ഭരണത്തിലെത്തിയാല്‍ ബ്രിട്ടനിലെ 25 വയസില്‍ താഴെ പ്രായമുള്ളവര്‍ക്ക് ബസുകളില്‍ സൗജന്യയാത്ര നല്‍കാനുള്ള പദ്ധതിയുമായി ലേബര്‍. പാര്‍ട്ടി നേതാവ് ജെറമി കോര്‍ബിന്‍ ഈ പദ്ധതിയുടെ വിശദാംശങ്ങള്‍ ഇന്ന് പ്രഖ്യാപിക്കും. പണം മിച്ചം പിടിക്കാനും പൊതുഗതാഗത സംവിധാനങ്ങള്‍ ഉപയോഗിക്കാനും ഇത് യുവതലമുറയെ പ്രേരിപ്പിക്കുമെന്ന് കോര്‍ബിന്‍ പറഞ്ഞു. 13 മില്യന്‍ ആളുകള്‍ക്കാണ് ഈ പദ്ധതിയുടെ ഗുണം ലഭിക്കുക. പ്രതിവര്‍ഷം ഓരോരുത്തര്‍ക്കും 1000 പൗണ്ട് വീതം ഇതിലൂടെ മിച്ചംപിടിക്കാന്‍ കഴിയുമെന്ന് ലേബര്‍ അവകാശപ്പെടുന്നു. വാഹന എക്‌സൈസ് ഡ്യൂട്ടി വര്‍ദ്ധിപ്പിക്കുന്നതിലൂടെ ഇതിനുള്ള ധനം കണ്ടെത്താനാകുമെന്നാണ് പാര്‍ട്ടി അവകാശപ്പെടുന്നത്.

ലണ്ടനിലെ മാതൃകയില്‍ പൊതു ഉടമസ്ഥതയിലുള്ള ബസ് സര്‍വീസുകള്‍ ആരംഭിക്കാന്‍ കൗണ്‍സിലുകള്‍ തയ്യാറായാല്‍ ആ സര്‍വീസുകളിലും സൗജന്യ യാത്രാ സൗകര്യം 25 വയസില്‍ താഴെ പ്രായമുള്ളവര്‍ക്ക് ലഭിക്കും. ഈ പദ്ധതി സ്വന്തമായി ബസ് കമ്പനികള്‍ ആരംഭിക്കാന്‍ കൗണ്‍സിലുകളെ പ്രേരിപ്പിക്കുമെന്നും ലേബര്‍ പറഞ്ഞു. ജനങ്ങള്‍ക്ക് 276 മില്യന്‍ പൗണ്ട് പ്രതിവര്‍ഷം ലാഭിക്കാന്‍ ഇതിലൂടെ സാധിക്കും. ഡെര്‍ബിയില്‍ വെച്ച് ഇതിന്റെ പ്രഖ്യാപനം കോര്‍ബിന്‍ നടത്തുമെന്നാണ് കരുതുന്നത്. എട്ട് വര്‍ഷമായി ടോറികള്‍ നടപ്പില്‍ വരുത്തിയിരിക്കുന്ന നടപടികള്‍ മൂലം യുവജനതയുടെ വരുമാനം നിലച്ചിരിക്കുകയാണ്. അവര്‍ക്ക് തൊഴിലവസരങ്ങള്‍ ലഭിക്കുന്നില്ല. വീടുകള്‍ വാങ്ങാനും കഴിയാത്ത അവസ്ഥയാണ്. ഇതില്‍ നിന്ന് ഒരു മാറ്റം ആവശ്യമാണെന്ന് കോര്‍ബിന്‍ പ്രഖ്യാപനത്തില്‍ പറയും.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഈ വാഗ്ദാനം ട്രഷറിക്ക് പ്രതിവര്‍ഷം 1.4 ബില്യന്‍ പൗണ്ടിന്റെ ബാധ്യതയുണ്ടാക്കുമെന്നാണ് വിലയിരുത്തുന്നത്. അതേസമയം ലേബറിന്റെ കണക്കുകള്‍ അനുസരിച്ചു തന്നെ ഇത് വര്‍ഷത്തില്‍ 13 ബില്യന്റെ ബാധ്യതയുണ്ടാക്കുമെന്ന് വ്യക്തമാണെന്നായിരുന്നു കണ്‍സര്‍വേറ്റീവ് പ്രതികരിച്ചത്. വെഹിക്കിള്‍ എക്‌സൈസ് ഡ്യൂട്ടിയില്‍ നിന്ന് ലഭിക്കുന്ന വരുമാനത്തിന്റെ അഞ്ചിലൊന്ന് ഇതിനായി ചെലവഴിക്കേണ്ടി വരും. 2022ഓടെ ഈ റവന്യൂ 6.7 ബില്യനായി ഉയരുമെന്നാണ് കരുതുന്നത്. റോഡുകള്‍ നിര്‍മിക്കാനും മറ്റും വകയിരുത്തിയിരിക്കുന്ന ഈ ഫണ്ട് മറ്റു വിധത്തില്‍ ഉപയോഗിക്കുന്നത് ഗവണ്‍മെന്റിന്റെ കടം വര്‍ദ്ധിപ്പിക്കുമെന്ന വിമര്‍ശനവും ഉയരുന്നുണ്ട്.