പോലീസുകാർ സഞ്ചരിച്ച കാറ് ബൈക്കിൽ ഇടിച്ചത് ചോദ്യംചെയ്ത യുവാവിനെ പോലീസ് ക്രൂരമായി മർദിച്ചെന്ന് പരാതി. എടത്തല കുഞ്ചാട്ടുകരയിൽ ചൊവ്വാഴ്ച വൈകീട്ട് അഞ്ചരയോടെയാണ് സംഭവം.. ഇന്നലെ കുഞ്ചാട്ടുകരയില്‍ നടന്ന സംഭവത്തില്‍ നോമ്പുതുറക്കാന്‍ പള്ളിയിലേക്ക് പോകുമ്പോള്‍ വൈകിട്ട് അഞ്ചരയോടെയായിരുന്നു വാഹനങ്ങള്‍ ഇടിച്ചത്. എടത്തല ഗവണ്‍മെന്റ് സ്‌കൂള്‍ഗേറ്റിന് മുന്നില്‍ വെച്ച് മഫ്ത്തിയില്‍ ആയിരുന്ന പോലീസുകാര്‍ സഞ്ചരിച്ചിരുന്ന സ്വകാര്യവാഹനം ഉസ്മാന്‍ ഓടിച്ച ബൈക്കില്‍ ഇടിക്കുകയായിരുന്നു.
കാറില്‍ മഫ്തിയിൽ പോലീസുകാരാണെന്ന് മനസ്സിലാകാതിരുന്ന ഉസ്മാന്‍ ഇതിനെ ചോദ്യം ചെയ്യുകയും വാക്കുതര്‍ക്കം രൂക്ഷമാകുകയും ചെയ്തു. തുടര്‍ന്ന് കാറിലുണ്ടായിരുന്നവര്‍ ഉസ്മാനെ ഗുരുതരമായി മര്‍ദ്ദിക്കുകയും കാറില്‍ കയറ്റി കൊണ്ടുപോകുകയുമായിരുന്നു. ഉസ്മാനെ പോലീസാണ് കൊണ്ടുപോയതെന്ന് മനസ്സിലാകാതിരുന്ന നാട്ടുകാര്‍ ഗുണ്ടകള്‍ കടത്തിക്കൊണ്ടു പോയതാണെന്ന് സംശയിച്ച് കൂട്ടം കൂടുകയും നൂറുകണക്കിന് ആള്‍ക്കാര്‍ എടത്തല പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കാന്‍ എത്തുകയും ചെയ്തു. ഇതോടെയാണ് സംഭവം മനസ്സിലായത്. തുടര്‍ന്ന് കോണ്‍ഗ്രസിന്റെയും യൂത്ത്‌കോണ്‍ഗ്രസിന്റെയും പ്രവര്‍ത്തകര്‍ സ്‌റ്റേഷനില്‍ എത്തി. ഉസ്മാനെ കാണണമെന്ന നാട്ടുകാരുടെ ആവശ്യം പോലീസ് അംഗീകരിച്ചില്ല.
തുടര്‍ന്ന് വന്നവര്‍ പ്രതിഷേധിക്കുകയും പോലീസുമായി വലിയ വാക്കുതര്‍ക്കം നടക്കുകയും ചെയ്തതോടെ പോലീസ് ഉസ്മാനെ മുകളിലത്തെ നിലയിലേക്ക് മാറ്റി. പിന്നീട് ഉസ്മാനെ ജില്ലാ ആശുപത്രിയില്‍ ഡോക്ടറെ കാണിച്ച ശേഷം തിരിച്ചു കൊണ്ടുവരുമ്പോള്‍ നാട്ടുകാരുടെ പ്രതിഷേധം പോലീസുമായി ഉന്തും തള്ളലായി മാറി. ഇതോടെ ഉസ്മാനെ ആശുപത്രിയില്‍ ചികിത്സയ്ക്കായി കിടത്തുകയും പിന്നീട് എക്‌സ്‌റേ സൗകര്യങ്ങളുള്ള സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. ഉസ്മാന്റെ ശരീരത്ത് അടിയേറ്റ പാടുണ്ടായിരുന്നു. ഒരു പോക്‌സോ കേസ് പ്രതിയെ പിടിക്കാനാണ് മഫ്ത്തിയില്‍ കുഞ്ചാട്ടുകരയിലേക്ക് പോയതെന്നാണ് പോലീസ് പറയുന്നത്. പ്രതിയുമായി വരുമ്പോള്‍ ബൈക്കില്‍ കാര്‍ മുട്ടിയതിന് ഉസ്മാന്‍ ബഹളം വെച്ചെന്നും പോലീസുകാര്‍ പറഞ്ഞു.
അതേസമയം സ്വകാര്യകാറില്‍ പോലീസുകാര്‍ കറങ്ങുകയായിരുന്നെന്നും യൂണിഫോമിലല്ലാതെ സഞ്ചരിച്ച ഇവര്‍ മദ്യപിച്ചിരുന്നതായും നാട്ടുകാര്‍ ആരോപിച്ചു. ബൈക്കില്‍ കാറിടിച്ചത് ഉസ്മാന്‍ ചോദ്യം ചെയ്തയുടന്‍ കാറില്‍ നിന്നും ഇറങ്ങി പോലീസുകാര്‍ മര്‍ദ്ദിക്കുകയായിരുന്നു. വാക്കുതര്‍ക്കം ഉണ്ടായതിനെ തുടര്‍ന്ന് ഉസ്മാനെ കാറില്‍ കയറ്റി സ്‌റ്റേഷനിലേക്ക് കൊണ്ടുപോകുകയും ചെയ്തു.
ഗുണ്ടാസംഘം തട്ടിക്കൊണ്ടുപോയതാണെന്ന് തെറ്റിദ്ധരിച്ച് പരാതിയുമായി നാട്ടുകാര്‍ എടത്തല പോലീസ് സ്‌റ്റേഷനിലെത്തി. അവിടെ വെച്ച് ഉസ്മാനെ കണ്ടതോടെ ബന്ധുക്കളും നാട്ടുകാരും പ്രശ്‌നമെന്താണെന്ന് തിരക്കി. ഇതോടെ പോലീസുകാര്‍ നാട്ടുകാരോട് കയര്‍ത്തു. പ്രശ്‌നമെന്താണെന്ന് അറിയാനായി സ്‌റ്റേഷനിലേക്ക് വിളിച്ച ജനപ്രതിനിധികളെയും പോലീസ് അപമാനിച്ചതായി നാട്ടുകാര്‍ പറഞ്ഞു.
Leave a Reply