ഒരു മില്യണ്‍ എന്‍.എച്ച്.എസ് ജീവനക്കാരുടെ വേതനം വര്‍ദ്ധിപ്പിക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ തീരുമാനമായി. 6.5 ശതമാനം ശമ്പള വര്‍ദ്ധനവ് നല്‍കാനാണ് പുതിയ തീരുമാനം. 2020 ഓടെ ഇതിന്റെ ആനുകൂല്യങ്ങള്‍ ജീവനക്കാര്‍ക്ക് ലഭിച്ചു തുടങ്ങും. ശമ്പള വര്‍ദ്ധനവിനെ അനുകൂലിച്ച് ഹെല്‍ത്ത് സര്‍വീസ് യൂണിയനുകള്‍ വോട്ടു ചെയ്തതോടെയാണ് ഇക്കാര്യത്തില്‍ സ്ഥിരീകരണം ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി വേതന വര്‍ദ്ധനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അനിശ്ചിതത്വത്തിലായിരുന്നു. രാജ്യത്തെ ആരോഗ്യമേഖലയെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായിട്ടാണ് പുതിയ നീക്കം. ഇതിനായി 4.2 ബില്യണ്‍ പൗണ്ട് അധിക തുക കണ്ടെത്തും. ആരോഗ്യമേഖലയ്ക്ക് നല്‍കിവരുന്ന ട്രഷറി ഫണ്ടില്‍ ഉണ്ടാകുന്ന വര്‍ദ്ധനവുണ്ടാകുന്നതോടെ വലിയ മാറ്റങ്ങള്‍ക്ക് തുടക്കമാകുമെന്നാണ് കരുതുന്നത്.
എന്‍.എച്ച്.എസ് നഴ്സുമാര്‍, പാരമെഡിക്കുകള്‍, പോര്‍ട്ടേഴ്സ്, മാനേജേഴ്സ്, ഇതര ആംബുലന്‍സ് ട്രസ്റ്റ് ജീവനക്കാര്‍ തുടങ്ങിയവര്‍ക്കായിരിക്കും പ്രധാനമായും വേതന വര്‍ദ്ധനവ് ഉണ്ടാവുക. സമീപകാലത്ത് എന്‍.എച്ച്.എസില്‍ ഉണ്ടായിരിക്കുന്ന ജീവനക്കാരുടെ അപര്യാപ്തതയും ഇതോടെ പരിഹരിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഏതാണ്ട് 100,000 ഒഴിവുകളാണ് നിലവില്‍ യു.കെയിലെ ആരോഗ്യ മേഖലയിലുള്ളത്. ജീവനക്കാരുടെ അപര്യാപ്തത രോഗികളുടെ പരിചരണത്തെ സാരമായി ബാധിക്കുന്നതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. നഴ്സുമാരുടെ ജോലി ഭാരം കുറയ്ക്കാനും ഇത് സഹായകമാവും.
വിവിധ തസ്തികകളില്‍ വര്‍ഷങ്ങളായി ജോലി ചെയ്തുവരുന്ന ജീവനക്കാര്‍ക്ക് 6.5 ശതമാനം വേതന വര്‍ദ്ധനവായിരിക്കും ലഭിക്കുക. അതേസമയം ജി.എം.പി യൂണിയന് പുതിയ പദ്ധതിയെ എതിര്‍ത്ത് രംഗത്ത് വന്നു. ആരോഗ്യമേഖലയിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഇത് പര്യാപ്തമല്ലെന്ന് യൂണിയന് ചൂണ്ടികാണിക്കുന്നു. റോയല്‍ കോളേജ് ഓഫ് നഴ്സിംഗ് ആന്റ് യൂണിയന് പദ്ധതിയെ സ്വാഗതം ചെയ്തു. എന്‍.എച്ച്.എസിന്റെ പ്രശ്നങ്ങളെ ഒരു രാത്രികൊണ്ട് പരിഹരിക്കാനുള്ള കഴിവ് പുതിയ പദ്ധതിക്കില്ല. എന്നാല്‍ വര്‍ഷങ്ങളായി സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന ജീവനക്കാരുടെ കുടുംബത്തിന് താല്‍ക്കാലിക ആശ്വാസം നല്കാനെങ്കിലും ഇത് ഉപകരിക്കുമെന്ന് ഹെല്‍ത്ത് യൂണിയനുകളുടെ തലവനായ സാറ ഗോര്‍ട്ടന്‍ അഭിപ്രായപ്പെട്ടു. പുതിയ പദ്ധതിയുടെ ആനുകൂല്യം ഡോക്ടര്‍മാര്‍ക്ക് ലഭ്യമാവുകയില്ല.
Leave a Reply