സ്കൂളുകളില്‍ മൊബൈല്‍ ഫോണുകള്‍ക്ക് നിരോധനമേര്‍പ്പെടുത്താന്‍ ഹെഡ്ടീച്ചര്‍മാര്‍ തയ്യാറാകണമെന്ന് കള്‍ച്ചര്‍ സെക്രട്ടറി മാറ്റ് ഹാന്‍കോക്ക്. കുട്ടികള്‍ക്ക് സ്കൂള്‍ സമയങ്ങളില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാന്‍ അനുവാദം നല്‍കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സ്കൂളില്‍ മൊബൈല്‍ ഫോണുകള്‍ കൊണ്ടുവന്നാല്‍ അവ പിടിച്ചെടുക്കാന്‍ ഹെഡ്ടീച്ചര്‍മാര്‍ തയ്യാറാകാണം. കുട്ടികളുടെ നേട്ടങ്ങളിലും പ്രകടനങ്ങളിലും മൊബൈല്‍ ഫോണുകള്‍ ഉണ്ടാക്കുന്ന മോശമായ സ്വാധീനം ചെറുതല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സൈബര്‍ ബുള്ളിയിംഗ് അടക്കമുള്ള കുഴപ്പങ്ങളിലേക്ക് കുട്ടികളെ സോഷ്യല്‍ മീഡിയ നയിക്കുമെന്നും ഹാന്‍കോക്ക് വ്യക്തമാക്കി.
ഡെയ്ലി ടെലഗ്രാഫിലെഴുതിയ ലേഖനത്തിലാണ് തന്റെ കാഴ്ചപ്പാടുകള്‍ ഹാന്‍കോക്ക് വെളിപ്പെടുത്തിയത്. സ്കൂള്‍ കുട്ടികള്‍ക്ക് ഫോണുകളുടെ ആവശ്യമെന്താണെന്ന് അദ്ദേഹം ചോദിക്കുന്നു. രാജ്യത്തെ ഒട്ടനവധി സ്കൂളുകള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗം അനുവദിക്കുന്നില്ല. കൊച്ചു കുട്ടികള്‍ക്ക് സോഷ്യല്‍ മീഡിയയുടെ ആവശ്യം തന്നെയില്ല. അവര്‍ കുട്ടികളാണ്. യഥാര്‍ത്ഥ ലോകത്ത് അവര്‍ സാമൂഹികമായ കഴിവുകള്‍ ആര്‍ജ്ജിക്കട്ടെയെന്നും അദ്ദേഹം പറയുന്നു. പ്രവൃത്തിസമയങ്ങളില്‍ കുട്ടികളുടെ മൊബൈല്‍ ഫോണ്‍ ഉപയോഗം നിയന്ത്രിക്കാന്‍ സ്കൂളുകള്‍ക്ക് സ്വാതന്ത്ര്യമുണ്ട്. ഇങ്ങനെ നിയന്ത്രണം ഏര്‍പ്പെടുത്തുന്നത് ഫലപ്രദമാണെന്നതിന് തെളിവുകളുണ്ടെന്നാണ് അദ്ദേഹം വ്യക്തമാക്കുന്നത്.
സര്‍ക്കാര്‍ ഇക്കാര്യത്തില്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നതിനേക്കാള്‍ സ്കൂളുകള്‍ സ്വയം നിരോധനമേര്‍പ്പെടുത്തുന്നതായിരിക്കും കൂടുതല്‍ ഫലപ്രദമാകുക. നിരവധി സ്കൂളുകള്‍ ഇപ്രകാരം നിരോധനം കൊണ്ടുവന്നിട്ടുണ്ട്. ആ സ്കൂളുകളെ താന്‍ അഭിനന്ദിക്കുന്നു. അതിനൊപ്പം മറ്റു സ്കൂളുകളിലെ ഹെഡ്ടീച്ചര്‍മാര്‍ നിയന്ത്രണം കൊണ്ടുവരാന്‍ ശ്രമിക്കണമെന്നും ഹാന്‍കോക്ക് ആവശ്യപ്പെട്ടു.
Leave a Reply