ക്ലിനിക്കുകള്‍ക്ക് മുന്‍പില്‍ അബോര്‍ഷനെതിരായ പ്രതിഷേധവുമായി എത്തുന്നത് നിരോധിച്ചു. ലണ്ടനിലെ ഈലിംഗ് കൗണ്‍സിലാണ് പുതിയ നിയമം കൊണ്ടുവന്നിരിക്കുന്നത്. അബോര്‍ഷന്‍ ക്ലിനിക്കുകള്‍ക്കു മുന്നില്‍ പ്രതിഷേധങ്ങള്‍ നിരോധിച്ചുകൊണ്ടുള്ള യുകെയിലെ ആദ്യത്തെ ഉത്തരവാണ് പുറത്ത് വന്നിരിക്കുന്നത്. അബോര്‍ഷനെതിരെ പോസ്റ്ററുകളും മുദ്രാവാക്യങ്ങളുമായി ക്ലിനിക്കുകളിലെ ഗേറ്റുകള്‍ കീഴടക്കാറുള്ള പ്രതിഷേധക്കാര്‍ നിരന്തരം പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നതായി കണ്ടെത്തിയതോടെയാണ് പുതിയ നിയമം കൊണ്ടു വന്നിരിക്കുന്നത്. കൗണ്‍സില്‍ അംഗങ്ങള്‍ ഐകകണ്ഠ്യേനയാണ് പുതിയ തീരുമാനം കൈകൊണ്ടിരിക്കുന്നത്. ക്ലിനിക്കുകളിലെത്തുന്ന സ്ത്രീകളുടെ സാമൂഹിക സുരക്ഷിതത്വം, സ്വകാര്യത തുടങ്ങിയവ പരിഗണിച്ചാണ് പുതിയ നിയമം കൊണ്ടുവന്നിരിക്കുന്നത്.


പല പ്രമുഖ ക്ലിനിക്കുകളിലും പ്രതിഷേധക്കാര്‍ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ക്ലിനിക്കുകളിലെത്തുന്ന സ്ത്രീകളെ ബുദ്ധിമുട്ടിലാക്കുകയും ചെയ്തിട്ടുണ്ട്. മുദ്രാവാക്യങ്ങളും പോസ്റ്ററുകളും അബോര്‍ഷന് തയ്യാറെടുക്കുന്നവര്‍ക്ക് പലപ്പോഴും മാനസിക ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുന്നവയായിരിക്കും. പുതിയ നിയമ പ്രകാരം ക്ലിനിക്കുകളുടെ 100 മീറ്റര്‍ പരിധിയില്‍ പ്രതിഷേധ പരിപാടികള്‍ നടത്താനോ സംഘം ചേരാനോ പാടില്ല. മാത്രമല്ല നിശ്ചിത പരിധിക്കകത്ത് അബോര്‍ഷനെക്കുറിച്ചുള്ള വീഡിയോ ദൃശ്യങ്ങള്‍ കാണിക്കുക, ഓഡിയോ കേള്‍പ്പിക്കുക തുടങ്ങിവയും നിരോധിച്ചിട്ടുണ്ട്. നിയമം ലംഘിച്ച് 100 മീറ്റര്‍ പരിധിക്കുള്ളില്‍ പ്രതിഷേധം സംഘടിപ്പിക്കുന്നവരെ അറസ്റ്റ് ചെയ്ത് കേസെടുക്കും. നിയമാനുസൃതമായി ക്ലിനിക്കുകളില്‍ അബോര്‍ഷനെത്തുന്നവരെ അപമാനിക്കുന്നതാണ് പ്രതിഷേധകര്‍ ചെയ്യുന്നതെന്ന് മരിയ സ്റ്റോപ്‌സ് യുകെ മാനേജിംഗ് ഡയറക്ടര്‍ റിച്ചാര്‍ഡ് ബെന്‍ഡ്‌ലി ആരോപിച്ചു.

ഇത്തരം സംഭവങ്ങളെ പ്രതിഷേധമായി കാണാന്‍ കഴിയില്ല. സ്ത്രീകളെ അപമാനിക്കാനും പരിഹസിക്കാനുമായിട്ടാണ് ചിലര്‍ തങ്ങളുടെ ഗേറ്റില്‍ ഒത്തുകൂടുന്നതെന്ന് റിച്ചാര്‍ഡ് ബെന്‍ഡ്‌ലി വിമര്‍ശിക്കുന്നു. കഴിഞ്ഞ കുറേ മാസങ്ങളായുള്ള പ്രതിഷേധ പരിപാടികളും സമര രീതികളും സംബന്ധിച്ച വിശദമായ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് കൗണ്‍സില്‍ പുതിയ നിയമത്തി്‌ന് അംഗീകാരം നല്‍കിയിരിക്കുന്നത്. വെസ്റ്റ് ലണ്ടനിലെ ഒരു ക്ലിനിക്കില്‍ നടന്ന പ്രതിഷേധ പരിപാടിയില്‍ ഒരു സംഘം പോസ്റ്ററുകള്‍ ഉയര്‍ത്തുകയും ചികിത്സയ്‌ക്കെത്തിയ സ്ത്രീകളെ കൊലയാളികളെന്നും വിളിച്ചിരുന്നു. ഇതില്‍ പരാതിയുയര്‍ന്നതിന്റെ അടിസ്ഥാനത്തിലാണ് പുതിയ നിയമം വന്നിരിക്കുന്നത്. യുകെയിലെ ക്ലിനിക്കുകളില്‍ വര്‍ഷത്തില്‍ 7000ത്തോളം അബോര്‍ഷനുകള്‍ നടക്കുന്നുണ്ടെന്നാണ് കണക്ക്.