ലണ്ടൻ∙ ഊബർ ഡ്രൈവർമാർക്ക് സിക്ക് പേയ്മെന്റും പേരന്റ് പേയ്മെന്റും (മെറ്റേണിറ്റി, പെറ്റേണിറ്റി പേയ്മെന്റ്) ഉൾപ്പെടുത്തിയുള്ള സൗജന്യ ഇൻഷുറൻസ് പരിരക്ഷ ഏർപ്പെടുത്താൻ കമ്പനി തീരുമാനം. ലണ്ടൻ ഉൾപ്പെടെയുള്ള പല വൻ നഗരങ്ങളിലും നഷ്ടപ്പെട്ട ലൈസൻസ് തിരിച്ചുപിടിക്കുന്നതിനുള്ള നടപടിയുടെ ഭാഗമായാണ് ഡ്രൈവർമാർക്ക് കൂടുതൽ ആനുകൂല്യങ്ങൾ നൽകാൻ കമ്പനി തീരുമാനിച്ചത്.

ബ്രിട്ടനിലെ സേവന- വേതന വ്യവസ്ഥകൾ പാലിക്കപ്പെടുന്നില്ലെന്നും ലൈസൻസ് നൽകുന്നത് വേണ്ടത്ര പരിശോധനകളും സുരക്ഷാ മുൻകരുതലുകളും കൂടാതെയാണെന്നും ചൂണ്ടിക്കാട്ടിയാണ് ഊബറിന് ട്രാൻസ്പോർട്ട് ഫോർ ലണ്ടൻ അധികൃതർ കഴിഞ്ഞവർഷം പ്രവർത്തനാനുമതി നിഷേധിച്ചത്. ഇതിനെതിരായ കമ്പനിയുടെ അപ്പീൽ നടപടികൾ പുരോഗമിക്കുന്നതിനിടെയാണ് ജീവനക്കാർക്ക് കൂടുതൽ ആനുകൂല്യങ്ങൾ പ്രഖ്യാപിച്ച് കമ്പനി രംഗത്തെത്തിയിരിക്കുന്നത്.

മലയാളികൾ ഉൾപ്പെടെ ആയിരക്കണക്കിന് ഇന്ത്യക്കാർക്ക്  ഊബർ ടാക്സി സർവീസിലെയും കൊറിയർ സർവീസിലെയും പുതിയ സേവന വ്യവസ്ഥകൾ  ഗുണകരമാകും.

ബ്രിട്ടനിലെ 70,000 യൂബർ ഡ്രൈവർമാർ ഉൾപ്പെടെ യൂറോപ്പിലെ 150,000 ഡ്രൈവർമാർക്ക് ബാധകമാകുന്ന ഇൻഷുറൻസ് ജൂൺ ഒന്നുമുതൽ ആരംഭിക്കാനാണ് കമ്പനിയുടെ തീരുമാനം. ഫ്രഞ്ച് ഇൻഷുറൻസ് കമ്പനിയായ എഎക്സ്എയുമായി ചേർന്നാണ് കമ്പനി പദ്ധതി നടപ്പാക്കുന്നത്. ഇതിനുള്ള കരാർ ഒപ്പിട്ടുകഴിഞ്ഞു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

കരാറനുസരിച്ച് എന്തെങ്കിലും രോഗം ബാധിച്ച് തുടർച്ചയായി ഏഴുദിവസത്തിൽ കൂടുതൽ ജോലിക്കു പോകാൻ കഴിയാത്ത ഡ്രൈവർക്ക് ദിവസം 75 പൗണ്ട് വീതം പരമാവധി 1,125 പൗണ്ട് വേതനം ലഭിക്കും. ജോലിക്കിടെ പരിക്കേറ്റ് വിശ്രമിക്കുന്നവർക്ക് ദിവസം  75 പൗണ്ട് വീതം 2,250 പൗണ്ട് വരെ ലഭിക്കും. കൊറിയർ സർവീസിന് ഇത് ദിവസം 30 പൗണ്ട് വീതം പരമാവധി 900 പൗണ്ട് വരെയാണ് ലഭിക്കുക.

മെറ്റേണിറ്റി, പെറ്റേണിറ്റി പേയ്മെന്റായി 1,000 പൗണ്ട് ഒറ്റ ഗഡുവായാണ് ലഭിക്കുക. ഇതിനു പുറമേ സ്വകാര്യ ആശുപത്രികളിലെ ചികിൽസയ്ക്ക് 7,500 പൗണ്ട് വരെയുള്ള  മെഡിക്കൽ ബില്ലും കമ്പനി അടയ്ക്കും. ഫിസിയോതെറാപ്പി ഉൾപ്പെടെയുള്ള ചികിൽസയ്ക്ക് ഇതു ബാധകമാണ്.

ക്ലെയിമിനു മുമ്പുള്ള എട്ടാഴ്ചയ്ക്കുള്ളിൽ 150 ട്രിപ്പെങ്കിലും നടത്തിയിട്ടുള്ള ഡ്രൈവർമാർക്കാണ് ഈ ഇൻഷുറൻസ് ആനുകൂല്യങ്ങൾക്ക് അർഹത. കൊറിയർ ഡ്രൈവർമാർ എട്ടാഴ്ചയ്ക്കുള്ളിൽ 30 ഡെലിവറികൾ നടത്തിയിട്ടുള്ളവരാകണം.