സറേയിലെ വോക്കിംഗ് പാര്‍ക്കിലുണ്ടായ അപകടത്തില്‍ എട്ട് കുട്ടികള്‍ക്ക് ഗുരുതര പരിക്ക്. കാറ്റുനിറച്ച ഭീമന് സ്ലൈഡ് തകര്‍ന്നാണ് അപകടമുണ്ടായത്. ശനിയാഴ്ച വൈകിട്ട് 7.30ഓടെയായിരുന്നു സംഭവം. വോക്കിംഗ് ഡിസ്ട്രിക്ട് റോട്ടറി ക്ലബ് ഒരുക്കിയ ഫയര്‍വര്‍ക്ക് പ്രദര്‍ശനത്തിനു തൊട്ടുമുമ്പാണ് അപകടമുണ്ടായത്. ഏകദേശം 12,000 ആളുകള്‍ ഇത് കാണാനായി പാര്‍ക്കില്‍ എത്തിയിട്ടുണ്ടായിരുന്നു എന്നാണ് കരുതുന്നത്. അപകടത്തെത്തുടര്‍ന്ന് ഫയര്‍വര്‍ക്സ് പ്രദര്‍ശനം റദ്ദാക്കി പാര്‍ക്കില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ചു. പ്രധാന ട്രോമ കെയര്‍ സെന്ററുകളിലാണ് പരിക്കേറ്റ കുട്ടികളെ പ്രവേശിപ്പിച്ചിരിക്കുന്നതെന്ന് സൗത്ത് ഈസ്റ്റ് കോസ്റ്റ് ആംബുലന്‍സ് സര്‍വീസ് അറിയിച്ചു.
സ്ലൈഡ് തകര്‍ന്നു വീഴുന്നതിന് ദൃക്സാക്ഷികളായവര്‍ പലരും മാധ്യമങ്ങളോട് സംഭവത്തെക്കുറിച്ച് വിശദീകരിച്ചു. ഏകദേശം 15 മുതല്‍ 20 കുട്ടികള്‍ വരെ അപകട സമയത്ത് ഈ സ്ലൈഡില്‍ ഉണ്ടായിരുന്നുവെന്ന് വോക്കിംഗ് സ്വദേശികളായ ദമ്പതികള്‍ പറഞ്ഞു. 9 മാസം പ്രായമുള്ള കുട്ടിയുമായി കരിമരുന്ന് പ്രകടനം കാണാന്‍ എത്തിയതായിരുന്നു ഇവര്‍. 7.20ഓടെയാണ് സംഭവമുണ്ടായത്. താനും ഭാര്യയും കുഞ്ഞുമായി സ്ലൈഡിന് അരികിലേക്ക് നടക്കുകയായിരുന്നു. അപ്പോള്‍ സ്ലൈഡ് തകരുന്നതാണ് കണ്ടത്. കുട്ടികള്‍ അലറി വിളിക്കുന്നുണ്ടായിരുന്നു. കുട്ടികളെല്ലാവരും ഒരുമിച്ച് വീഴുകയും ചെയ്തുവെന്ന് ദമ്പതികളിലെ പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഭര്‍ത്താവ് പറഞ്ഞു.
ചില കുട്ടികള്‍ എഴുന്നേറ്റ് ഓടുന്നത് കണ്ടുവെന്നും അവര്‍ സാക്ഷ്യപ്പെടുത്തുന്നു. ഏകദേശം 40 കുട്ടികളോളം സ്ലൈഡിനു മുകളിലുണ്ടായിരുന്നുവെന്നാണ് ആന്‍ഡി ഡാറ്റ്സണ്‍ എന്ന 23കാരന് പറഞ്ഞത്. സ്ലൈഡിന് 25-30 അടി ഉയരമുണ്ടായിരുന്നു. ഇതില്‍ കുട്ടികളെ കയറ്റുന്നതിനു ഇറക്കുന്നതിനു നിയന്ത്രിക്കുന്നതിനും ആരും ഉണ്ടായിരുന്നില്ലെന്നും ഡാറ്റ്സണ്‍ കുറ്റപ്പെടുത്തുന്നു. സംഭവത്തില്‍ ദുഖം രേഖപ്പെടുത്തുന്നതായി ഇവന്റ് സംഘാടകരായ വോക്കിംഗ് ഡിസ്ട്രിക്ട് റോട്ടറി ക്ലബ് ഭാരവാഹികള്‍ അറിയിച്ചു.
Leave a Reply