ഓടിക്കൊണ്ടിരുന്ന ജീപ്പ് കത്തി, ഉടമ പൊന്മുടി കോലത്ത് ബേബി മാത്യു (ബേബിച്ചൻ–52) വെന്തുമരിച്ചു. വെള്ളത്തൂവൽ – കൊന്നത്തടി റോഡിൽ ലക്ഷ്മിവിലാസം ജംക്ഷനിൽ ഇന്നലെ വൈകിട്ടായിരുന്നു സംഭവം. ഏലത്തോട്ടം ഉടമ കൂടിയായ ബേബി, പള്ളിവാസലിലെ തോട്ടത്തിൽ പോയി വീട്ടിലേക്കു മടങ്ങുകയായിരുന്നു. ബേബി മാത്രമാണു വാഹനത്തിലുണ്ടായിരുന്നത്.
വാഹനത്തിന്റെ നിർത്താതെയുള്ള ഹോൺ കേട്ട് അയൽവാസികൾ ഓടിയെത്തുമ്പോൾ ജീപ്പിൽ തീപടരുന്നതാണു കണ്ടത്. ചാറ്റൽമഴയുമുണ്ടായിരുന്നു. അയൽവാസികൾ രക്ഷാപ്രവർത്തനത്തിനു ശ്രമിച്ചെങ്കിലും വാഹനം പൂർണമായും കത്തിനശിച്ചു. വാഹനം പരിശോധിച്ചപ്പോഴാണു ഡ്രൈവിങ് സീറ്റിൽ ബേബിച്ചനെ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്.
വെള്ളത്തൂവൽ പൊലീസ് എത്തി സ്ഥലം സീൽ ചെയ്തു. ജനറേറ്ററിൽ ഉപയോഗിക്കാൻ ആനച്ചാലിൽ നിന്നു ഡീസൽ വാങ്ങി ബേബി മാത്യു, വാഹനത്തിൽ സൂക്ഷിച്ചിരുന്നതായി പൊലീസിനു വിവരം ലഭിച്ചു. ഡീസൽ സൂക്ഷിച്ചിരുന്ന കന്നാസിനു തീപിടിച്ചതാകാം അപകടകാരണമെന്നാണു പൊലീസിന്റെ പ്രാഥമിക നിഗമനം. ഇടുക്കിയിൽ നിന്നു ഫൊറൻസിക് വിഭാഗം പരിശോധനയ്ക്കായി ഇന്ന് എത്തും. അമ്പഴച്ചാൽ പരേതരായ കോലത്തു മത്തച്ചൻ–റോസക്കുട്ടി ദമ്പതികളുടെ മകനാണു ബേബി മാത്യു. ഭാര്യ: പൊന്മുടി കദളിക്കാട്ടിൽ ആശ. മക്കൾ: അമൽബേബി, ജോസഫ് ബേബി.
	
		

      
      



              
              
              




            
Leave a Reply