അഞ്ജു റ്റിജി
സ്കൂളിലെ പരീക്ഷകള്‍ക്ക് ശേഷം വേനല്‍ അവധി വന്നെത്തി. എന്റെയും കുഞ്ഞനുജത്തിയുടെയും നിര്‍ബന്ധത്തിന് വഴങ്ങിയാണ് അച്ഛന് ഞങ്ങളെ അമ്മ വീട്ടിലേക്ക് കൊണ്ടുവരാന്‍ സമ്മതിച്ചത്. മുട്ടാര്‍ എന്നു പേരുള്ള മനോഹരമായ ഒരു കുട്ടനാടന്‍ ഗ്രാമത്തിലാണ് എന്റെ അമ്മവീട്. കേരളത്തിന്റെ ഐശ്വര്യം എന്ന് തന്നെ വിളിക്കാന്‍ സാധിക്കാവുന്ന നാട്. പ്രകൃതിയെ ആസ്വദിക്കാനും അറിയാനും ഉചിതമായ പ്രകൃതി രമണീയമായ ഈ നാട്ടിലേക്ക് വരുന്നത് എനിക്ക് ഇഷ്ടമാണ്.
ഞാന്‍ വീട്ടില്‍ എത്തിയപ്പോള്‍ പാടത്തു വിളഞ്ഞു നില്ക്കുന്ന നെല്‍ കതിരുകളായിരുന്നു എന്റെ കൗതുകം. ഇളം കാറ്റില്‍ ശിരസ്സ് ഉയര്‍ത്തിപ്പിടിച്ച് അവ താളത്തില്‍ ആടുന്നു. എന്നോ പെയ്ത മഴയിലും കാറ്റിലും പാടത്തെ നെല്‍ച്ചെടികളില്‍ കുറേ എണ്ണം നിലം പറ്റിയിരുന്നു. എനിക്ക് അവധിക്കാലത്ത് വായിക്കാനായി അച്ഛന് തന്ന എസ്.കെ പൊറ്റക്കാടിന്റെ ‘ഒരു ദേശത്തിന്റെ കഥ’ എന്ന നോവല്‍ ഞാന്‍ ചിറയില്‍ പോയിരുന്നു വായിക്കാന്‍ തുടങ്ങി. നല്ല കാറ്റ് കിട്ടുന്ന സ്ഥലമാണ് ചിറ. ഈ ചിറയെ അഭിമുഖീകരിച്ചാണ് വയലുള്ളത്. വയലിന്റെയും നെല്‍ക്കതിരുകളുടെയും പശ്ചാത്തലത്തില്‍ നോവലിലെ അതിരാണിപ്പാടം ഞാന്‍ മനസിലേറ്റി.
പറമ്പലുടനീളമുള്ള മാവുകളില്‍ സമൃദ്ധമായി മാങ്ങകള്‍ കായ്ച്ചു കിടക്കുന്നു. ഞങ്ങള്‍ കേട്ടിട്ടില്ലാത്ത പേരുകളിലുള്ള മാവുകള്‍. കിളിച്ചുണ്ടന്‍, മൂവാണ്ടന്‍, നാട്ടുമാവ് പിന്നെ തേന്‍ രുചിയുള്ള ചകിരി മാവും. മാവിന് ചുവടായിരുന്നു ഞങ്ങളുടെ കളിസ്ഥലങ്ങളില്‍ ഒന്ന്. നാട്ടുമാമ്പഴം ചൊനയിറ്റിച്ച് കളഞ്ഞ് ആസ്വദിച്ച് കഴിക്കുന്നതിന്റെ രുചി ഇപ്പോഴും മാറിയിട്ടില്ല. ഇതിനിടയില്‍ ഞങ്ങളാല്‍ പറ്റുന്ന പുതിയ പാചക രീതികളും ഞങ്ങള്‍ പരീക്ഷിച്ചു. കിളിച്ചുണ്ടന്‍ മാമ്പഴം ചെറുതായി കൊത്തിയരിഞ്ഞ് മുളകും ഉള്ളിയും പച്ചവെളി്ച്ചെണ്ണയും കലര്‍ത്തി ഇപ്പോഴും നാവില്‍ വെള്ളം ഊറുന്ന രൂചിയുള്ള ഒരു പുതിയ വിഭവം.
കൊയ്ത്തിന്റെ ദിവസം എനിക്കേറെ പുതുമയുള്ളതായിരുന്നു. പാഠപുസ്തകത്തില്‍ മാത്രം കാണുന്ന കൊയ്ത്തു യന്ത്രത്തെ ഞാന്‍ ആദ്യമായി നേരിട്ടുകണ്ടു. എന്റെ മനസ്സിലറഞ്ഞാവണം കൊയ്ത്ത് യന്ത്രത്തില്‍ അമ്മാവനൊപ്പം ചുറ്റി സഞ്ചരിക്കാന്‍ സാധിച്ചു. നെല്ചെടികള് അരിഞ്ഞ് അതിലെ നെല്ലും കച്ചിയും തരംതിരിച്ച് മാറ്റുന്നത് ഒരു വിസ്മയകരമായ കാഴ്ച്ച തന്നെയായിരുന്നു. നാം കഴിക്കുന്ന ചോറ് എത്ര മനുഷ്യരുടെ കഷ്ടപ്പാടിന്റെ ഫലമാണെന്ന് എനിക്ക് മനസിലായത് ഈ കൊയ്ത്തിലൂടെയാണ്. കൊയ്ത്ത് കഴിഞ്ഞ പാടത്തിലൂടെ ഓടിക്കളിക്കുക ഞങ്ങള്‍ പതിവാക്കി. ഒരുവട്ടം കളിക്കുന്നതിനിടയില്‍ പാടത്തിന് നടുവിലെ ഇടത്തോടിന്റെ ചതുപ്പില്‍ എന്റെ കാല് പൂഴ്ന്ന് പോയപ്പോള്‍ പേടിച്ചെങ്കിലും ഇന്ന് രസകരമായ ഓര്‍മ്മയാണ്.
ഒരു ദിവസം നേരം പുലര്‍ന്നപ്പോള്‍ പാടത്ത് വെള്ളം നിറഞ്ഞിരുന്നു, ഒപ്പം കൊറ്റികളും താറാവുകളും പാടത്ത് തീറ്റ തേടിക്കൊണ്ടിരിക്കുന്നു. അന്ന് മീന്‍കൂടയില്‍ കിട്ടിയ മത്സ്യങ്ങളെ ഞാന്‍ അദ്ഭുതത്തോടെ നോക്കികണ്ടു. എത്ര ഇനം മത്സ്യങ്ങള്‍! ഓരോന്നിന്റെയും പേരുകള്‍ ഞാന്‍ പഠിക്കാന്‍ ശ്രമിച്ചു. പരല്‍, മുഷി, കല്ലമുട്ടി, അങ്ങനെ ഒട്ടേറെ രസകരമായ പേരുകള്‍ ഞാന്‍ പഠിച്ചു. ഒരു ദിവസം വയലിലേക്ക് വെള്ളം വരുന്ന തോട്ടില്‍ ധാരാളം മീനുകള്‍! ചെറിയ കോരുവല ഉപയോഗിച്ച് ഞങ്ങള്‍ പരല്‍ മീനുകളെ പിടിച്ചു. പിന്നീട് പത്രത്തില്‍ തണ്ണീര്‍മുക്കം ഷട്ടര്‍ തുറന്നതിനെപ്പറ്റിയുള്ള വായിച്ചു അതിനാലാണ് പാടത്ത് വെള്ളം കയറിയതും മത്സ്യങ്ങള്‍ വന്നതും. കുറച്ച് നേരത്തിന് ശേഷം ഞാന്‍ തോട്ടില്‍ വീണ്ടും വന്ന് നോക്കിയപ്പോള്‍ പരല്‍ മീനുകള്‍ പലതും ചത്ത് പോയതായി കണ്ട്ു. ഇതിന്റെ കാരണം പിന്നീട് അമ്മായി എനിക്ക് പറഞ്ഞു തന്നു. പരലുകള്‍ വെള്ളം അല്‍പ്പം ചൂടായാല്‍ പോലും ചത്തു പോകും, എന്നാല്‍ മറ്റു മ്ത്സ്യങ്ങള്‍ക്ക്
ഈ സ്വഭാവ വിശേഷണം ഇല്ല. ദൈവം ഓരോ മത്സ്യത്തെപോലും എത്ര വ്യത്യാസത്തോടു കൂടിയാണ് സൃഷ്ടിച്ചതെന്ന് ഞാന്‍ അറിയാതെ ഓര്‍ത്തുപോയി.
ഞങ്ങള്‍ തിരിച്ച് എന്റെ സ്വന്തം വീട്ടിലേക്ക് പോകുമ്പോള്‍ ഞാന്‍ ആരും കാണാതെ കുപ്പിയിലാക്കിയ പരല്‍ മീനുകള്‍ ചാകരുതേ എന്നായിരുന്നു എന്റെ പ്രാര്‍ത്ഥന. ഒപ്പം ഇനിയും ഒരു അവധിക്കാലത്തിനായി എന്റെ മനസ് കൊതിച്ചുകൊണ്ടേയിരുന്നു.
-അഞ്ജു റ്റിജി തിരുവല്ല ക്രൈസ്റ്റ് സെന്‍ട്രല്‍ സ്കൂള്‍ വിദ്യാര്‍ത്ഥിനിയാണ്. റേഡിയോ മാക്സ്ഫാസ്റ്റ് നടത്തിയ ക്രിയേറ്റീവ് റൈറ്റിംഗ് മത്സരത്തില്‍ അഞ്ജു റ്റിജിയുടെ ‘എന്റെ കുട്ടനാടന്‍ അവധിക്കാല’ത്തിന് ഒന്നാം സ്ഥാനം ലഭിച്ചിരുന്നു.
Leave a Reply