തമിഴ്നാട്ടിലെ തഞ്ചാവൂരില്‍ യുവതിയെ കാമുകന് കഴുത്തറുത്തുകൊന്നു. രക്ഷിതാക്കളുടെ നിര്‍ബന്ധത്തിന് വഴങ്ങി യുവതി മറ്റൊരു വിവാഹത്തിന് സമ്മതിച്ചതാണ് യുവാവിനെ പ്രകോപിപ്പിച്ചത്. യുവതിയുടെ ബന്ധുകൂടിയായ കൊലയാളി നന്ദകുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു.
തഞ്ചാവൂര്‍ കുംഭകോണം പാപനാശത്ത് ഹോട്ടല്‍ നടത്തിപ്പുക്കാരനായ കുമാറിന്റെ മകളും സ്വകാര്യ സ്കൂളിലെ അധ്യാപികയുമായ ഇരുപത്തിയഞ്ച് വയസുകാരി വസന്തപ്രിയയെ ആണ് കഴുത്തറുത്ത് കൊന്നത്. കടലൂര്‍ സ്വദേശിയും കാമുകനുമായ നന്ദകുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു. നന്ദകുമാറുമായുള്ള ബന്ധത്തെ വീട്ടുകാര്‍ എതിര്‍ത്തിരുന്നു. രക്ഷിതാക്കളുടെ നിര്‍ബന്ധത്തിന് വഴങ്ങി മറ്റൊരു വിവാഹത്തിന് വസന്തപ്രിയ സമ്മതിച്ചതാണ് കൊലപാതകത്തിന് കാരണം.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ. വീട്ടുകാരെ എതിര്‍ത്ത് ഒരു തീരുമാനവും എടുക്കില്ലെന്ന് യുവതി നന്ദകുമാറിനെ അറിയിച്ചിരുന്നു. മറ്റൊരു വിവാഹത്തിന് സമ്മതിച്ചതറിഞ്ഞ് വ്യാഴാഴ്ച്ച വൈകുന്നേരം വസന്തപ്രിയ പഠിപ്പിക്കുന്ന സ്കൂളിന് സമീപത്ത് നന്ദകുമാര്‍ എത്തി. മൊബൈലില്‍ യുവതിയെ വിളിച്ച് സംസാരിക്കണമെന്ന് പറഞ്ഞു.
സംസാരിച്ച് പിരിയാം എന്ന് പറഞ്ഞ് വസന്തപ്രിയയെ ബൈക്കില്‍ കയറ്റി കൊണ്ടുപോവുകയായിരുന്നു. കുംഭകോണം ചെന്നൈ പാതയില്‍ ഉമാമഹേശ്വരം എന്ന ആളൊഴിഞ്ഞ സ്ഥലത്ത് നിര്‍ത്തി ഇരുവരും സംസാരിച്ചെന്നും തുടര്‍ന്ന് വാക്കേറ്റമുണ്ടായപ്പോള്‍ കയ്യില്‍ കരുതിയ കത്തിയെടുത്ത് നന്ദകുമാര്‍ കഴുത്തറുക്കുകയായിരുന്നു എന്നുമാണ് പൊലീസ് പറയുന്നത്. ഇരുവരും ബൈക്കില്‍ പോകുന്നത് സമീപത്തെ സിസിടിവിയില്‍ പതിഞ്ഞത് പ്രതിയെ പിടികൂടാന്‍ സഹായകമായി. തിരുവടൈമരുതൂര്‍ പൊലീസാണ് കേസ് അന്വേഷിക്കുന്നത്.
Leave a Reply