വിശ്വാസികളുടെ വൻ പ്രതിഷേധത്തെ തുടർന്നാണ് സിസ്റ്റർ ലൂസിക്കെതിരായ നടപടി പിൻവലിച്ചത്. വിശ്വാസികള്‍ പാരിഷ് കൗണ്‍സില്‍ യോഗത്തിലേക്ക് തള്ളിക്കയറുകയായിരുന്നു. പ്രതിഷേധിക്കാനെത്തിയവരിൽ പ്രായമായവർ വരെ ഉണ്ടായിരുന്നു.

തിരിച്ചെടുത്തതിനേക്കാൾ വിശ്വാസികൾ ഒപ്പുമുണ്ടെന്നതിൻ‌റെ സന്തോഷമായിരുന്നു സിസ്റ്ററുടെ വാക്കുകളില്‍
”തിരിച്ചെടുത്തതിനേക്കാൾ അഭിമാനം സഭാവിശ്വാസികൾ എന്‍റെ കൂടെയുണ്ട് എന്നറിയുമ്പോഴാണ്. നീതിക്കു വേണ്ടി പോരാടാന്‍, സത്യത്തിനു വേണ്ടി നിലനിൽക്കാൻ അവരെനിക്ക് ഊർജം നൽകുന്നു. എന്‍റെ കൂടെയുള്ള സിസ്റ്റേഴ്സോ സന്യാസസമൂഹമോ അല്ല, ഇടവകാസമൂഹമാണ് തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ടത്, ഞാൻ സ്നേഹിക്കുന്ന, എന്നെ സ്നേഹിക്കുന്ന നാനൂറോളം കുടുംബങ്ങളാണ്.

എൻറെ അപ്പച്ചൻറെ പ്രായമുള്ളവർ വരെ ഉണ്ടായിരുന്നു. ഇവിടെ വേദപാഠം പഠിപ്പിക്കുന്നതോ വിശുദ്ധ കുർബാന കൊടുക്കുന്നതോ ഒന്നുമല്ല പ്രശ്നം. അതിന് അച്ചന് ആരെ വേണമെങ്കിലും നിയോഗിക്കാം. തിരിച്ചെടുത്തവർ തന്നെ അതിനെ നെഗറ്റീവ് ആറ്റിറ്റ്യൂഡിൽ കാണരുത്. ഇത് സത്യത്തിനു നേരെ കണ്ണു തുറക്കാൻ ദൈവം തന്ന അവസരമാണ്. അത്മായ വിശ്വാസ സമൂഹത്തിന് ശബ്ദമുണ്ടെന്ന് തെളിയിച്ചു.

വൈദികർക്കും ആലോചനാ സംഘങ്ങൾക്കും തിരുത്താനുള്ള അവസരമായി ഇതിനെ കാണണം.
സഭയിൽ ഒത്തിരി നൻമയുണ്ട്. ഒപ്പ‌ം ഒത്തിരി തിൻമയുമുണ്ട്. സമൂഹം കൂടെയുണ്ടെങ്കിൽ എല്ലാം മാറ്റാം. കപടമായ ആശയങ്ങളെയും രീതികളെയും ഒഴിവാക്കി ശുദ്ധിയിലേക്കു വരണം. ഫ്രാങ്കോ എന്ന ബിഷപ്പിൻറെ തിൻമ വലുതാണ്. അത് കത്തോലിക്കാ സഭയുടെ കണ്ണ് തുറപ്പിക്കണം”.