ഇന്‍കം ടാക്‌സ് പരിധി വര്‍ദ്ധിപ്പിക്കുമെന്ന ഗവണ്‍മെന്റ് വാഗ്ദാനം ഉടനൊന്നും നടപ്പാകാന്‍ സാധ്യതയില്ലെന്ന് സൂചന. യൂണിവേഴ്‌സല്‍ ക്രെഡിറ്റിനു വേണ്ടി കൂടുതല്‍ പണം ആവശ്യമായി വരുന്നതിനാല്‍ വരുമാന നികുതി പരിധി ഉയര്‍ത്താനുള്ള തീരുമാനം എടുത്തു കളയാന്‍ ചാന്‍സലര്‍ ഫിലിപ്പ് ഹാമണ്ട് പദ്ധതിയിടുന്നതായി ടെലിഗ്രാഫ് റിപ്പോര്‍ട്ട് ചെയ്യുന്നു. ബെനഫിറ്റ് പദ്ധതികള്‍ കാര്യക്ഷമമായി നടത്തണമെങ്കില്‍ 20 ബില്യന്‍ പൗണ്ടിന്റെ അധിക ഫണ്ട് കണ്ടെത്തേണ്ട അവസ്ഥയിലാണ് ട്രഷറി. യൂണിവേഴ്‌സല്‍ ക്രെഡിറ്റില്‍ നിന്ന് ആനുകൂല്യങ്ങള്‍ വാങ്ങുന്നവരില്‍ ചിലര്‍ക്ക് 2400 പൗണ്ട് വരെ കുറവേ ഒരു വര്‍ഷം ലഭിക്കാന്‍ സാധ്യതയുള്ളുവെന്ന് വര്‍ക്ക് ആന്‍ഡ് പെന്‍ഷന്‍ സെക്രട്ടറി ക്യാബിനറ്റിനെ അറിയിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്.

യൂണിവേഴ്‌സല്‍ ക്രെഡിറ്റ് സംബന്ധിച്ച പ്രശ്‌നങ്ങള്‍ ശരിയായി കൈകാര്യം ചെയ്തില്ലെങ്കില്‍ പോള്‍ ടാക്‌സ് നല്‍കിയതിനു തുല്യമായ പ്രതിസന്ധികളിലേക്ക് കണ്‍സര്‍വേറ്റീവ് പാര്‍ട്ടി വീഴുമെന്ന് മുന്‍ പ്രധാനമന്ത്രി സര്‍ ജോണ്‍ മേജര്‍ പറഞ്ഞു. 2015ല്‍ ജോര്‍ജ് ഓസ്‌ബോണ്‍ ആണ് യൂണിവേഴ്‌സല്‍ ക്രെഡിറ്റില്‍ നിന്ന് 2 ബില്യന്‍ വെട്ടിക്കുറച്ചത്. ഇത് പിന്‍വലിക്കേണ്ടത് അത്യാവശ്യമാണെന്ന് ജോണ്‍ മേജറും യൂണിവേഴ്‌സല്‍ ക്രെഡിറ്റിന്റെ ശില്പിയായ ഇയാന്‍ ഡങ്കന്‍ സ്മിത്തും ആവശ്യപ്പെടുന്നു. മുന്‍ ചാന്‍സലര്‍ വരുത്തിവെച്ച മാറ്റങ്ങള്‍ മൂലമുണ്ടായ വീഴ്ചകള്‍ പരിഹരിക്കുന്നതിനായിരിക്കും ഈ പണം ഉപയോഗിക്കേണ്ടി വരികയെന്നാണ് കരുതുന്നത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

വിഷയം നിരീക്ഷിച്ചു വരികയാണെന്ന് ഡൗണിംഗ് സ്ട്രീറ്റ് പ്രതികരിച്ചു. നിലവില്‍ 11850 പൗണ്ടാണ് ഇന്‍കം ടാക്‌സ് പരിധി. ഇത് 2020 ഓടെ 12500 പൗണ്ടായി ഉയര്‍ത്തുമെന്നായിരുന്നു ടോറി പ്രകടനപത്രികയിലെ വാഗ്ദാനം. എന്നാല്‍ അധിക ഫണ്ട് കണ്ടെത്തേണ്ടി വരുന്നതിനാല്‍ ഈ വാഗ്ദാനം എടുത്തു കളയാനാണ് ഹാമണ്ട് ഉദ്ദേശിക്കുന്നതെന്നാണ് വിവരം. എന്‍എച്ച്എസിന് 20 ബില്യന്‍ അധിക ഫണ്ട് നല്‍കുമെന്ന പ്രധാനമന്ത്രിയുടെ വാഗ്ദാനം നിറവേറ്റണമെങ്കില്‍ നികുതി വര്‍ദ്ധിപ്പിക്കേണ്ടി വരുമെന്നാണ് സൂചന. ഇത് ചാന്‍സലര്‍ക്കു മേല്‍ അധിക സമ്മര്‍ദ്ദമാണെന്നും വിലയിരുത്തപ്പെടുന്നു.