ജനപ്രിയ വാഗ്ദാനങ്ങള്‍ നല്‍കിക്കൊണ്ട് ചാന്‍സലര്‍ ഫിലിപ്പ് ഹാമണ്ട് അവതരിപ്പിച്ച ബജറ്റില്‍ ഒളിച്ചുകടത്തിയിരിക്കുന്നത് ആരും കാണാതെയുള്ള വെട്ടിച്ചുരുക്കലുകള്‍. ഒരു ബില്യന്‍ പൗണ്ടോളം വരുന്ന തുകയാണ് വെട്ടിക്കുറച്ചിരിക്കുന്നതെന്നാണ് സാമ്പത്തിക വിദഗ്ദ്ധര്‍ പറയുന്നത്. 2023ഓടെ എന്‍എച്ച്എസ് ബജറ്റിന് 20 ബില്യന്‍ പൗണ്ടിന്റെ ഉത്തേജനമാണ് വാഗ്ദാനം ചെയ്തിരിക്കുന്നത്. എന്‍എച്ച്എസിന് സാമ്പത്തിക ഉത്തേജനം നല്‍കുമെന്ന് അവകാശപ്പെടുമ്പോളും പബ്ലിക് ഹെല്‍ത്ത് സര്‍വീസിനും ഡോക്ടര്‍മാരുടെയും നഴ്സുമാരുടെയും പരിശീലനത്തിന് നല്കി വന്നിരുന്ന ഫണ്ടില്‍ നിന്ന് ഭീമമായ തുക വെട്ടിക്കുറച്ചിരിക്കുകയാണ്. ആവശ്യത്തിന് ജീവനക്കാര്‍ ഇല്ലാതെ ബുദ്ധിമുട്ടുന്ന എന്‍എച്ച്എസിന് ഈ നീക്കം വീണ്ടും പ്രതിസന്ധിയുണ്ടാക്കുമെന്ന് എന്‍എച്ച്എസ് ഫിനാന്‍സ് വിദഗ്ദ്ധയും ഹെല്‍ത്ത് ഫൗണ്ടേഷന്റെ ഇക്കണോമിക്സ് ആന്‍ജ് റിസര്‍ച്ച് ഡയറക്ടറുമായ പ്രൊഫ. അനിറ്റ ചാള്‍സ് വര്‍ത്ത് പറയുന്നു.
ഒരാളില്‍ നിന്ന് കൊള്ളയടിച്ച് മറ്റൊരാള്‍ക്ക് നല്കുന്ന നയമാണ് ഗവണ്മെന്റ് ഇക്കാര്യത്തില്‍ സ്വീകരിച്ചിരിക്കുന്നതെന്നും ഇത് തെറ്റായ സാമ്പത്തിക ശാസ്ത്രമാണെന്നും അവര്‍ വിശദീകരിച്ചു. 2019-20 വര്‍ഷത്തിലായിരിക്കും ഈ ബജറ്റ് വെട്ടിക്കുറയ്ക്കലിന്റെ പ്രതികൂല ഫലങ്ങള്‍ അനുഭവിച്ചു തുടങ്ങുക. മെഡിക്കല്‍ ഉപകരണങ്ങള്‍ വാങ്ങാനും ആശുപത്രി കെട്ടിടങ്ങള്‍ നിര്‍മിക്കുന്നത് ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യ വികസനത്തിനും ഉപയോഗിക്കാനായി നല്കുന്ന എന്‍എച്ച്എസ് മൂലധന നിക്ഷേപത്തിലും കുറവുണ്ടാകുമെന്ന് ഇവര്‍ പറയുന്നു. ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഹെല്‍ത്ത് ആന്‍ഡ് സോഷ്യല്‍ കെയര്‍ ബജറ്റിലേക്ക് പണമനുവദിക്കുന്നതിലുള്ള നിയന്ത്രണം സര്‍ക്കാര്‍ ഇപ്പോഴും തുടരുന്നുവെന്നതാണ് ഇത് നല്കുന്ന സൂചനയെന്നും പ്രൊഫ.ചാള്‍സ് വര്‍ത്ത് വ്യക്തമാക്കി.
ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഹെല്‍ത്ത് ആന്‍ഡ് സോഷ്യല്‍ കെയര്‍ ബജറ്റിലെ ചില ഘടകങ്ങള്‍ക്ക് തെരേസ മേയ് എന്‍എച്ച്എസ് ബര്‍ത്ത്ഡേ സമ്മാനമായി നല്കിയ 20 ബില്യന്‍ സഹായ ഫണ്ടിന്റെ സംരക്ഷണം ലഭിക്കില്ല. ഈ മേഖലകളെ ഫണ്ടി വെട്ടിച്ചുരുക്കല്‍ പ്രതികൂലമായി ബാധിക്കും. എന്‍എച്ച്എസ് ബജറ്റില്‍ അടുത്ത വര്‍ഷം കേവലം 3.3 ശതമാനത്തിന്റെ വര്‍ദ്ധന മാത്രമേ ഉണ്ടാകാന്‍ ഇടയുള്ളുവെന്നും ചാള്‍സ് വര്‍ത്ത് പറയുന്നു. നിലവിലുള്ള 3.6 ശതമാനത്തേക്കാള്‍ താഴെയാണ് ഈ നിരക്കെന്നും അവര്‍ വിലിയിരുത്തി.
Leave a Reply