2019ല്‍ ഒരു ഇടക്കാല തെരഞ്ഞെടുപ്പ് സംഭവിക്കുകയും അതില്‍ ലേബര്‍ അധികാരത്തില്‍ എത്തുകയും ചെയ്താലും ബ്രെക്സിറ്റ് തുടരുമെന്ന് ലേബര്‍ നേതാവ് ജെറമി കോര്ബിന്. എന്നാല്‍ നിലവില്‍ തെരേസ മേയ് കൊണ്ടുവന്നതിനേക്കാള്‍ മികച്ച ഒരു ധാരണയില്‍ ബ്രസല്‍സുമായി ഏര്‍പ്പെടുമെന്നും കോര്ബിന് പറഞ്ഞു. ഗാര്ഡിയന് നല്കിയ അഭിമുഖത്തിലാണ് ലേബര്‍ നിലപാട് കോര്ബിന് വ്യക്തമാക്കിയത്. ബ്രെക്സിറ്റില്‍ ഒരു രണ്ടാം ഹിതപരിശോധനയ്ക്ക് പാര്‍ട്ടി എംപിമാര്‍ ഉള്‍പ്പെടെയുള്ളവര്‍ ആവശ്യപ്പെടുന്നുണ്ടെങ്കിലും അക്കാര്യത്തിലുള്ള നിലപാട് പാര്‍ട്ടി തീരുമാനിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. ഇപ്പോള്‍ ബ്രെക്സിറ്റില്‍ മുന്നോട്ടു പോകണം എന്നു തന്നെയാണ് താന്‍ നിര്‍ദേശിക്കുന്നതെന്നും യൂറോപ്യന്‍ യൂണിയന് ഒരു മികച്ച വ്യാപാര പങ്കാളിയാകുന്ന വിധത്തില്‍ കസ്റ്റംസ് യൂണിയന് ലഭിക്കണമെന്നും അദ്ദേഹം പറഞ്ഞു.
യൂറോപ്യന്‍ യൂണിയന്റെ സ്റ്റേറ്റ് എയിഡ് സമ്പ്രദായത്തെ അദ്ദേഹം വിമര്‍ശിക്കുകയും ചെയ്തു. ഈ സമ്പ്രദായം പുനഃപരിശോധനയ്ക്ക് വിധേയമാക്കേണ്ടതുണ്ട്. നാം ചെയ്യുന്നതുപോലെ ഒരു സമ്പദ് വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാന്‍ ശ്രമിക്കുമ്പോള്‍ രാജ്യത്തെ വ്യവസായം വളര്‍ത്താന്‍ സ്റ്റേറ്റ് എയിഡ് ഉപയോഗിക്കാന്‍ സാധിക്കില്ലെന്ന് മറ്റൊരാള്‍ പറയുന്നത് അംഗീകരിക്കാന്‍ കഴിയില്ല. താന്‍ പ്രധാനമന്ത്രിയെ വിഡ്ഢിയായ സ്ത്രീ എന്നു വിളിച്ചു എന്ന ആരോപണത്തില്‍ പാര്‍ലമെന്റില്‍ നടന്ന വാദപ്രതിവാദങ്ങളില്‍ തനിക്ക് രോഷമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. സ്റ്റുപ്പിഡ് പീപ്പിള്‍ എന്നതാണ് താന്‍ പ്രയോഗിച്ച പദമെന്നും സ്റ്റുപ്പിഡ് വുമണ്‍ എന്ന് പറഞ്ഞിട്ടേയില്ലെന്നും കോര്ബിന് ആവര്‍ത്തിച്ചു.
ഈ വിഷയത്തില്‍ ടോറി എംപിമാരുടെ അമിതാവേശം വളരെ രസകരമാണെന്നും രാജ്യത്തെ തെരുവില്‍ കഴിയുന്നവരേക്കുറിച്ച് ഇവരുടെ സമീപനം എന്താണെന്ന ചോദ്യവും അദ്ദേഹം ഉന്നയിച്ചു. തെരേസ മേയുടെ ബ്രെക്സിറ്റ് ധാരണാ ബില്ലില്‍ ക്രിസ്മസ് അവധിക്കു ശേഷം പാര്‍ലമെന്റ് ചേരുന്ന രണ്ടാം ദിവസമായ ജനുവരി 9ന് വീണ്ടും ചര്‍ച്ചയാരംഭിക്കും. ഡിസംബര്‍ 11നായിരുന്നു വിഷയത്തില്‍ ആദ്യം വോട്ടിംഗ് പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ കോമണ്‍സില്‍ പരാജയം ഉറപ്പായ സാഹചര്യത്തില്‍ വോട്ടിംഗ് മാറ്റിവെക്കുകയായിരുന്നു.
Leave a Reply