ഫാ. ബിജു കുന്നയ്ക്കാട്ട് പി.ആര്.ഒ
ലിതെര്‍ലാന്റ്/ലിവര്‍പൂള്‍: ഗ്രേറ്റ് ബ്രിട്ടണ് സീറോ മലബാര്‍ രൂപതയ്ക്ക് വളര്‍ച്ചയുടെ വഴിയില്‍ ഇന്ന് പുതിയ ഒരദ്ധ്യായം കൂടി തുറക്കുന്നു. പ്രസ്റ്റണ്‍ കത്തീഡ്രല്‍ ദേവാലയത്തിന് ശേഷം പൂര്‍ണമായും സഭയ്ക്ക് സ്വന്തമാകുന്ന രണ്ടാമത്തെ ദേവാലയത്തിന്റെ ഉദ്ഘാടന ചടങ്ങുകള്‍ ഇന്ന് ഉച്ച കഴിഞ്ഞ് മൂന്ന് മണിക്ക് ആരംഭിക്കും. രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ തിരുക്കര്‍മ്മങ്ങള്‍ക്ക് നേതൃത്വം നല്‍കും.
ലിവര്‍പൂള്‍ ലാറ്റിന്‍ കത്തോലിക്കാ ദേവാലമായിരുന്ന ലിതെര്‍ലാന്റ് ‘ഔര്‍ ലേഡി ഓഫ് പീസ്’ ദേവാലയമാണ് സീറോ മലബാര്‍ സഭയിലെ വിശ്വാസികളുടെ ഉപയോഗത്തിനാിയ പൂര്‍ണമായും വിട്ടുനല്‍കിയിരിക്കുന്നത്. ഗ്രേറ്റ് ബ്രിട്ടണ് രൂപതയും ലിവര്‍പൂള്‍ ലത്തീന്‍ രുപതയും തമ്മില്‍ നടന്ന കൈമാറ്റ ചര്‍ച്ചകള്‍ വികാരി ജനറാള്‍ റവ. ഡോ. മാത്യൂ ജേക്കബിന്റെ നേതൃത്വത്തില്‍ നിയമപ്രകാരം പൂര്‍ത്തിയാക്കി. വിശാലമായ ദേവാലയവും പാരീഷ് ഹാളും പാര്‍ക്കിംഗ് സൗകര്യവും ദേവാലയത്തിനുണ്ട്.
വികാരി റവ. ഫാ. ജിനോ വര്‍ഗ്ഗീസ് അരീക്കാട്ട് എംസിബിസ്, മറ്റു കമ്മറ്റി അംഗങ്ങള്‍, വിവിധ ഭാരവാഹികള്‍, വളണ്ടിയര്‍മാര്‍ തുടങ്ങിയവരുടെ നേതൃത്തില്‍ വിശിഷ്ടാതിഥികളെ സ്വീകരിക്കാനും തിരുക്കര്‍മ്മങ്ങളും ഉദ്ഘാടന ചടങ്ങുകളും നടത്താനുമുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ലിവര്‍പൂള്‍ അതിരൂപതാധ്യക്ഷന്‍ റവ. ഡോ. ബിഷപ് മാല്‍ക്കം മക്ഹോന്‍ ഒ.പി, സഹായ മെത്രാന്, ബിഷപ് എമെരിത്തൂസ് തുടങ്ങിയവരും ചടങ്ങുകളില്‍ സംബന്ധിക്കും. ലിവര്‍പൂള്‍ അതിരൂപതാധ്യക്ഷന്‍ വചന സന്ദേശം നല്‍കും. വിവിധ രൂപതകളിലെ വികാരി ജനറാള്‍മാര്‍, ചാന്‍സിലര്‍, വൈദികര്‍, സന്യാസിനികള്‍, അല്മായര് തുടങ്ങി ആയിരങ്ങള്‍ ചരിത്രനിമിഷങ്ങള്‍ക്ക സാക്ഷികളാവും.
ഗ്രേറ്റ് ബ്രട്ടണ്‍ രൂപതയ്ക്ക് ദൈവം നല്കുന്ന സമ്മാനമാണ് പുതിയ ദേവാലയമെന്ന് രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പറഞ്ഞു. രൂപതയുടെ മുമ്പോട്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഇത് വലിയ കരുത്താവുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. ഈ വലിയ ദൈവാനുഗ്രഹത്തിന് നന്ദി പറയാനും സന്തോഷത്തില്‍ പങ്കുചേരാനും ലിവര്‍പൂളിലും സമീപ പ്രദേശങ്ങളിലുമുള്ള എല്ലാവരും എത്തണമെന്ന് നിയുക്ത വികാരി റവ.ഫാ. ജിനോ വര്‍ഗ്ഗീസ് അരിക്കാട്ട് എസിബിഎസ് അഭ്യര്‍ത്ഥിച്ചു.
Leave a Reply