രാജ്യത്തിന്റെ സാമ്പത്തിക മേഖല അനുദിനം പ്രതിസന്ധിയിലേക്ക് നീങ്ങുമ്പോള്‍ പൊതുധനം ധൂര്‍ത്തടിച്ച് ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഉന്നതര്‍. കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ ചെലവുകള്‍ക്കായി സെന്‍ട്രല്‍ ബാങ്ക് ഉന്നതര്‍ എഴുതിവാങ്ങിയത് ഒരു മില്യന്‍ പൗണ്ടിനു മേലുള്ള തുകയെന്ന് ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍. ബിസിനസ് ക്ലാസ് വിമാന ടിക്കറ്റുകള്‍ മുതല്‍ സ്റ്റേഷനറി വസ്തുക്കള്‍ വാങ്ങുന്നതില്‍ വരെ വമ്പന്‍ ബില്ലുകളാണ് സമര്‍പ്പിച്ചിരിക്കുന്നത്. മൊബൈല്‍ ചാര്‍ജര്‍ വാങ്ങിയതിനു പോലും ബില്ലെഴുതി പണം പോക്കറ്റിലാക്കിയിട്ടുണ്ടെന്നാണ് വെളിപ്പെടുത്തല്‍.
ബാങ്ക് ഗവര്‍ണര്‍ മാര്‍ക്ക് കാര്‍ണിയും ചെലവാക്കലില്‍ മോശക്കാരനല്ല. മൂന്ന് ലക്ഷം പൗണ്ടിലേറെയാണ് കാര്‍ണിയുടെ ചെലവുകള്‍ക്കായി വിനിയോഗിക്കപ്പെട്ടിരിക്കുന്ന പൊതുധനം. ബാങ്കിന്റെ ലണ്ടനിലുള്ള ഹെഡ്ക്വാര്‍ട്ടേഴ്സിലെത്തുന്നതിനായി അമേരിക്കയിലുള്ള രണ്ട് ഉപദേശകര്‍ യാത്രപ്പടിയിനത്തില്‍ കൈപ്പറ്റിയിരിക്കുന്നത് 390,000 പൗണ്ടാണെന്ന് ട്രഷറി സെലക്ട് കമ്മിറ്റിയുടെ ഇന്നലെ നടന്ന ഹിയറിംഗില്‍ വെളിപ്പെട്ടു. പലിശ നിരക്കുകള്‍ തയ്യാറാക്കാനുള്ള മോണിറ്ററി പോളിസി കമ്മിറ്റി, ബാങ്കിംഗ് സംവിധാനങ്ങള്‍ നിരീക്ഷിക്കുന്ന ഫിനാന്‍ഷ്യല്‍ പോളിസി കമ്മിറ്റി എന്നിവയിലുള്ള 18 ഒഫീഷ്യലുകള്‍ 1 മില്യന്‍ പൗണ്ടാണ് 2015 ഡിസംബര്‍ മുതല്‍ 2018 ഫെബ്രുവരി വരെയുള്ള കാലയളവില്‍ ചെലവിട്ടത്.
കഴിഞ്ഞ വര്‍ഷം ശമ്പളയിനത്തില്‍ മാത്രം 900,000 പൗണ്ട് കൈപ്പറ്റിയ മാര്‍ക്ക് കാര്‍ണി മറ്റു ചെലവുകള്‍ക്ക് 300,000 പൗണ്ട് ഉപയോഗിച്ചു. എംപിമാരുടെ ധൂര്‍ത്തിന് സമാനമാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ട് നേതൃത്വം നടത്തുന്നതെന്ന വിമര്‍ശനവും ഇതേത്തുടര്‍ന്ന് ഉയര്‍ന്നിട്ടുണ്ട്.
Leave a Reply