കര്‍ണാടകയില്‍ ധര്‍വാദ് ജില്ലയിലെ മൊറാബ് ഗ്രാമത്തില്‍ എയ്ഡ്സ് ബാധിച്ച സ്ത്രീ മുങ്ങിമരിച്ച തടാകം അണുബാധയുണ്ടാകുമെന്ന ഭയത്താല്‍ ഗ്രാമവാസികള്‍ വറ്റിക്കുന്നു. നാട്ടുകാരുടെ കുടിവെള്ള സ്രോതസ്സായ ജഗിര്ദാര് തടാകത്തില്‍ നവംബര്‍ 29-നാണ് 36-കാരിയുടെ മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ നാലുദിവസം കൊണ്ട് തടാകത്തിന്റെ പകുതിയോളം നാട്ടുകാര്‍ വറ്റിച്ചു.
കര്‍ണാടകയുടെ വടക്കന്‍ ജില്ലയായ ധര്‍വാദിലെ ഈ തടാകത്തില്‍ നിന്നും വെള്ളം എടുക്കാന്‍ മടിച്ച നാട്ടുകാര്‍ മൂന്ന് കിലോമീറ്ററോളം സഞ്ചരിച്ചാണ് ശുദ്ധജലം ശേഖരിക്കുന്നത്. കൃഷിക്കും കുടിക്കാന്‍ ഉള്‍പ്പെടെയുള്ള ദൈനംദിന ആവശ്യങ്ങള്‍ക്കുമായി ഗ്രാമീണര്‍ ഉപയോഗിച്ചിരുന്ന 15 ഏക്കറോളം വരുന്ന തടാകത്തിന്റെ പകുതിയോളം ജലം വറ്റിച്ചിരിക്കുകയാണ്. കൃഷിയ്ക്കും മറ്റു കാര്യങ്ങള്‍ക്കുമായി ഉപയോഗിച്ചിരുന്ന തടാകത്തിലെ വെള്ളം ഇപ്പോള്‍ ഒരു കാര്യത്തിനും നാട്ടുകാര്‍ എടുക്കാതെ വറ്റിക്കാന്‍ തീരുമാനിക്കുകയായിരുന്നു.
നാലു ദിവസം മുമ്പായിരുന്നു എയ്ഡ്സ് ബാധിച്ച യുവതിയുടെ മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തിയത്. ഇവിടെ താമസിക്കുന്ന ഏകദേശം 150 പേരോളം വെള്ളം ഉപയോഗിച്ചിരുന്നത് ഈ തടാകത്തിലെ വെള്ളമായിരുന്നു. അതേസമയം യുവതി ഒരു സ്വകാര്യ സ്ഥാപനത്തില്‍ നടത്തിയ പരിശോധനയിലാണ് എച്ച്ഐവി പോസിറ്റീവാണെന്ന് കണ്ടെത്തിയത്.
ഈ വിവരം ഗ്രാമത്തിലുള്ളവരെല്ലാം അറിയുകയും ചെയ്തിരുന്നു. പഞ്ചായത്തംഗങ്ങളും എയ്ഡ് കണ്ട്രോള് സെല്ലിലെ ജീവനക്കാരും ഗ്രാമവാസികളെ പറഞ്ഞുമനസ്സിലാക്കാന്‍ ശ്രമിച്ചെങ്കിലും ആരും ചെവിക്കൊണ്ടിട്ടില്ല. ക്ലോറിനേഷന് നടത്തിയശേഷം വെള്ളം ഉപയോഗിക്കാവുന്നതാണെന്ന് ഗ്രാമത്തിലെ ഡോക്ടര്‍ സ്പൂര്‍തി ഹവല്‍ദാറും വ്യക്തമാക്കി.
വെള്ളം പറ്റിച്ചെങ്കിലും അടുത്ത അഞ്ചു ദിവസത്തിനുള്ളില്‍ തൊട്ടപ്പുറത്തെ മലപ്രഭാ ഡാമില്‍ നിന്നും വെള്ളം തുറന്നുവിട്ട് തടാകം വീണ്ടും നിറയ്ക്കാന്‍ കഴിയുമെന്നാണ് നാട്ടുകാര്‍ പറഞ്ഞത്. കഴിഞ്ഞ ഒക്ടോബറിലാണ് യുവതിയ്ക്ക് എച്ച്ഐവി പോസിറ്റീവ് സ്ഥിരീകരിച്ചത്. എന്നാല്‍ സര്‍ക്കാര്‍ സെന്റര്‍ ഇക്കാര്യം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.
Leave a Reply