ക്രിസ്മസിന് ഓണ്‍ലൈന്‍ ഷോപ്പിംഗ് നടത്തുന്നവര്‍ തങ്ങളുടെ മൊബൈല്‍ ഫോണുകള്‍ ഒന്നു ശ്രദ്ധിക്കുന്നത് നന്നായിരിക്കുമെന്ന് മുന്നറിയിപ്പ്. സിഗ്നല്‍ ശരായായി കിട്ടുന്ന സ്ഥലത്തു വേണം ട്രാന്‍സാക്ഷനുകള്‍ നടത്താന്‍. ഇടപാടുകളില്‍ കൂടുതല്‍ സുരക്ഷ നല്‍കുന്നതിനായി നിങ്ങളുടെ മൊബൈലിലേക്ക് പാസ്‌വേര്‍ഡുകള്‍ അയക്കുന്ന സമ്പ്രദായം ബാങ്കുകള്‍ ആരംഭിച്ചിട്ടുണ്ട്. മൊബൈല്‍ ഇല്ലാത്തവര്‍ക്കും ശരിയായ മൊബൈല്‍ സിഗ്നല്‍ ലഭിക്കാത്തവര്‍ക്കും ഇത് ലഭിക്കില്ലെന്നാണ് മുന്നറിയിപ്പ് പറയുന്നത്. യൂറോപ്യന്‍ യൂണിയന്‍ നിര്‍ദേശങ്ങള്‍ അനുസരിച്ചുള്ള നിയമമാണ് ബാങ്കുകള്‍ നടപ്പാക്കുന്നത്. 27 പൗണ്ടില്‍ അധികം വരുന്ന തുക ചെലവാക്കുകയാണെങ്കില്‍ പേയ്‌മെന്റ് പ്രൊവൈഡര്‍മാര്‍ ഒരു വണ്‍ ടൈം പാസ്‌വേര്‍ഡ് നിങ്ങളുടെ ഫോണിലേക്ക് അയക്കുകയാണ് ചെയ്യുന്നത്.
യൂറോപ്യന്‍ മാനദണ്ഡമനുസരിച്ച് ഇതിന്റെ പരിധി 30 യൂറോയാണ്. എന്നാല്‍ നിങ്ങളുടെ ട്രാന്‍സാക്ഷന്‍ സുരക്ഷിതമാണെന്ന് റീട്ടെയിലര്‍ക്ക് ബോധ്യപ്പെട്ടാല്‍ ചില ഇളുവുകള്‍ ലഭിക്കാനിടയുണ്ട്. തട്ടിപ്പുകള്‍ നടന്നിട്ടില്ലെന്ന് റെഗുലേറ്ററെ ബോധ്യപ്പെടുത്താന്‍ ബാങ്കിന് കഴിഞ്ഞിട്ടുണ്ടെങ്കില്‍ 450 പൗണ്ട് വരെ പരിധി ഉയരും. ഉപഭോക്താക്കളുടെ ഐഡന്റിറ്റി പരിശോധിക്കുന്നതിന് ബാങ്കുകള്‍ മറ്റു വഴികള്‍ തേടുകയാണ് ഇപ്പോള്‍. യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളിലെ ബാങ്ക് തട്ടിപ്പുകള്‍ തടയുന്നതിനായി അവതരിപ്പിച്ച പേയ്‌മെന്റ് സര്‍വീസസ് ഡയറക്ടീവ് അനുസരിച്ചാണ് ഈ ചട്ടങ്ങള്‍ നിലവില്‍ വന്നിരിക്കുന്നത്.
2019 സെപ്റ്റംബറില്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന ഈ ചട്ടങ്ങള്‍ യുകെയില്‍ നടപ്പാക്കിക്കഴിഞ്ഞു. എന്നാല്‍ ഈ രീതികള്‍ ഉപഭോക്താക്കള്‍ക്ക് ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുന്നവയാണെന്ന് വിമര്‍ശകര്‍ പറയുന്നു. മൊബൈല്‍ കവറേജ് ലഭിക്കാത്തവരെയും സാധാരണക്കാരായ ഉപഭോക്താക്കളെയും പരിഗണിക്കാന്‍ ബാങ്കുകള്‍ അലസത കാട്ടുകയാണെന്നാണ് ഫെയറര്‍ ഫിനാന്‍സ് മാനേജിംഗ് ഡയറക്ടര്‍ ജെയിംസ് ഡേലി പറയുന്നത്. 95 ശതമാനം പേര്‍ക്കു വേണ്ടി മാത്രമാണ് ഈ സംവിധാനങ്ങള്‍ തയ്യാറാക്കിയിരിക്കുന്നത്. ബാക്കിയുള്ള 5 ശതമാനം ഉപേക്ഷിക്കപ്പെടുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
Leave a Reply