ബ്രെക്സിറ്റ് അന്തിമ ധാരണയില്‍ ഹിതപരിശോധന വേണമെന്ന് ആവശ്യം. ബ്രെക്സിറ്റ് ഹിതപരിശോധന നടന്ന് രണ്ടു വര്‍ഷം പിന്നിട്ട പശ്ചാത്തലത്തിലാണ് ഇങ്ങനെയൊരു ആവശ്യം ഉയരുന്നത്. സെന്‍ട്രല്‍ ലണ്ടനില്‍ ഇക്കാര്യമാവശ്യപ്പെട്ട് ഒരു ലക്ഷത്തോളം പേര് അണിനിരന്ന പ്രകടനം നടന്നു. ജനങ്ങള്‍ക്കും രാജ്യത്തിനും അനുകൂലമല്ലാത്ത ഒരു ബ്രെക്സിറ്റ് ധാരണയില്‍ പ്രധാനമന്ത്രി എത്തുന്നത് തടയാനാണ് ഹിതപരിശോധന വേണമെന്ന് ആവശ്യപ്പെടുന്നതെന്നാണ് പ്രതിഷേധിക്കുന്നവര്‍ വാദിക്കുന്നത്.
പീപ്പിള്‍സ് വോട്ട് ക്യാംപെയിന് എന്ന പേരില്‍ അണിനിരന്ന പ്രതിഷേധക്കാരില്‍ നിരവധി യൂറോപ്യന്‍ യൂണിയന് അനുകൂല ഗ്രൂപ്പുകളും ഉണ്ടായിരുന്നു. ടോണി ബ്ലെയറിന്റെ വക്താവും ലേബര്‍ അനുകൂലിയുമായ അലസ്റ്റര്‍ ക്യാംപ്ബെല്‍, ടോറി എംപിയും റിമെയിന് പക്ഷക്കാരിയുമായ അന്ന സോര്ബി, നടന് ടോണി റോബിന്‍സണ്‍ തുടങ്ങിയവര്‍ പ്രകടനത്തില്‍ പങ്കെടുത്തു. ബ്രെക്സിറ്റില്‍ സര്‍ക്കാര്‍ നടത്തുന്നത് സ്വപ്ന വ്യാപാരമാണെന്ന് പ്രതിഷേധത്തില്‍ പങ്കെടുത്തവര്‍ കുറ്റപ്പെടുത്തി. വ്യവസായങ്ങള്‍ ഓരോന്നായി രാജ്യം വിടുകയാണെന്നും ഇവര്‍ ആരോപിച്ചു.
ബ്രെക്സിറ്റ് ഹിതപരിശോധനയുടെ ഫലം പുറത്തുവന്നതിന്റെ രണ്ടാം വാര്‍ഷികമായിരുന്നു ശനിയാഴ്ച. ഹിതപരിശോധനയില്‍ 48 നെതിരെ 52 ശതമാനം വോട്ടുകള്‍ക്കാണ് ബ്രിട്ടീഷ് ജനത യൂറോപ്യന്‍ യൂണിയനില്‍ നിന്ന് പുറത്തുപോകാമെന്ന തീരുമാനമെടുത്തത്. പിന്നീട് ബ്രെക്സിറ്റിന്റെ ആദ്യ പടിയായി ആര്‍ട്ടിക്കിള്‍ 50 പ്രഖ്യാപിക്കുകയും ചെയ്തു. ഡേവിഡ് കാമറൂണിന് അധികാരം നഷ്ടമായതില്‍ തുടങ്ങിയ ബ്രെക്സ്റ്റ് നടപടികള്‍ ഓരോന്നും വിവാദമായിരുന്നു.
Leave a Reply