ന്യൂഡല്‍ഹി: ഗോഹത്യയുടെ പേരിലുള്ള ആള്‍ക്കൂട്ട ആക്രമണങ്ങള്‍ തടയാന്‍ നിയമം വേണമെന്ന് സുപ്രീംകോടതി. ജനങ്ങളുടെ ജീവന് സംരക്ഷിക്കേണ്ട ബാദ്ധ്യത സർക്കാരിന് ഉണ്ടെന്നും ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അദ്ധ്യക്ഷനായ ഡിവിഷൻ ബെഞ്ച് പറഞ്ഞു. ജനാധിപത്യത്തില്‍ ആള്‍ക്കൂട്ട നിയമം അനുവദിക്കാനാകില്ല. കേന്ദ്രം രണ്ടാഴ്ചക്കകം നിലപാട് അറിയിക്കണമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചു. പശുവിന്റെ പേരില്‍ നടക്കുന്ന അക്രമങ്ങള്‍ സംഭവിക്കാന്‍ പാടില്ലാത്തതാണെന്ന് കോടതി നിരീക്ഷിച്ചു.
പാർലമെന്റ് സമ്മേളനം നാളെ തുടങ്ങാനിരിക്കെയാണ് കേന്ദ്രസർക്കാരിന് മേൽ സമ്മർദ്ദമേറ്റി സുപ്രീംകോടതിയുടെ ഉത്തരവ്. പശുവിന്റെ പേരിലുള്ള ആക്രമണങ്ങൾ തടയാൻ നടപടി വേണമെന്ന് ആവശ്യപ്പെട്ട് സമർപ്പിക്കപ്പെട്ട ഹർജിയാണ് സുപ്രീം കോടതി പരിഗണിച്ചത്.
ജനക്കൂട്ടം ഒരാളെ ക്രൂരമായി തല്ലിച്ചതയ്ക്കുന്നത് അപരിഷ്കൃതവും അപമാനകരവുമാണ് ഒരിക്കലും സംഭവിക്കാൻ പാടില്ലാത്തതുമാണ്. ഇത്തരം പ്രവൃത്തികളെ ഉരുക്കുമുഷ്ടി കൊണ്ട് തന്നെ നേരിടണം. രാജ്യത്തെ ഒരാൾക്കും നിയമം കൈയിലെടുക്കാൻ അവകാശമില്ല. ചീഫ് ജസ്റ്റിസിനെ കൂടാതെ ജസ്റ്റിസുമാരായ എ.എം.ഖാൻവിൽക്കർ, ഡി.വൈ.ചന്ദ്രചൂഡ് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് ചൂണ്ടിക്കാട്ടി.
ഭാവിയിൽ ആൾക്കൂട്ട ആക്രമണങ്ങൾ തടയാൻ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ മതിയായ നടപടികൾ സ്വീകരിക്കണം. ആവശ്യമായ നടപടികൾ സ്വീകരിച്ച ശേഷം അവ സംബന്ധിച്ച വിശദമായ റിപ്പോർട്ട് രണ്ടാഴ്ചയ്ക്കുള്ളിൽ സമർപ്പിക്കാനും ഡിവിഷൻ ബെഞ്ച് നിർദ്ദേശിച്ചു.
Leave a Reply