം ഫാമില്‍ ജോലിയെടുത്തു. 2016ല്‍ അലന് മരണപ്പെടുകയും ചെയ്തു.
70-ാം വയസ്സില്‍ ജോലിയില്‍ നിന്ന് റിട്ടയര്‍ ചെയ്തെങ്കിലും 80 വയസ്സുവരെ ഫാമില്‍ പോകുകയും അത്യാവശ്യം ചെറുപണികളൊക്കെ സ്മിത്ത് ചെയ്യുമായിരുന്നു. കഴിഞ്ഞ വര്‍ഷം നടന്ന ഒരു അഭിമുഖത്തില്‍ ഇത്രയും പ്രായമായിട്ടും ആരോഗ്യത്തോടെ ജീവിച്ചിരിക്കുന്നതിന്റെ രഹസ്യമെന്തെന്ന് ചോദിച്ചപ്പോള്‍ പോറിഡ്ജെന്നായിരുന്നു സ്മിത്തിന്റെ മറുപടി. ഇഷ്ടപ്പെട്ട ജോലി ചെയ്യുന്നതും ആരോഗ്യ സംരക്ഷണത്തിന് ഉതകുമെന്നും സ്മിത്ത് കൂട്ടിച്ചേര്‍ത്തു.
Leave a Reply