സ്കൂളുകള്‍ക്ക് ലഭിക്കുന്ന ഫണ്ടിംഗ് വിഷയത്തില്‍ പ്രക്ഷോഭത്തിനൊരുങ്ങി ഹെഡ്ടീച്ചര്‍മാര്‍. ഇന്ന് ഹെഡ്ടീച്ചര്‍മാര്‍ ഡൗണിംഗ് സ്ട്രീറ്റലേക്ക് മാര്‍ച്ച് നടത്തും. അറബ് വസന്തത്തിനു സമാനമായ വന്‍ പ്രക്ഷോഭത്തിനാണ് അരങ്ങൊരുങ്ങുന്നതെന്നാണ് സൂചന. ചാന്‍സലര്‍ ഫിലിപ്പ് ഹാമണ്ടിന് നിവേദനം നല്‍കുകയാണ് ലക്ഷ്യം. മുമ്പ് ലഭിച്ചതിനേക്കാള്‍ ഫണ്ടുകള്‍ സ്കൂളുകള്‍ക്ക് ലഭിക്കുന്നുണ്ടെന്നും കൂടുതല്‍ അധ്യാപകര്‍ റിക്രൂട്ട് ചെയ്യപ്പെടുന്നുണ്ടെന്നും അവകാശപ്പെടുന്നതിലൂടെ തങ്ങളെ വിഡ്ഢികളാക്കരുതെന്ന് പ്രധാനാധ്യാപകര്‍ ചാന്‍സലറിന് നല്കുന്ന കത്തില്‍ പറയുന്നു. സാഹചര്യങ്ങള്‍ വളരെ വ്യത്യസ്തവും മോശവുമാണ്. സ്കൂള്‍ ബജറ്റുകളില്‍ വന്‍ വെട്ടിക്കുറയ്ക്കലുകളാണ് വരുത്തിക്കൊണ്ടിരിക്കുന്നത്. ഇതുമൂലം വന്‍ പ്രത്യാഘാതങ്ങളായിരിക്കും വിദ്യാഭ്യാസ മേഖല നേരിടുകയെന്നും അധ്യാപകര്‍ ചൂണ്ടിക്കാണിക്കുന്നു.
ക്ലാസുകളില്‍ വിദ്യാര്‍ത്ഥികളുടെ എണ്ണം വര്‍ദ്ധിക്കുന്നു. പാഠ്യവിഷയങ്ങളും പഠനേതര പ്രവര്‍ത്തനങ്ങളും കുറച്ചുകൊണ്ടു വരുന്നു. സപ്പോര്‍ട്ട് സ്റ്റാഫുകളെ പിരിച്ചു വിടുന്നു, ദുര്‍ബല വിഭാഗക്കാരായ വിദ്യാര്‍ത്ഥികളെ ലക്ഷ്യംവെച്ച് രൂപീകരിച്ചിരിക്കുന്ന പ്യൂപ്പിള്‍ പ്രീമിയം ഫണ്ടുകള്‍ സ്കൂള്‍ ബജറ്റിലേക്ക് വകമാറ്റേണ്ടി വരുന്നു തുടങ്ങിയ പ്രതിസന്ധികളാണ് സ്കൂളുകള്‍ നേരിടുന്നത്. ഇതിനൊക്കെ പുറമേയാണ് അധ്യാപകരുടെ നിയമിക്കാനും അവരെ നിലനിര്‍ത്താനുമുള്ള ബുദ്ധിമുട്ടുകളെന്ന് ഹെഡ്ടീച്ചര്‍മാര്‍ പറയുന്നു. അടിയന്തരമായി പരിഹാര നടപടികള്‍ സ്വീകരിക്കേണ്ട സാഹചര്യം ഒഴിവാക്കുന്നതിനായി തങ്ങളോട് കള്ളം പറയുന്നത് വിവരങ്ങള്‍ പൂര്‍ണ്ണമായി നല്കാതിരിക്കുന്നതും ഒഴിവാക്കണമെന്നും ഹാമണ്ടിന് നല്കുന്ന കത്തില്‍ പ്രധാനാധ്യാപകര്‍ അഭ്യര്‍ത്ഥിക്കുന്നു.
തങ്ങള്‍ നേരിടുന്ന പ്രതിസന്ധിയുടെ ആഴം മനസിലാക്കിക്കുന്നതിനായാണ് ഇംഗ്ലണ്ടിലെ എല്ലാ പ്രദേശങ്ങളില്‍ നിന്നും പ്രധാനാധ്യാപകര്‍ ഡൗണിംഗ് സ്ട്രീറ്റിലേക്ക് എത്തുന്നതെന്നും ഈ കത്ത് നേരിട്ട് കൈമാറുന്നതെന്നും അവര്‍ ചാന്‍സലറെ അറിയിക്കും. വളരെ പ്രധാനപ്പെട്ട ഒരു ചടങ്ങിനെന്ന പോലെ ഔദ്യോഗിക വേഷത്തില്‍ വേണം മാര്‍ച്ചില്‍ പങ്കെടുക്കാനെന്നാണ് പ്രക്ഷോഭത്തിനെത്തുന്നവര്‍ക്ക് നേതൃത്വം നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഫണ്ടുകള്‍ ഇല്ലാതാകുന്നതു സംബന്ധിച്ച് വര്‍ഷങ്ങളായി പറഞ്ഞു വരുന്ന പരാതികള്‍ ബധിരകര്‍ണ്ണങ്ങലില്‍ പതിച്ചതിനാല്‍ അവസാന ശ്രമമെന്ന നിലയിലാണ് ഈ പ്രക്ഷോഭം സംഘടിപ്പിക്കുന്നതെന്ന് സംഘാടകനായ ജൂള്‍സ് വൈറ്റ് പറഞ്ഞു. പ്രക്ഷോഭം പ്രവചനാതീതമായിരിക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു.
Leave a Reply