ശബരിമല യുവതീ പ്രവേശന വിഷയത്തിൽ രണ്ടു തവണ അറസ്റ്റ് ചെയ്യപ്പെട്ട രാഹുലിനെതിരെ മീടു ആരോപണം ഉന്നയിച്ച് ഫെയ്സ്ബുക്ക് പോസ്റ്റ്. സുഹൃത്തും ആര്‍ട്ടിസ്റ്റുമായ സ്ത്രീയുടെ വെളിപ്പെടുത്തലാണ് ഇഞ്ചിപ്പെണ്ണ് എന്ന സാമൂഹ്യപ്രവർത്തകയുടെ ഫെയ്സ്ബുക്ക് പേജിൽ വന്നിരിക്കുന്നത്.
രാഹുല്‍ ഈശ്വര്‍ വീട്ടിലേക്ക് ക്ഷണിച്ച് വരുത്തി ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിച്ചുവെന്നാണ് പ്രധാനആരോപണം. വീട്ടിലെത്തിയപ്പോൾ ടിവിയില്‍ സോഫ്റ്റ് പോണ് വീഡിയോ പ്രദര്‍ശിപ്പിച്ച രാഹുല്‍ കിടപ്പറയില്‍ വച്ച് തന്നെ കടന്ന് പിടിച്ച് ചുംബിച്ചുവെന്നും ഇൗ പോസ്റ്റിൽ പറയുന്നു. ഇക്കാര്യം വ്യക്തമാക്കി അയച്ച വാട്സ്ആപ്പ് സന്ദേശത്തിന്റെ സ്ക്രീന്‍ഷോട്ട് സഹിതമാണ് ഇഞ്ചിപ്പെണ്ണ് ഫെയ്സ്ബുക്കില്‍ പോസ്റ്റ് ഇട്ടിരിക്കുന്നത്.
പ്ലസ് ടു വിദ്യാഭ്യാസം പൂര്‍ത്തിയായിരിക്കെ 2003-2004 കാലഘട്ടത്തിലാണ് സംഭവമെന്ന് വ്യക്തമാക്കുന്നു. സുഹൃത്തായിരുന്ന രാഹുല്‍ തന്നെ വീട്ടിലേക്ക് ക്ഷണിച്ചു. വീട്ടില്‍ അമ്മയുണ്ടെന്നും സംസാരിക്കാമെന്നും പറഞ്ഞായിരുന്നു അയാള്‍ ക്ഷണിച്ചത്. എന്നാല്‍ വീട്ടില്‍ ആരുമുണ്ടായിരുന്നില്ല. ടിവിയില്‍ അയാള്‍ സോഫ്റ്റ് പോണ് സിനിമ പ്രദര്‍ശിപ്പിച്ചു. എന്ത് ചെയ്യണമെന്നറിയാതെ അസ്വസ്ഥയാകുകയായിരുന്നു താന്‍. പിന്നീട് അയാള്‍ തന്റെ കിടപ്പറ കാണിച്ചു തന്നു. അവിടെ വച്ച് തന്നെ സ്പര്‍ശിക്കുകയും ചുംബിക്കുകയും ചെയ്തു. ആദ്യം എന്ത് ചെയ്യണമെന്ന് അറിയില്ലായിരുന്നു. ആ വീട്ടില്‍ കുടുങ്ങിപ്പോയെന്ന് കരുതി. എന്നാല്‍ കുതറി മാറിയെങ്കിലും പല തവണ ഇത് തുടര്‍ന്നു. ഇതോടെ താന്‍ വീട് വിട്ടിറങ്ങാന്‍ നിര്‍ബന്ധിതയാകുകയായിരുന്നുവെന്നും പോസ്റ്റിൽ യുവതി വ്യക്തമാക്കുന്നു.
ശബരിമലയിൽ യുവതികൾ പ്രവേശിക്കുന്നത് തടയാൻ ഒരു പ്ലാൻ ബി ഉണ്ടായിരുന്നു എന്ന വിവാദ പ്രസ്താവനയെ തുടര്‍ന്ന് കഴിഞ്ഞ ദിവസം രാഹുലിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഉപാധികളോടെയാണ് കേസില്‍ രാഹുലിന് ജാമ്യം അനുവദിച്ചത്. അതിനിടെ രാഹുല്‍ താഴമണ്‍ കുടുംബാംഗമല്ലെന്ന് വ്യക്തമാക്കി തന്ത്രി കുടുംബം രാഹുലിനെ തള്ളിപ്പറയുകയും ചെയ്തിരുന്നു. എന്നാൽ ഇതിന് പിന്നാലെ തന്ത്രി കുടുംബത്തിനെതിരെ രാഹുലും രംഗത്തെത്തിയിരുന്നു. എതിർസ്ഥാനത്ത് മുഖ്യമന്ത്രി നിൽക്കുന്നത് കൊണ്ടാണോ തന്ത്രി കുടുംബം ഭയക്കുന്നത് എന്നായിരുന്നു രാഹുലിന്റെ മറുപടി.
Leave a Reply