2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങൾ ഗംഭീരമാക്കുകയാണ് കോൺഗ്രസ്. ദേശീയ രാഷ്ട്രീയത്തിലേക്കുള്ള കോൺഗ്രസ്സിന്റെ തിരിച്ചുവരവ് കൂടിയായിരുന്നു അഞ്ച് നിയമസഭാകളിലേക്ക് നടന്ന തിരഞ്ഞെടുപ്പുകളിൽ ബിജെപിയിൽ നിന്ന് രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീസ്ഗഢ് എന്നീ സംസ്ഥാനങ്ങൾ പിടിച്ചെടുത്തത്.
കോൺഗ്രസ് വിജയം രാഹുൽഗാന്ധിയുടെ നേതൃത്വത്തിനുള്ള അംഗീകാരം കൂടിയായി. ഇതോടെ പ്രതിപക്ഷത്തിന്റെ നേതൃത്വനിരയിലേക്കും രാഹുൽ ഉയർന്നു. യുവതലമുറക്കൊപ്പം തന്നെ മുതിർന്നനേതാക്കൾക്കും ഒരേ പോലെ പ്രാധാന്യം നൽകുന്നതാണ് രാഹുലിന്റെ രീതി. കേരളത്തിലെ ഏറ്റവും മുതിർന്ന നേതാവായ ഉമ്മൻചാണ്ടിയെ ലോക്സഭയിലേക്ക് എത്തിക്കാൻ രാഹുൽ തന്നെ നേരിട്ട് ഇടപെടുന്നതും അതുകൊണ്ടാണ്. ഇടുക്കി, കോട്ടയം ലോക്സഭാ സീറ്റുകളാണ് ഉമ്മൻചാണ്ടിക്ക് വേണ്ടി പരിഗണിക്കുന്നത്. വിശദാംശങ്ങൾ ഇങ്ങനെ..
2016ലെ നിയമസഭാ തിരഞ്ഞെടുപ്പിലെ തോല്‍വിയെ തുടര്‍ന്ന് കോണ്‍ഗ്രസ്സിന്റെ യാതൊരു സംഘടനാ ചുമതലയും ഏറ്റെടുക്കാന്‍ ദീര്‍ഘനാള്‍ ഉമ്മന്‍ചാണ്ടി തയ്യാറായിരുന്നില്ല. പിന്നീട് ദേശീയ നേതൃത്വത്തിന്റെ നേരിട്ടുള്ള ഇടപെടലിലൂടെയാണ് അദ്ദേഹത്തെ സംഘടനാ ചുമതലകളിലേക്ക് കൊണ്ടുവന്നത്. എഐസിസി ജനറല്‍ സെക്രട്ടറിയായി നിയമിച്ച അദ്ദേഹത്തിന് ആന്ധ്രയുടെ ചുമതലയും ഹൈക്കമാന്‍ഡ് നല്കി. പാര്‍ട്ടിക്ക് വലിയ തിരിച്ചടികള്‍ നേരിട്ട ആന്ധ്രയില്‍ കോണ്‍ഗ്രസ്സിനെ ശക്തിപ്പെടുത്താനുള്ള പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോവുകയാണ് ഉമ്മന്‍ചാണ്ടി. ഇതിനിടെയാണ് അദ്ദേഹത്തെ ലോക്സഭയിലേക്ക് എത്തിക്കാന്‍ കോണ്‍ഗ്രസ് തയ്യാറെടുക്കുന്നു എന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്.
ഇടുക്കി ലോക്സഭാ സീറ്റില്‍ നിന്ന് അദ്ദേഹം ലോക്സഭയിലേക്ക് മത്സരിച്ചേക്കും എന്നാണ് സൂചന. ട്വന്റിഫോര്‍ ന്യൂസിന് നല്കിയ അഭിമുഖത്തില്‍ ഉമ്മന്‍ചാണ്ടി തന്നെ നടത്തിയ ചിലപാരാമര്‍ശങ്ങാണ് ഉമ്മന്‍ചാണ്ടിയുടെ സ്ഥാനാര്‍ത്ഥി ചര്‍ച്ചകള്‍ സജീവമക്കായത്. കേരളത്തില്‍ നിലവില്‍ സംഘടനാചുമതലയൊന്നും ഇല്ലാത്ത സാഹചര്യത്തില്‍ ലോക്സഭയിലേക്ക് മത്സരിക്കുമോ എന്ന അവതാരകന്റെ ചോദ്യത്തിന് ആദ്യം നിലവില്‍ അങ്ങനത്തെ തീരുമാനങ്ങളൊന്നും പാര്‍ട്ടി എടുത്തിട്ടില്ല എന്നായിരുന്നു ഉമ്മന്‍ചാണ്ടിയുടെ മറുപടി. പാര്‍ട്ടി തീരുമാനിക്കുകയാണെങ്കില്‍ മത്സരിക്കുമോ എന്ന ചോദ്യത്തിന് പാര്‍ട്ടി പറഞ്ഞാല്‍ മത്സരിക്കുമെന്നായിരുന്നു ഉമ്മന്‍ചാണ്ടിയുടെ മറുപടി. കേരള കോണ്‍ഗ്രസിന്റെ സീറ്റായ കോട്ടയം ഏറ്റെടുക്കില്ല. അവിടെ കേരള കോണ്‍ഗ്രസ് എമ്മിന്റെ സ്ഥാനാര്‍ത്ഥി തന്നെ ലോക്സഭയിലേക്ക് മത്സരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഇതിനുപിന്നാലെ വിവിധ പരിപാടികളുമായി ഉമ്മന്‍ചാണ്ടി ഇടുക്കിയില്‍ സജീവമായതും അദ്ദേഹത്തിന്റെ സ്ഥാനാര്‍ത്ഥി ചര്‍ച്ചകള്‍ക്ക് ശക്തിപകരുന്നു. അതേസമയം നിലവില്‍ അങ്ങനെയൊരും തീരുമാനങ്ങളൊന്നും പാര്‍ട്ടി എടുത്തിട്ടില്ല എ്ന്നാണ് ഉമ്മന്‍ചാണ്ടി പ്രതികരിക്കുന്നത്. പാര്‍ട്ടി അങ്ങനെയൊരും തീരുമാനം എടുത്താല്‍ അപ്പോള്‍ അലോചിക്കാം എന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു. ഉറച്ച യുഡിഎഫ് മണ്ഡലമായ ഇടുക്കി കസ്തൂരിരംഗന്‍-ഗാഡ്ഗില്‍ റിപ്പോര്‍ട്ടുകള്‍ സജീവ ചര്‍ച്ചാ വിഷയമായ 2014 ല്‍ കോണ്‍ഗ്രസിന് നഷ്ടമായിരുന്നു. ഇടത് പിന്തുണയോടെ മത്സരിച്ച ഹൈറേഞ്ച് സംരക്ഷണ സമിതി നേതാവ് ജോയ്സ് ജോര്‍ജ്ജ് ആയിരുന്നു കോണ്‍ഗ്രസ്സില്‍ നിന്ന് മണ്ഡലം പിടിച്ചെടുത്തത്.
2014 ല്‍ നിന്ന് 2018 ലേക്ക് എത്തുമ്പോള്‍ തങ്ങളുടെ പഴയകോട്ടയെ അതുപോലെ തന്നെ ശക്തിപ്പെടുത്താന്‍ കഴിഞ്ഞിട്ടുണ്ട് എന്ന വിലയിരുത്തലാണ് കോണ്‍ഗ്രസ്സിന് ഉള്ളത്. എന്തെങ്കിലും പോരായ്മകള്‍ ഉണ്ടെങ്കില്‍ ഉമ്മന്‍ചാണ്ടിയെ രംഗത്ത് ഇറക്കുന്നതിലൂടെ അത് പൂര്‍ണ്ണമായും പരിഹരിക്കാം എന്നാണ് കോണ്‍ഗ്രസ് കണക്കുകൂട്ടുന്നത്. ഉമ്മന്‍ചാണ്ടിയല്ലെങ്കില്‍ കോണ്‍ഗ്രസ് പരിഗണിക്കുന്ന മറ്റൊരു നേതാവ് കഴിഞ്ഞ തവണ മത്സരിച്ച് പരാജയപ്പെട്ട യൂത്ത് കോണ്‍ഗ്രസ് നേതാവ് ഡീന്‍കുര്യാക്കോസാണ്. മലയോരകര്‍ഷകരും ക്രീസ്തീയ രൂപതകളും കൈവിട്ടപ്പോഴാണ് കഴിഞ്ഞ തവണ ഡീന്‍കുര്യാക്കോസിന് പാര്‍ട്ടിയുടെ ഉറച്ച മണ്ഡലത്തില്‍ പരാജയപ്പെടേണ്ടി വന്നത്.
അതേസമയം ഇടുക്കിയല്ലെങ്കില്‍ ഉമ്മന്‍ചാണ്ടിയെ കോട്ടയത്ത് പരിഗണിക്കുന്നു എന്ന വാര്‍ത്തകളും പുറത്തുവരുന്നുണ്ട്. നിലവില്‍ കേരള കോണ്‍ഗ്രസ്സിന്റെ സീറ്റായ കോട്ടയത്ത് ഉമ്മന്‍ചാണ്ടിയെ മത്സരിപ്പിക്കണമെങ്കില്‍ ഇടുക്കി സീറ്റ് അവരുമായി വെച്ചുമാറേണ്ടിവരും. സീറ്റുകള്‍ പരസ്പരം വച്ചു മാറില്ലെന്ന് കോണ്‍ഗ്രസും കേരള കോണ്‍ഗ്രസും ആവര്‍ത്തിച്ച് വ്യക്തമാക്കുന്നുണ്ടെങ്കിലും ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്റെ നിലപാടായിരിക്കും നിര്‍ണ്ണായകമാവുക.
കേരളത്തിലെ സീറ്റ് വിഭജന ചര്‍ച്ചകള്‍ എങ്ങും തുടങ്ങിയിട്ടില്ല. ഘടക കക്ഷികളുടെ സിറ്റിംഗ് സീറ്റുകള്‍ അവര്‍ക്കു തന്നെ എന്ന പതിവ് യുഡിഎഫ് നയത്തിന് ഇത്തവണ മാറ്റമുണ്ടാകുമോ എന്നതാണ് ഏറ്റവും പ്രധാനം. ജോസ് കെ മാണിക്ക് കോണ്‍ഗ്രസിന്റെ രാജ്യസഭാ സീറ്റ് നല്കിയ സമയത്താണ് കേരള കോണ്‍ഗ്രസിന് കോട്ടയത്തിനു പകരം ഇടുക്കിയെന്ന ചര്‍ച്ച ആദ്യം തുടങ്ങിയത്. അതേസമയം കോട്ടയം ലോക്സഭ സീറ്റില്‍ നിന്നും കേരള കോണ്‍ഗ്രസ് എം ചെയര്‍മാനും മുന്‍ ധനമന്ത്രിയുമായ കെ എം മാണി മത്സരിക്കാന്‍ സാധ്യതയുണ്ട്. നേരത്തെ കെ എം മാണിയുടെ മകനും കേരള കോണ്‍ഗ്രസ് എം നേതാവുമായ ജോസ് കെ മാണി ഇവിടെ നിന്ന് ജയിച്ചിരുന്നു. രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്ന് ജോസ് കെ മാണി കോട്ടയം എംപി സ്ഥാനം രാജിവച്ചു. വരുന്ന ലോക്സഭ തിരഞ്ഞെടുപ്പില്‍ സീറ്റ് നിലനിര്‍ത്തുകയെന്നത് കേരള കോണ്‍ഗ്രസിനെ സംബന്ധിച്ച് അഭിമാന പ്രശ്നമാണ്.
എഐസിസി നേതൃത്വത്തിന്റെ ഭാഗമായ ഉമ്മന്‍ചാണ്ടി ദേശീയ രാഷ്ട്രീയത്തില്‍ കൂടുതല്‍ സജീവമാകണമെന്ന നിര്‍ദ്ദേശം ഹൈക്കമാന്‍ഡില്‍ നിന്ന് ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നവരും കോണ്‍ഗ്രസിലുണ്ട്. ലോക്സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ നിന്നും പരമാവധി സീറ്റ് വിജയിക്കുന്നതിന് മുതിര്‍ന്ന നേതാക്കളെ തന്നെ രംഗത്ത് ഇറക്കാനാണ് യുഡിഎഫ് ആലോചിക്കുന്നത്. അതിന്റെ ഫലമായിട്ടാണ് ഉമ്മന്‍ചാണ്ടി, കെ എം മാണി പോലെയുള്ളവരെ മത്സരിപ്പിച്ച് ജനവിധി തങ്ങള്‍ അനുകൂലമാക്കുന്നതിന് ശ്രമം നടത്തുകയെന്നതാണ് റിപ്പോര്‍ട്ട്.
Leave a Reply