ഡെസ്‌കിനടിയില്‍ നിരീക്ഷണോപകരണം സ്ഥാപിച്ച നടപടിയില്‍ ഡോക്ടര്‍മാരുടെ പ്രതിഷേധം. ഹള്‍ റോയല്‍ ഇന്‍ഫേമറിയിലാണ് പ്രതിഷേധവുമായി ഡോക്ടര്‍മാര്‍ രംഗത്തെത്തിയത്. ഡോക്ടര്‍മാരുടെ ഡെസ്‌കുകള്‍ക്ക് അടിയില്‍ ഒക്യുപ്പൈ ഓട്ടോമേറ്റഡ് വര്‍ക്ക്‌സ്‌പേസ് യൂട്ടിലൈസേഷന്‍ അനാലിസിസ് ഡിവൈസ് എന്ന ഉപകരണമായിരുന്നു സ്ഥാപിച്ചിരുന്നത്. ജോലിസ്ഥലങ്ങള്‍ കാര്യക്ഷമമായി വിനിയോഗിക്കുന്നുണ്ടോ എന്ന് നിരീക്ഷിക്കുന്നതിനായാണ് ഈ ഉപകരണം സ്ഥാപിച്ചതെന്ന് ഹള്‍ ആന്‍ഡ് ഈസ്റ്റ് യോര്‍ക്ക്ഷര്‍ ഹോസ്പിറ്റല്‍സ് എന്‍എച്ച്എസ് ട്രസ്റ്റ് അറിയിച്ചു. ഹോസ്പിറ്റല്‍ കണ്‍സള്‍ട്ടന്റ്‌സ് ആന്‍ഡ് സ്‌പെഷ്യലിസ്റ്റ്‌സ് അസോസിയേഷനാണ് ഇതിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയത്. അതേസമയം ഉപകരണം സ്ഥാപിച്ചതിനെക്കുറിച്ച് അറിയാമായിരുന്നെന്നും തങ്ങളുടെ അംഗങ്ങള്‍ ഇതേക്കുറിച്ച് ആശങ്കയറിയിച്ചിട്ടില്ലെന്നുമായിരുന്നു യൂണിസണ്‍ പ്രതികരിച്ചത്.

ഡോക്ടര്‍മാര്‍ക്ക് നോട്ടീസ് നല്‍കാതെ ഉപകരണം സ്ഥാപിച്ചതില്‍ വിശദീകരണമാവശ്യപ്പെട്ട് ട്രസ്റ്റിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ക്രിസ് ലോംഗിന് എച്ച്‌സിഎസ്എ കത്തയച്ചു. ഡോക്ടര്‍മാരുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണ് ഈ നിരീക്ഷണോപകരണം സ്ഥാപിച്ചതിലൂടെ ട്രസ്റ്റ് ചെയ്യുന്നതെന്ന് എച്ച്‌സിഎസ്എ നാഷണല്‍ ഓഫീസര്‍ ഫോര്‍ ഈസ്റ്റ് യോര്‍ക്ക്ഷയര്‍, ആന്‍ഡ്രൂ ജോര്‍ദാന്‍ പറഞ്ഞു. ഡോക്ടര്‍മാരുടെ ജോലിയില്‍ ചാരപ്രവര്‍ത്തനം നടത്താനാണ് ഇതിലൂടെ ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഡേറ്റ പ്രൊട്ടക്ഷന്‍ നിയമത്തിന്റെ ലംഘനമാണോ ഇതിലൂടെ നടക്കുന്നതെന്ന് പരിശോധിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

കുറച്ച് വിവേകം കാണിക്കണമെന്നും വല്യേട്ടന്‍ മനോഭാവത്തോടെയുള്ള നിരീക്ഷണം അവസാനിപ്പിക്കണമെന്നുമാണ് ട്രസ്റ്റ് മാനേജ്‌മെന്റിനോട് തങ്ങള്‍ക്ക് പറയാനുള്ളത്. പുതിയ നിയമനങ്ങള്‍ നടത്തുകയും അതിനായി മുതല്‍മുടക്കുകയുമാണ് വേണ്ടത്. അല്ലാതെ നിലവിലുള്ള ജീവനക്കാരുടെ മനോവീര്യം കെടുത്തുന്ന ഇത്തരം നടപടികളല്ലെന്നും ജോര്‍ദാന്‍ വ്യക്തമാക്കി. ജോലിയില്‍ ഞങ്ങള്‍ പ്രതീക്ഷിക്കുന്ന ഒരു അന്തസുണ്ട്. രോഗികളുടെ കാര്യത്തിലാണ് പരിപൂര്‍ണ്ണ ശ്രദ്ധ ഞങ്ങള്‍ കൊടുക്കേണ്ടത്. എന്നാല്‍ ഇപ്പോള്‍ മാനേജ്‌മെന്റ് ഈ ഉപകരണത്തിലൂടെ ശേഖരിക്കുന്ന വിവരങ്ങളേക്കുറിച്ചാണ് തങ്ങള്‍ കൂടുതല്‍ സമയവും ചിന്തിക്കുന്നതെന്നായിരുന്നു പേര് വെളിപ്പെടുത്താത്ത ഒരു ഡോക്ടര്‍ പറഞ്ഞത്.