ഏതാണ്ട് 18 വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ബ്രിട്ടീഷ് വനിതയായ ജൂഡിത്ത് കില്‍ഷോയും മുന്‍ ഭര്‍ത്താവ് അലനും കുട്ടികളെ ദത്തെടുക്കാന്‍ തീരുമാനിക്കുന്നത്. അതിന്റെ ഭാഗമായി ഇരുവരും അന്വേഷണങ്ങളും ആരംഭിച്ചു. ഒടുവില്‍ 8,200 പൗണ്ട് നല്കി അമേരിക്കന്‍ യുവതിയില്‍ നിന്ന് അവരുടെ ഇരട്ടക്കുട്ടികളെ വാങ്ങാന്‍ ഇരുവരും തീരുമാനിക്കുകയായിരുന്നു. ഓണ്‍ലൈന്‍ വഴിയായിരുന്നു കരാര്‍. കുട്ടികളെ ദത്തെടുത്ത് വളര്‍ത്താന്‍ ബ്രിട്ടീഷ് ദമ്പതികളുടെ ശ്രമം ആത്മാര്‍ത്ഥമായിരുന്നെങ്കിലും നിയമപരമായി കാര്യങ്ങളില്‍ ശ്രദ്ധ കാണിച്ചിരുന്നില്ല. അത് പിന്നീട് വലിയ വിവാദമാവുകയും സോഷ്യല്‍ കെയര്‍ ഇടപെട്ട് കുട്ടികളെ തിരികെ അമേരിക്കയിലേക്ക് അയക്കുകയും ചെയ്തു.
18 വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്ന സംഭവത്തിന് ശേഷം കില്‍ഷോയ്ക്ക് കുട്ടികളെക്കുറിച്ച് യാതൊരു വിവരങ്ങളും ലഭിച്ചിരുന്നില്ല. എന്നാല്‍ ചില മാധ്യമ പ്രവര്‍ത്തകര്‍ നടത്തിയ അന്വേഷണത്തില്‍ കുട്ടികള്‍ അമേരിക്കയില്‍ സുഖമായി വളരുന്നതായും കോളേജ് വിദ്യാഭ്യാസ കാലഘട്ടത്തിലാണെന്ന് ബോധ്യപ്പെടുകയും ചെയ്തു. കില്‍ഷോയ്ക്ക് അന്ന് തനിക്ക് വളര്‍ത്താന്‍ കഴിയാതെ പോയ കുട്ടികളുടെ ചുറ്റുപാടുകളെക്കുറിച്ച് ഇന്ന് നന്നായി അറിയാം. കിയാറ, കെയാറ വെക്കര്‍ എന്നാണ് അവരുടെ പേര്. ഇരുവരും ഇഷ്ട വിഷയമായ സോഷ്യല്‍ സയന്‍സാണ് പഠിക്കുന്നത്. പണ്ട് നടന്ന സംഭവങ്ങളെ വളരെ കൃത്യമായി തന്നെ കില്‍ഷോ ഓര്‍ക്കുന്നുണ്ട്. നിര്‍ഭാഗ്യമാണ് കുട്ടികളെ തന്നില്‍ നിന്ന് അകറ്റിയതെന്ന് അവര്‍ പറയുന്നു.
അവരെ വളര്‍ത്തി വലുതാക്കേണ്ടയാള്‍ ഞാന്‍ തന്നെയായിരുന്നുവെന്ന് എനിക്ക് ഉറച്ച വിശ്വാസമുണ്ടായിരുന്നുവെന്ന് കില്‍ഷോ പറയുന്നു. അവര്‍ ജീവിതത്തില്‍ മെച്ചപ്പെട്ട നിലയിലാണെന്ന് അറിയുന്നതില്‍ ഞാന്‍ വളരെയധികം സന്തോഷവതിയാണ്. 64കാരിയായ താന്‍ കുട്ടികളെക്കുറിച്ച് എന്നും ഓര്‍ക്കാറുണ്ട്. അവര്‍ക്ക് മികച്ചൊരു ജീവിത സാഹചര്യമുണ്ടാവുക എന്നത് തന്നെയായിരുന്നു താനും ആഗ്രഹിച്ചിരുന്നത്. നല്ലൊരു ജീവിതം അവര്‍ അര്‍ഹിച്ചിരുന്നുവെന്നും കില്‍ഷോ പറയുന്നു. കുട്ടികളെ വളര്‍ത്താന്‍ ഏറ്റവും അര്‍ഹയായ വ്യക്തി താനായിരുന്നുവെന്നും കില്‍ഷോ ആവര്‍ത്തിച്ചു.
Leave a Reply