ബ്രിട്ടീഷ് ടെലകോം ഭീമനായ ബിടി 13,000 തസ്തികകള്‍ ഇല്ലാതാക്കുന്നു. അടുത്ത മൂന്നു വര്‍ഷത്തിനുള്ളില്‍ ഇത്രയും ജോബ് കട്ടുകള്‍ വരുത്തുന്നത് ചെലവുചുരുക്കലിന്റെ ഭാഗമായാണെന്ന് കമ്പനി വിശദീകരിക്കുന്നു. യുകെയിലെ ജീവനക്കാരില്‍ മൂന്നില്‍ രണ്ടു പേരെയും വിദേശങ്ങളിലുള്ള ജീവനക്കാരില്‍ മൂന്നിലൊന്നിനെയും ഈ നടപടി ബാധിക്കുമെന്നാണ് കരുതുന്നത്. 106,400 ജീവനക്കാരാണ് കമ്പനിക്ക് ലോകമൊട്ടാകെയുള്ളത്. യുകെയില്‍ മാത്രം 82,800 ജീവനക്കാരുണ്ട്. ഓഫീസ്, മിഡില്‍ മാനേജ്മെന്റ് റോളുകളിലുള്ള ജീവനക്കാര്‍ക്കായിരിക്കും തൊഴില്‍ നഷ്ടമാകാന്‍ സാധ്യതയേറെയുള്ളത്.
ലണ്ടനിലെ സെന്റ് പോള്‍സില്‍ നിന്ന് തലസ്ഥാനത്തു തന്നെയുള്ള ചെറിയ ഓഫീസിലേക്ക് പ്രവര്‍ത്തനം മാറ്റാനും കമ്പനി തീരുമാനിച്ചിട്ടുണ്ട്. ചെലവുചുരുക്കല്‍ നടപടിയുടെ ഭാഗമായാണ് ഈ മാറ്റവും. 800 മില്യന്‍ പൗണ്ടിന്റെ പുനസംഘടനാ പദ്ധതിയാണ് കമ്പനി നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നത്. കമ്പനി നടപ്പിലാക്കുന്ന ഏറ്റവും വലിയ തസ്തിക വെട്ടിക്കുറയ്ക്കലാണ് ഇതെന്നും വിലയിരുത്തപ്പെടുന്നു. ഗ്ലോബല്‍ സര്‍വീസസ് യൂണിറ്റില്‍ നിന്ന് 4000 ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങുകയാണെന്ന് കഴിഞ്ഞ വര്‍ഷം കമ്പനി പ്രഖ്യാപിച്ചിരുന്നു.
ബ്രിട്ടനിലെ ഏറ്റവും വലിയ മൊബൈല്‍ ഓപ്പറേറ്ററായ ഇഇ ബിടിക്കു കീഴില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയാണ്. 5ജി മൊബൈല്‍ നെറ്റ്വര്ക്കും ഫൈബര്‍ നെറ്റ്വര്ക്കും സ്ഥാപിക്കുന്നതിനായി 6000 പുതിയ എന്‍ജിനീയര്‍മാരെ ഇഇ റിക്രൂട്ട് ചെയ്യാനിരിക്കെയാണ് മാതൃസ്ഥാപനം ജീവനക്കാരെ പിരിച്ചു വിടാനൊരുങ്ങുന്നത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിന്റെ അവസാന പാദത്തില്‍ വരുമാനത്തില്‍ മൂന്ന് ശതമാനത്തിന്റെ ഇടിവ് കമ്പനി രേഖപ്പെടുത്തിയിരുന്നു.
Leave a Reply