ദുര്‍മന്ത്രവാദത്തിന് ഉപയോഗിക്കുന്ന സാധനങ്ങളുമായി പ്രവാസി അബുദാബി വിമാനത്താവളത്തില്‍ പിടിയിലായി. യുഎഇയില്‍ നിയമ വിരുദ്ധമായ സാധനങ്ങള്‍ കടത്താന്‍ ശ്രമിച്ച കുറ്റത്തിന് ഇയാളെ അറസ്റ്റ് ചെയ്ത് കഴിഞ്ഞ ദിവസം കോടതിയില്‍ ഹാജരാക്കി.

43 വയസുള്ള ഏഷ്യക്കാരനാണ് പിടിയിലായതെന്ന് യുഎഇയിലെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ബാഗില്‍ സംശയകരമായ സാധനങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് കസ്റ്റംസ് അധികൃതര്‍ ഇയാളെ തടഞ്ഞുവെയ്ക്കുകയായിരുന്നു. സുരക്ഷാ ഉദ്ദ്യോഗസ്ഥര്‍ ബാഗ് തുറന്നുപരിശോധിച്ചപ്പോള്‍ ദുര്‍മന്ത്രവാദത്തിന് ഉപയോഗിക്കുന്ന നിരവധി വസ്തുക്കള്‍ കണ്ടെത്തിയെന്നാണ് കേസ്. ഇവ എന്താണെന്ന് തിരിച്ചറിയാന്‍ യുഎഇയിലെ ജനറല്‍ അതോരിറ്റി ഫോര്‍ ഇസ്ലാമിക് അഫയേഴ്സിന് കൈമാറി. മന്ത്രവാദത്തിന് ഉപയോഗിക്കുന്ന വസ്തുക്കളാണെന്നും ഇസ്ലാമിക നിയമങ്ങള്‍ക്ക് ഇവ എതിരാണെന്നുമാണ് അവര്‍ റിപ്പോര്‍ട്ട് നല്‍കിയത്. ഇത്തരം വസ്തുക്കള്‍ നശിപ്പിച്ച് കളയണമെന്നും ഇസ്ലാമിക് അഫയേഴ്സ് അതോരിറ്റി നിര്‍ദ്ദേശം നല്‍കി.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

തുടര്‍ന്ന് ദുര്‍മന്ത്രവാദത്തിന് ഉപയോഗിക്കുന്ന സാധനങ്ങള്‍ അനധികൃതമായി രാജ്യത്തേക്ക് കൊണ്ടുവന്നുവെന്ന കുറ്റം ചുമത്തി കേസെടുത്തു. യുഎഇ നിയമപ്രകാരം ഇവ കുറ്റകരമാണ്. എന്നാല്‍ യുഎഇയില്‍ താമസിക്കുന്ന മറ്റൊരാള്‍ക്ക് നല്‍കാനായി തന്റെ നാട്ടിലുള്ള സുഹൃത്ത് ഇവ തന്നുവിട്ടതാണെന്നായിരുന്നു ഇയാള്‍ അധികൃതരോട് പറഞ്ഞത്. ഇവ മരുന്നുകളാണെന്നും, യുഎഇയിലുള്ള ഒരാള്‍ക്ക് ചികിത്സക്കായി ഇവ ആവശ്യമാണെന്നും പറഞ്ഞായിരുന്നു തന്നുവിട്ടത്. കൂടോത്രത്തിനോ ദുര്‍മന്ത്രവാദത്തിനോ ഉപയോഗിക്കുന്ന സാധനങ്ങളാണെന്ന് അറിഞ്ഞിരുന്നില്ല. ഔഷധങ്ങളാണെന്ന് കരുതിയാണ് കൊണ്ടുവന്നതെന്നും അദ്ദേഹം അറിയിച്ചു.

ഇത്തരം സാധനങ്ങള്‍ മനഃപൂര്‍വ്വം രാജ്യത്തേക്ക് കൊണ്ടുവന്നതല്ലെന്ന് അഭിഭാഷകനും കോടതിയില്‍ വാദിച്ചു. എയര്‍പോര്‍ട്ടിലെ സുരക്ഷാ ഉദ്ദ്യോഗസ്ഥന്‍ ബാഗ് തുറന്നപ്പോള്‍ തന്നെ ഇവ കണ്ടെടുത്തു. ഒളിപ്പിച്ച് കടത്താന്‍ കൊണ്ടുവന്നതാണെങ്കില്‍ ഇത്ര ലാഘവത്തോടെ ഇവ ബാഗില്‍ സൂക്ഷിക്കുമായിരുന്നില്ല. തുണികള്‍ക്കിടയില്‍ പോലും ഒളിപ്പിക്കാതെ കൊണ്ടുവന്നത് എന്താണെന്ന് അറിയാത്തതിന് തെളിവാണെന്നും അതുകൊണ്ട് ഇയാളെ വെറുതെ വിടണമെന്നും കോടതിയില്‍ അഭിഭാഷകന്‍ വാദിച്ചു. കേസ് ഒക്ടോബറില്‍ പരിഗണിക്കാനായി മാറ്റിവെച്ചു.