ഗാറ്റ്വിക്ക് വിമാനത്താവളത്തില്‍ നിന്നുള്ള സര്‍വീസുകള്‍ 36 മണിക്കൂര്‍ നിര്‍ത്തിവെയ്പ്പിച്ച ഡ്രോണ്‍ പോലീസിന്റെയെന്ന് സൂചന. സസെക്‌സ് പോലീസ് ചീഫ് കോണ്‍സ്റ്റബിള്‍ ആണ് ഇക്കാര്യം സൂചിപ്പിച്ചത്. എയര്‍ഫീല്‍ഡില്‍ 115 തവണ ഡ്രോണുകള്‍ കണ്ടുവെന്നാണ് പോലീസിന് ലഭിച്ച വിവരം. അവയില്‍ 92 എണ്ണം വിശ്വസനീയ കേന്ദ്രങ്ങളില്‍ നിന്നുള്ളവയാണെന്ന് സസെക്‌സ് പോലീസ് ചീഫ് കോണ്‍സ്റ്റബിള്‍ ഗൈല്‍സ് യോര്‍ക്ക് പറഞ്ഞു. ഡിസംബര്‍ 19ന് പുലര്‍ച്ചെയാണ് സംശയാസ്പദമായ വിധത്തില്‍ ഡ്രോണുകള്‍ റണ്‍വേയില്‍ കണ്ടതായി റിപ്പോര്‍ട്ടുകള്‍ വന്നത്. ഇതേത്തുടര്‍ന്ന് വിമാനത്താവളത്തില്‍ നിന്നുള്ള സര്‍വീസുകള്‍ റദ്ദാക്കി റണ്‍വേ അടച്ചിട്ടു. റണ്‍വേയില്‍ പ്രത്യക്ഷപ്പെട്ടുവെന്ന് സംശയിക്കുന്ന അജ്ഞാത ഡ്രോണിനെ കണ്ടെത്തുന്നതിനായാണ് പോലീസ് ഡ്രോണുകള്‍ ഉപയോഗിച്ചതെന്നാണ് വെളിപ്പെടുത്തല്‍.

അജ്ഞാത ഡ്രോണുകള്‍ റണ്‍വേയില്‍ പറന്നിട്ടുണ്ടോ എന്ന് നിരീക്ഷിക്കാന്‍ പോലീസും ഡ്രോണുകള്‍ ഉപയോഗിച്ചിട്ടുണ്ടെന്നും ഇത് ചില ആശയക്കുഴപ്പങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ടെന്നും യോര്‍ക്ക് ബിബിസി റേഡിയോ 4ന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. റണ്‍വേയില്‍ ഡ്രോണുകള്‍ കണ്ടുവെന്നത് വ്യാജ വിവരമാകാന്‍ സാധ്യതയുണ്ടെന്ന് കഴിഞ്ഞയാഴ്ച ഡിറ്റക്ടീവ് ചീഫ് സൂപ്രണ്ട് ജെയ്‌സണ്‍ ടിംഗ്ലി പറഞ്ഞിരുന്നു. അതേസമയം വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തിവെക്കാന്‍ കാരണം അനധികൃതമായി പറന്ന ഡ്രോണ്‍ ആണെന്നും പോലീസ് ഡ്രോണുകള്‍ക്ക് ഇതില്‍ പങ്കില്ലെന്നും സസെക്‌സ് പോലീസ് വക്താവ് അറിയിച്ചു.

ഡ്രോണുകള്‍ കണ്ടെന്ന റിപ്പോര്‍ട്ടുകള്‍ വരുമ്പോള്‍ പോലീസ് ഡ്രോണുകള്‍ പ്രവര്‍ത്തിച്ചിരുന്നില്ല. വിമാനത്താവളം അടച്ചതിനു ശേഷമാണ് പോലീസിന്റെ ഡ്രോണുകള്‍ ഉപയോഗിച്ചതെന്നും വക്താവ് പറഞ്ഞു. വിമാനത്താവളത്തില്‍ നിന്ന് തകര്‍ന്ന രണ്ട് ഡ്രോണുകള്‍ കണ്ടെത്തിയിരുന്നു.ഇവയ്ക്കും സര്‍വീസുകള്‍ നിര്‍ത്തിവെക്കേണ്ടി വന്ന സംഭവവുമായി ബന്ധമില്ലെന്നാണ് സ്ഥിരീകരണം. ഡ്രോണുകള്‍ പറത്താന്‍ സാധ്യതയുള്ള 26 പ്രദേശങ്ങള്‍ പോലീസ് പരിശോധിച്ചുവെന്നും അവിടങ്ങളില്‍ നിന്ന് റണ്‍വേയിലേക്ക് ഡ്രോണുകള്‍ പറത്തിയിരിക്കാനുള്ള സാധ്യതകള്‍ വിരളമാണെന്നും യോര്‍ക്ക് വ്യക്തമാക്കി.