പെൺകുട്ടികളുടെ ഹോസ്റ്റലിൽ കുളിമുറിയിലടക്കം ഒളിക്യാമറകൾ സ്ഥാപിച്ച സംഭവത്തിൽ ഹോസ്റ്റൽ ഉടമ സമ്പത്ത് രാജിനെ (48) പൊലീസ് അറസ്റ്റ് െചയ്തു. പെൺകുട്ടികളുടെ പരാതിയിൽ പോലീസ് നടത്തിയ അന്വേഷണത്തിലാണ് പെൺകുട്ടികളുടെ മുറിയിലും കുളിമുറിയിലും ഒളിക്യാമറകൾ പൊലീസ് കണ്ടെടുത്തത്.
ഹോസ്റ്റൽ ആരംഭിച്ചിട്ട് രണ്ട് മാസങ്ങൾ മാത്രമേ ആയിട്ടുളളുവെന്ന് പൊലീസ് പറഞ്ഞു. തില്ലയ് ഗംഗാ നഗറിലെ വനിതാ ഹോസ്റ്റലിൽ മൂന്ന് മുറികളാണ് പെൺകുട്ടികൾക്ക് ഇയാൾ താമസിക്കാൻ നൽകിയിട്ടുളളത്. എഴു പെൺകുട്ടികളായിരുന്നു ഇവിടത്തെ താമസക്കാർ. 20,000 രൂപ അഡ്വാൻസ് ഇനത്തിൽ ഇയാൾ ഈടാക്കിയിരുന്നു. മാസം 5,500 രൂപയായിരുന്നു വാടക.
കുളിമുറിയിലെ സ്വിച്ച് ബോർഡിൽ ഹെയർ ഡ്രൈയർ പ്ലഗ് ചെയ്യാൻ നോക്കിയപ്പോൾ സാധിക്കാതെ വന്നതോടെ ഒരു പെൺകുട്ടി നടത്തിയ പരിശോധനയിലാണ് ഒളിക്യാമറ കണ്ടെത്തിയത്. ഹോസ്റ്റലിലെ പല ഭാഗങ്ങളിലായി ആറു ക്യാമറകളാണ് സ്ഥാപിച്ചിരുന്നത്.
ബെഡ്റൂമിലെ ബൾബിനുളളിൽനിന്നും രണ്ടു ക്യാമറയും ഹാങ്ങറിൽനിന്നും രണ്ടെണ്ണവും കർട്ടനു പിറകിൽനിന്നും കുളിമുറിയിൽനിന്നും ഓരോന്നു വീതവുമാണ് പൊലീസ് കണ്ടെടുത്തത്.
ക്യാമറ കണ്ടെടുത്തതോടെ ഉടമ സമ്പത്തിനെ സംശയിക്കുന്നതായി പെൺകുട്ടികൾ പൊലീസിനോട് പറയുകയും ചെയ്തു. പല തവണ അറ്റകുറ്റപണിക്കെന്നു പറഞ്ഞ് ഇയാൾ ഹോസ്റ്റൽ സന്ദർശിച്ചിരുന്നതായി പെൺകുട്ടികൾ പറഞ്ഞു. ശരിയായ കാഴ്ച ലഭിക്കുന്നതു വരെ ഇയാൾ പല ക്യാമറകൾ മാറ്റി മാറ്റി സ്ഥാപിച്ചു കൊണ്ടിരുന്നു. എന്നാൽ ഇതു വരെ യാതൊന്നും റെക്കോർഡ് ചെയ്തിരുന്നില്ലെന്ന് പൊലീസ് പറഞ്ഞു. ഐടി ആക്ട് പ്രകാരം ഇയാൾക്കെതിരെ കേസെടുത്തു.
Leave a Reply