ആലുവ: അസിസ്റ്റന്റ് മാനേജരുടെ അതിബുദ്ധിയിൽ യൂണിയൻ ബാങ്ക് ആലുവ ശാഖയിൽ നിന്നും രണ്ടര കോടി രൂപയുടെ സ്വർണം കവർന്ന കേസിൽ പ്രധാന പ്രതികളായ ദന്പതികളെ പോലീസ് കസ്റ്റഡിയിൽ വിട്ടു. തൊണ്ടിമുതലുകൾ കണ്ടെത്താൻ പോലീസ് ശ്രമം ആരംഭിച്ചു.
ഒരു വർഷംകൊണ്ട് ബാങ്ക് ലോക്കറിൽനിന്നും പലപ്പോഴായി 128 ഇടപാടുകാരുടെ ഒന്പത് കിലോഗ്രാം സ്വർണപ്പണയ ഉരുപ്പടികൾ കവർന്നെടുത്തെങ്കിലും അങ്കമാലി കറുകുറ്റിയിലെ വാടക വീട്ടിൽ ബാങ്ക് സിസ്റ്റത്തിൽ തന്നെ ഇതിന്റെയെല്ലാം രേഖകൾ സൂക്ഷിച്ചിരുന്നു. ബാങ്കിലെ സ്വർണപ്പണയ വിഭാഗത്തിന്റെ ചുമതലക്കാരിയായ അസിസ്റ്റന്റ് മാനേജർ കറുകുറ്റി മരങ്ങാടം കരുമത്തി സിസ്മോൾ (34), ഭർത്താവ് കളമശേരി സജി നിവാസിൽ സജിത്ത് (35) എന്നിവരെ ഒരു മാസത്തെ അന്വേഷണത്തിനിടയിൽ കഴിഞ്ഞ ദിവസമാണ് ആലുവ ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്.
നവംബർ 16-നാണ് കേരളത്തിലെ ബാങ്കിംഗ് മേഖലയെ തന്നെ ഞെട്ടിച്ച കോടികളുടെ തട്ടിപ്പിന്റെ കഥ പുറത്തുവരുന്നത്. സംഭവം കണ്ടെത്തിയ ദിവസം സിസ്മോൾ എറണാകുളത്ത് ബാങ്കിന്റെ പരിശീലന ക്ലാസിൽ പങ്കെടുക്കാൻ പോയിരിക്കുകയായിരുന്നു. പണമടച്ച് പണയ ഉരുപ്പടിയായ സ്വർണം തിരികെ എടുക്കാനെത്തിയ ഇടപാടുകാരന് ലോക്കറിൽനിന്നും കവറെടുത്തു പരിശോധിച്ച ബാങ്ക് അധികൃതർ ഞെട്ടിപ്പോയി. തുല്യ തൂക്കത്തിലുള്ള റോൽഡ് ഗോൾഡ് ആഭരണങ്ങളും കുപ്പിവളകളുമായിരുന്നു കവറിനുള്ളിൽ.
സംഭവം ഉടൻതന്നെ പരിശീലനത്തിലുള്ള സിസ്മോളെ ബാങ്ക് മാനേജർ അറിയിച്ചപ്പോൾ താൻ വരട്ടെ പരിശോധിക്കാമെന്നായിരുന്നു മറുപടി. ഇതിനിടയിൽ ഇടപാടുകാരനെ ബാങ്ക് അധികൃതർ അനുനയിപ്പിച്ച് തിരിച്ചയച്ചു. എന്നാൽ, കള്ളി വെളിച്ചത്തായതോടെ സിസ്മോളും ഭർത്താവും അങ്കമാലിയിലെ വാടകവീട് പൂട്ടി കേരളം വിടുകയായിരുന്നു.
പിന്നീട് ബാങ്ക് അധികൃതർ നടത്തിയ പരിശോധനയിലാണ് കോടികളുടെ തിരിമറിയുടെ കണക്കുകൾ ലഭിക്കുന്നത്. തുടർന്ന് പോലീസ് പരാതി നൽകുകയായിരുന്നു. തിരിമറി കൈയോടെ പിടികൂടിയെന്ന് ഉറപ്പിച്ചതോടെ കൈയിൽ കിട്ടിയതെല്ലാം എടുത്ത് ഇരുവരും ആദ്യം ബാംഗളൂരിന് കടന്നു. ഇതിനിടയിൽ ഇവർ ഉപയോഗിച്ചിരുന്ന മൊബൈൽ ഫോണുകൾ സിം കാർഡുകളടക്കം നശിപ്പിച്ചു. അടുത്ത ബന്ധുക്കളുമായി മാത്രം വല്ലപ്പോഴും ബന്ധപ്പെട്ടിരുന്നു.
ഇവർക്കായുള്ള അന്വേഷണം മരവിപ്പിച്ചതെന്ന മട്ടിലായിരുന്നു പോലീസ് മുന്നോട്ടുപോയത്. ഇതിനിടയിൽ റൂറൽ ജില്ലാ പോലീസ് മേധാവിയുടെ ചുമതല വഹിക്കുന്ന സിറ്റി ഡിസിപി ഡോ. ജെ. ഹിമേന്ദ്രനാഥിന്റെ നിർദ്ദേശപ്രകാരം 16 അംഗ സംഘം നാല് സംഘങ്ങളായി തിരിഞ്ഞ് അന്വേഷണത്തിലായിരുന്നു. ബാംഗളൂർ കൂടാതെ ഗോവ, മംഗളൂരു, ഉഡുപ്പി, ഗോകർണം, കണ്ണൂർ, കാസർഗോഡ് എന്നിവിടങ്ങളിൽ മാറിമാറിയാണ് ഒളിവിൽ കഴിഞ്ഞിരുന്നത്.
അന്വേഷണ സംഘത്തിന്റെ കൈയെത്തും ദൂരത്ത് എത്തുന്പോഴേയ്ക്കും ഇവർ കടന്നു കളയാറായിരുന്നു പതിവ്. കറങ്ങിതിരിഞ്ഞ് കൈവശമുണ്ടായിരുന്ന പണമെല്ലാം തീർന്നതോടെ ഒടുവിൽ കോഴിക്കോട് എത്തുകയായിരുന്നു ഇരുവരും. പിടിയിലാകുമെന്ന് ഉറപ്പായതോടെ ഒളിച്ചുകളി അവസാനിപ്പിച്ചു പോലീസിന് കീഴടങ്ങുകയായിരുന്നു.
പ്രതികൾക്കായുള്ള അന്വേഷണങ്ങൾക്കിടയിൽ അങ്കമാലിയിലെ വാടക വീടിന്റെ ലോക്ക് തകർത്ത് പോലീസ് പരിശോധന നടത്തിയിരുന്നു. ഇവിടെനിന്നും ബാങ്കിൽനിന്നും കവർന്ന സ്വർണം പണയപ്പെടുത്തിയതിന്റെ വിവരങ്ങൾ ലഭിച്ചിരുന്നു. ഇടപാടുകളുടെ പേരും വിലാസവും സ്വർണ്ണത്തിന്റെ തൂക്കവും അടക്കം ബാങ്ക് സിസ്റ്റത്തിൽതന്നെ രജിസ്റ്റ് ചെയ്ത് സൂക്ഷിച്ചിരുന്ന ഡയറിയും പോലീസ് ഇവിടെനിന്നും കണ്ടെടുത്തു.
പിടിയിലായ ഇവരെ ചോദ്യം ചെയ്തതിൽനിന്നും കൂടുതൽ വിവരങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. ആലുവ, അങ്കമാലി, കറുകുറ്റി, മൂക്കന്നൂർ, കളമശേരി മേഖലകളിലെ വിവിധ സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളിലാണ് ആഭരണങ്ങൾ ഉള്ളതെന്നാണ് പ്രതികളുടെ വെളിപ്പെടുത്തൽ. ആലുവ കോടതിയിൽ ഹാജരാക്കിയ പ്രതികളെ പോലീസിന് കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്.
ഇന്നുമുതൽ ഇവരെക്കൊണ്ട് സ്വർണം പണയപ്പെടുത്തിയ ധനകാര്യസ്ഥാപനങ്ങളിൽ കൊണ്ടുപോയി പോലീസ് റിക്കവറി നടത്തും. നഷ്ടമായ സ്വർണത്തിന്റെ ഉത്തരവാദിത്വം യൂണിയൻ ബാങ്ക് ആലുവ ശാഖയ്ക്കാണ്. റിക്കവറി നടത്തുന്ന തൊണ്ടി മുതൽ ബാങ്ക് ഇടപ്പെട്ട് കോടതി വഴി ഇടപാടുകാർക്ക് വാങ്ങി നൽകും.
ഇതര മതസ്ഥരായ പ്രതികൾ പ്രണയിച്ച് വിവാഹം കഴിച്ചവരാണ്. ഗുണ്ടകളടക്കമുള്ള ക്രിമിനലുകളുമായി സജിത്ത് അടുത്ത ബന്ധം പുലർത്തിയിരുന്നതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഏത് വിധേനയും പണമുണ്ടാക്കാനുള്ള സജിത്തിന്റെ ആർത്തിയാണ് സിസ്മോളുടെ ജീവിതം തകർത്തത്.
വിവാഹത്തിനു ശേഷമാണ് മദ്യപാനമടക്കമുള്ള സജിത്തിന്റെ വഴിവിട്ട ജീവിതത്തെക്കുറിച്ച് സിസ്മോൾ മനസിലാക്കുന്നത്. ആഡംബര ജീവിതത്തിന് പണമില്ലാതെ വരുന്പോൾ മദ്യപിച്ചെത്തി ഭാര്യയെ ക്രൂരമായി മർദ്ദിക്കുന്നത് സജിത്തിന്റെ പതിവായിരുന്നു. ഇത്തരത്തിൽ ഭീഷണിപ്പെടുത്തിയാണ് സിസ്മോളെക്കൊണ്ട് ബാങ്കിലെ സ്വർണം എടുപ്പിച്ചത്.
ചൂതാട്ട കന്പക്കാരനായ സജിത്ത് ഓഹരി വിപണിയിൽ കോടികൾ നിക്ഷേപിച്ചെങ്കിലും അതെല്ലാം നഷ്ടത്തിൽ കലാശിച്ചെന്നാണ് മൊഴി. ഒളിവിൽ കഴിയുന്നതിനിടയിൽ രണ്ടുവട്ടം ഇവർ ആത്മഹത്യയ്ക്ക് ശ്രമിച്ചതായും സൂചനയുണ്ട്. പിടിയിലാകുന്പോൾ ദന്പതികൾ മാനസികവും ശാരീരികവുമായി ഏറെ തകർന്നിരുന്നതായി പോലീസ് പറഞ്ഞു.
ആലുവ ഡിവൈഎസ്പി എൻ.ആർ. ജയരാജ്, സിഐ വിശാൽ കെ. ജോണ്സൺ, എസ്ഐമാരായ എം.എസ്. ഫൈസൽ, മുഹമ്മദ് ബഷീർ എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിച്ചത്.
Leave a Reply