മരണം മുന്നിൽ കണ്ട രോഗിക്ക് സാന്ത്വനമേകുമ്പോൾ ലിനി അറിഞ്ഞിരിക്കില്ല തന്നെ കാത്തിരിക്കുന്ന ദുരന്തം. അറിഞ്ഞാലും അവൾ കർത്തവ്യത്തിൽ നിന്ന് പിന്തിരിയാനുള്ള സാധ്യത തീരെ കുറവാണ്. പരിചരിച്ച രോഗി മരണത്തിന് കീഴടങ്ങി ദിവസങ്ങൾക്കുള്ളിൽ ലിനിയും മരണത്തിനു കീഴടങ്ങിയപ്പോൾ ആ മാലാഖയുടെ ധൈര്യത്തെ വാഴ്ത്തിപ്പാടുകയാണ് സമൂഹ മാധ്യമങ്ങൾ. രോഗികൾക്കായി ജീവൻ ദാനം നൽകിയ മാലാഖമാരുടെ ഇടയിലാകും ഇനി ലിനിക്ക് സ്ഥാനം.

മാരകമായ നിപ്പ വൈറസെന്ന് തിരിച്ചറിയുന്നതിന് മുമ്പ് രോഗിയെ പരിചരിച്ച പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ നഴ്‌സായിരുന്നു കോഴിക്കോട് ചെമ്പനോട സ്വദേശി ലിനി. താൻ പരിചരിച്ച സാബിത്ത് രോഗിയില്‍ നിന്ന് പകര്‍ന്ന വൈറസ് തന്നെയാണ് ലിനിയുടെ ജീവനും എടുത്തത്. ചങ്ങരോത്ത് സൂപ്പിക്കടയിലെ വളച്ചുകെട്ട് മൊയ്തു ഹാജിയുടെ ഭാര്യ കണ്ടോത്ത് മറിയം, മറിയത്തിന്റെ ഭര്‍ത്തൃ സഹോദരന്റെ മക്കളായ സാലിഹ്, സാബിത്ത് എന്നിവരിലാണ് ആദ്യം ഈ വൈറസ് ബാധ കണ്ടെത്തുന്നത്. ദിവസങ്ങള്‍ക്കകം മൂവരും മരിച്ചു. അതിന് പിന്നാലെയാണ് സാബിത്തിനെ പരിചരിച്ച ലിനിയും മരണത്തിന് കീഴടങ്ങുന്നത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

വൈറസ് ബാധയെന്ന് സ്ഥിരീകരിച്ചതിനാല്‍ ലിനിയുടെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തില്ല. അടുത്ത ബന്ധുക്കളെ കാണാന്‍ അനുവദിച്ചശേഷം പുലര്‍ച്ചയോടെ തന്നെ വൈദ്യുതി ശ്മശാനത്തില്‍ സംസ്‌കരിക്കുകയായിരുന്നു. രണ്ട് ചെറിയ മക്കളാണ് ലിനിക്ക്. ഭര്‍ത്താവ് സജീഷ് വിദേശത്താണ്. തീരാവേദനയിലാണ് ഈ കുടുംബം. അപ്രതീക്ഷിതമായി എത്തിയ മരണത്തിന്റെ ആഘാതത്തില്‍ നിന്ന് ഈ കുടുംബം മോചിതരായിട്ടില്ല. അതിനിടെ ഞായറാഴ്ച ലിനിയുടെ മാതാവിനെയും പനിയെത്തുടര്‍ന്ന് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇവര്‍ക്ക് നിപ്പ വൈറസ് ബാധയാണോ എന്ന് സ്ഥിരീകരിച്ചിട്ടില്ല.