യൂറോപ്പില്‍ 16 വയസിന് താഴെയുള്ളവര്‍ക്ക് ഇനിമുതല്‍ വാട്‌സ്ആപ്പ് ഉപയോഗിക്കാന്‍ അനുമതിയില്ല. ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യുന്ന സമയത്ത് വയസിന്റെ കോളത്തില്‍ 16ന് താഴെയാണെന്ന് രേഖപ്പെടുത്തിയാല്‍ ഓട്ടോമാറ്റിക്കായി അനുമതി നിഷേധിക്കപ്പെടും. പുതിയ പ്രൈവസി നിയമം ഒരാഴ്ച്ചയ്ക്കകം നിലവില്‍ വരുമെന്നാണ് വാട്‌സ്ആപ്പ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്. കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് ഫെയിസ്ബുക്കും തങ്ങളുടെ ഡാറ്റ പോളിസിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മാറ്റം വരുത്തിയിരുന്നു. നിലവില്‍ 13 വയസാണ് വാട്‌സ്ആപ്പ് ഉപയോഗിക്കാനുള്ള പ്രായപരിധി. ലോകത്തില്‍ തന്നെ ഏറെ പ്രചാരമുള്ള മെസഞ്ചര്‍ ആപ്ലിക്കേഷനുകളില്‍ ഒന്നാണ് വാട്‌സ്ആപ്പ്. 2009ല്‍ പുറത്തിറങ്ങിയ ആപ്പിന് കോടിക്കണക്കിന് ഉപഭോക്താക്കള്‍ സ്വന്തമായുണ്ട്.

കമ്പനിയുടെ പ്രായപരിധി സംബന്ധിച്ച ഡാറ്റ പോളിസിയിലെ മാറ്റം യൂറോപ്പില്‍ മാത്രമാണ് ബാധകമാവുക. വാട്‌സ്ആപ്പും ഫെയിസ്ബുക്കും ഒരേ കമ്പനിയുടെ കീഴിലാണെങ്കിലും ഇരു കൂട്ടര്‍ക്കും വ്യത്യസ്തമായ ഡാറ്റ പോളിസിയാണ് നിലവിലുള്ളത്. യൂറോപ്പില്‍ ജീവിക്കുന്ന 13 മുതല്‍ 15 വരെയുള്ള കുട്ടികള്‍ക്ക് തങ്ങളുടെ വിവരങ്ങള്‍ ഫെയിസ്ബുക്കിന് നല്‍കണമെങ്കില്‍ മാതാപിതാക്കളുടെയോ അല്ലെങ്കില്‍ ഗാര്‍ഡിയന്റെയോ നോമിനേഷന്‍ അത്യാവശ്യമാണെന്ന് പുതിയ ഡാറ്റ പോളിസി നിര്‍ദേശിക്കുന്നു. ഇത്തരം നോമിനേഷനുകള്‍ ലഭിക്കാത്ത അക്കൗണ്ടുകള്‍ക്ക് ഈ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോം മുഴുവനായും ഉപയോഗിക്കാന്‍ കഴിയില്ല. യൂറോപ്യന്‍ ജനറല്‍ ഡാറ്റ പ്രോട്ടക്ഷന്‍ റെഗുലേഷന്‍ നിയമത്തിന് വിധേയമായിട്ടാണ് പുതിയ ഡാറ്റ പോളിസിയുമായി ഫേസ്ബുക്ക് രംഗത്ത് വന്നിരിക്കുന്നത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ബ്രിട്ടീഷ് പൊളിറ്റിക്കല്‍ അനാലിസിസ് കമ്പനി കേംബ്രിഡ്ജ് അനലിറ്റിക്ക ഫെയിസ്ബുക്ക് ഉപഭോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തിയതുമായി ബന്ധപ്പെട്ട് വിവാദങ്ങള്‍ ഇനിയും കെട്ടടങ്ങിയിട്ടില്ല. അതേസമയം പുതിയ നിയമം കൊണ്ടുവന്നിരിക്കുന്നത് ഉപഭോക്താക്കളുടെ കൂടുതല്‍ വ്യക്തിവിവരങ്ങള്‍ മനസിലാക്കുന്നതിനല്ലെന്ന് വാട്ട്‌സ്ആപ്പ് പറഞ്ഞു. ഉപഭോക്താക്കള്‍ നല്‍കിയിട്ടുള്ള പരിമിതമായ വിവരങ്ങള്‍ സുരക്ഷിതമായ സൂക്ഷിക്കുകയെന്നതാണ് കമ്പനിയുടെ ലക്ഷ്യമെന്ന് വാട്‌സ്ആപ്പ് ബ്ലോഗില്‍ കുറിച്ചു. എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ സംവിധാനം ഉപയോഗിക്കുന്നതും ഫെയിസ്ബുക്കുമായി ഉപഭോക്താക്കളുടെ വിവരങ്ങള്‍ പങ്കുവെക്കാനുള്ള വാട്‌സ്ആപ്പിന്റെ തീരുമാനവും നേരത്തെ വിവാദമായിരുന്നു.