മലയാളം യുകെ ന്യൂസ് സ്‌പെഷ്യല്‍

ഇന്ത്യന്‍ ക്രിക്കറ്റ് പ്രേമികള്‍ വളരെ ആവേശത്തോടെ കാത്തിരുന്നതും ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രത്തില്‍ ഇടംപിടിക്കേണ്ടതുമായിരുന്ന രണ്ട് പ്രമുഖ മത്സരങ്ങളാണ് മതിയായ കാരണങ്ങളില്ലാതെ കഴിഞ്ഞ ദിവസം ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് ഉപേക്ഷിച്ചത്. ക്രിക്കറ്റ് ലോകത്തേ അതികായകരും പാരമ്പര്യമുള്ളവരുമായ ഓസ്‌ട്രേലിയ, വെസ്റ്റ് ഇന്‍ഡീസ് ടീമുകളുമായുള്ള പകല്‍-രാത്രി മത്സരങ്ങളാണ് ബിസിസിഐ ഉപേക്ഷിച്ചത്.

പുറമേ പറയുന്ന കാരണങ്ങള്‍ മറ്റു പലതാണെങ്കിലും രാത്രി മത്സരങ്ങള്‍ക്ക് തയ്യാറാകാത്ത കളിക്കാരുടെ താല്‍പര്യങ്ങളാണ് ഇത്തരത്തിലൊരു തീരുമാനത്തിന് പിന്നിലെന്നാണ് പിന്നാമ്പുറ വാര്‍ത്ത. ക്രിക്കറ്റ് ലോകത്തു നിന്നു ലഭിക്കുന്ന അളവില്ലാത്ത പ്രശസ്തിയും പണവും കൈവന്നു കഴിയുമ്പോള്‍ പല കളിക്കാര്‍ക്കും ക്രിക്കറ്റിനേക്കാള്‍ കൂടുതല്‍ താല്‍പര്യം രാത്രി പാര്‍ട്ടികളിലും മറ്റ് ഉല്ലാസങ്ങളിലുമാണ്. മലയാളിയായ ഒരു പ്രമുഖ ക്രിക്കറ്റ് താരത്തിന്റെ കരിയറിന് അന്ത്യം കുറിച്ചതും ഇത്തരം താല്‍പര്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കിയതാണ്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

പകല്‍ രാത്രി മത്സരങ്ങള്‍ കളിക്കാരുടെ രാത്രി സമയങ്ങളിലേ ഉല്ലാസസമയം കവര്‍ന്നെടുക്കുമെങ്കിലും ക്രിക്കറ്റ് പ്രേമികള്‍ക്ക് കളി കാണാനും ആസ്വദിക്കാനും കൂടുതല്‍ അനുയോജ്യമാണ്. ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡിന് പരസ്യയിനത്തിലും മറ്റു കൂടുതല്‍ വരുമാനം കൊണ്ടുവരുന്നതും പകല്‍ രാത്രി മത്സരങ്ങളാണ്. ഇന്ത്യ പോലെ ലക്ഷക്കണക്കിന് ക്രിക്കറ്റ് പ്രേമികളുള്ള നാട്ടില്‍ പകല്‍ രാത്രി മത്സരങ്ങളാണ് അനുയോജ്യം. പകല്‍ സമയങ്ങളില്‍ ക്രിക്കറ്റ് ഉള്ളപ്പോള്‍ ഇന്ത്യയുടെ ഉത്പാദന ശേഷിയില്‍ കാര്യമായ കുറവ് ഉണ്ടാകുന്നുണ്ട. ധാരാളം ആളുകള്‍ തങ്ങളുടെ ജോലി ഉപേക്ഷിച്ച് ക്രിക്കറ്റ് കാണാന്‍ ടെലിവിഷനു മുമ്പില്‍ ഇരിക്കുന്നതാണ് ഇതിനു കാരണം. മത്സരങ്ങള്‍ പകല്‍-രാത്രിയായാല്‍ ഇതിന് ഭാഗിക പരിഹാരമാകും.

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റന്‍ വിരാട് കോഹ്ലിയാണ് പകല്‍ – രാത്രി മത്സരങ്ങള്‍ക്ക് എതിരെ ശക്തമായ നിലപാട് എടുത്തതെന്നാണ് വിവരം. വെസ്റ്റ് ഇന്‍ഡീസിനെതിരെയാണ് ഒക്ടോബറില്‍ ഇന്ത്യയുടെ ആദ്യ പകല്‍-രാത്രി മത്സരങ്ങള്‍ ഇന്ത്യയില്‍ നടത്താന്‍ നിശ്ചയിച്ചിരുന്നത്. ഓസിസ് ടീമിന്റെ ഇന്ത്യന്‍ പര്യടനവും പകല്‍ – രാത്രി മത്സരങ്ങളും പൂര്‍ണമായും ഉപേക്ഷിച്ചിട്ടില്ലെങ്കിലും നടക്കാന്‍ സാധ്യതയില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. കാലഘട്ടത്തിന് ചേരാത്ത കളിയാണ് ക്രിക്കറ്റിലെ ടെസ്റ്റ് മത്സരങ്ങളെന്ന ആക്ഷേപം ഉയരുമ്പോഴാണ് ക്രിക്കറ്റ് പ്രേമികള്‍ ക്രിക്കറ്റിന്റെ ജീവനായി കരുതുന്ന ടെസ്റ്റ് മത്സരങ്ങളോട് കളിക്കാരുടെ ഇത്തരത്തിലുള്ള നിലപാടുകള്‍ ആശങ്കയുണര്‍ത്തുന്നത്.