തിരുവനന്തപുരം: സുനന്ദ പുഷ്‌കറിന്റെ മരണത്തില്‍ ശശി തരൂര്‍ എം.പിയെ പ്രതിയാക്കി കുറ്റപത്രം സമര്‍പ്പിച്ചത് രാഷ്ട്രീയ പ്രേരിതമെന്ന് കോണ്‍ഗ്രസ്. ശശി തരൂരിനെതിരെ ആത്മഹത്യ പ്രേരണാ കുറ്റം ചുമത്തിയ ഡല്‍ഹി പോലീസിന്റെ നടപടി രാഷ്ട്രീയ പ്രേരിതമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അധികാരം ഉപയോഗിച്ച് കോണ്‍ഗ്രസ് നേതാക്കളെ അടിച്ചമര്‍ത്താനും അപമാനിക്കാനുമാണ് ബി.ജെ.പി ശ്രമിക്കുന്നതെന്നും ചെന്നിത്തല ആരോപിച്ചു.

സുനന്ദയുടെ മരണത്തില്‍ തെറ്റായ വാര്‍ത്തകള്‍ മാധ്യമങ്ങള്‍ക്ക് നല്‍കി അദ്ദേഹത്തെ അപമാനിച്ചതിന് പിന്നാലെയാണ് ഇപ്പോള്‍ ആത്മഹത്യ പ്രേരണ കുറ്റം ചുമത്തിയത്. ഇത് ഒരു കാരണവശാലും അംഗീകരിക്കില്ല. ജനങ്ങള്‍ ഇത് തള്ളിക്കളയുമെന്നും ചെന്നിത്തല പറഞ്ഞു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

തരൂരിനെതിരായ കുറ്റപത്രം രാഷ്ട്രീയ പകപോക്കലാണെന്ന് കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസനും പറഞ്ഞു. പ്രധാനമന്ത്രിയേയും സംഘപരിവാറിനേയും നിശിതമായി വിമര്‍ശിച്ചതിന്റെ പേരില്‍ രാഷ്ട്രീയ ഇടപെടല്‍ നടന്നിട്ടുണ്ട്. ഫാസിസ്റ്റുകള്‍ മാത്രമേ ഇങ്ങനെ രാഷ്ട്രീയ എതിരാളികളെ കൈകാര്യം ചെയ്യുകയുള്ളുവെന്നും ശശി തരൂരിനെ രാഷ്ട്രീയമായി ഇല്ലാതാക്കാനുള്ള നീക്കമാണ് നടക്കുന്നതെന്നും ഹസന്‍ ആരോപിച്ചു.

അതേസമയം ശശി തരൂര്‍ രാജിവയ്ക്കണമെന്ന് ബി.ജെ.പി ആവശ്യപ്പെട്ടു. തരൂര്‍ രാജിവയ്ക്കണമെന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി രമേശ് ആവശ്യപ്പെട്ടു. തരൂരിനെതിരെ നേരത്തെ കേസെടുക്കേണ്ടതായിരുന്നു. എന്നാല്‍ യു.പി.എ സര്‍ക്കാരിലെ സ്വാധീനം ഉപയോഗിച്ച് കേസ് തേച്ച് മായ്ച്ച് കളയാന്‍ ശ്രമം നടത്തി. തരൂര്‍ രാജിവച്ചില്ലെങ്കില്‍ കോണ്‍ഗ്രസ് അദ്ദേഹത്തിന്റെ രാജി ആവശ്യപ്പെടണമെന്നും എം.ടി രമേശ് പറഞ്ഞു.