ബ്രിട്ടീഷ് വൈദ്യുതോല്പാദന കേന്ദ്രങ്ങളുടെ പ്രവര്‍ത്തനം സുഗമമാക്കിയിരുന്ന ഗവണ്മെന്റ് സബ്സിഡികള്‍ നിര്‍ത്തലാക്കാന്‍ യൂറോപ്യന്‍ കോര്‍ട്ട് ഓഫ് ജസ്റ്റിസ് നിര്‍ദേശം. ഇത് ബ്രിട്ടനെ ഇരുട്ടിലാക്കുമെന്നാണ് കരുതുന്നത്. യൂറോപ്യന്‍ യൂണിയനില്‍ നിന്ന് ബ്രിട്ടന് പിന്മാറിയാലും നവംബറില്‍ പുറപ്പെടുവിച്ച ഈ ഉത്തരവ് അനുസരിച്ച് പവര്‍ സ്റ്റേഷനുകള്‍ക്ക് ലഭിച്ചിരുന്ന സബ്സിഡികള്‍ ഇല്ലാതാകും. കപ്പാസിറ്റി മാര്‍ക്കറ്റ് സ്കീം അനുസരിച്ച് ലഭിച്ചുകൊണ്ടിരുന്ന 1 ബില്യന്‍ പൗണ്ടിന്റെ സബ്സിഡികളായിരിക്കും ഇല്ലാതാകുക. ഇത് പവര്‍ സ്റ്റേഷനുകളുടെ പ്രവര്‍ത്തനത്തെ ബാധിക്കുകയും ബ്രിട്ടന്റെ നല്ലൊരു ശതമാനം പ്രദേശങ്ങളിലെ വൈദ്യുതി വിതരണത്തെ ബാധിക്കുമെന്നുമാണ് ആശങ്ക ഉയരുന്നത്. ഇതേക്കുറിച്ച് ഗവണ്മെന്റ് സെലക്ട് കമ്മിറ്റി പഠനം നടത്തി വരികയാണ്.
വിന്റര്‍ കടുത്തുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ വൈദ്യുതി തടസമുണ്ടാകുന്നത് വീടുകളുടെ ഹീറ്റിംഗിനെ ബാധിക്കുമെന്നും കരുതുന്നു. 2014ലാണ് കപ്പാസിറ്റി മാര്‍ക്കറ്റ് സ്കീം അവതരിപ്പിച്ചത്. ഇതിലൂടെ ചെറുകിട വൈദ്യുതോല്പാദന സംരംഭങ്ങള്‍ ഉയര്‍ന്നു വന്നിരുന്നു. ഇത് വൈദ്യുതി വിതരണത്തെയും സഹായിച്ചിരുന്നു. എന്നാല്‍ യൂറോപ്യന്‍ യൂണിയന്റെ സ്റ്റേറ്റ് എയിഡ് സ്കീമിന് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഇത് നിരോധിക്കാന്‍ യൂറോപ്യന്‍ കോടതി ഉത്തരവിട്ടിരിക്കുന്നത്. ഈ ഉത്തരവ് നിലവില്‍ വരുന്നതോടെ ചെറുകിട ഉദ്പാദകര്‍ പൂര്‍ണ്ണമായും തകരും. വന്‍കിട ഉദ്പാദകരായ ഡ്രാക്സ്, എസ്എസ്ഇ, സ്കോട്ടിഷ് പവര്‍ എന്നിവര്‍ക്കും ഈ സബ്സിഡി ലഭിക്കുന്നുണ്ട്. ഈ കമ്പനികളും കോടതിയുടെ ഉത്തരവില്‍ ആശങ്കാകുലരാണ്.
എനര്‍ജി സപ്ലയര്‍മാരാണ് കൂടുതല്‍ പ്രതിസന്ധിയിലായിരിക്കുന്നത്. സബ്സിഡി പദ്ധതി എനര്‍ജി ബില്ലുകളില്‍ നിന്ന് പിരിക്കുന്ന ലെവികളിലൂടെയും നികുതിപ്പണത്തില്‍ നിന്നുമാണ് നല്കി വന്നിരുന്നത്. ഇത് ഇല്ലാതാകുമ്പോളുള്ള നഷ്ടം പരിഹരിക്കാന്‍ നിരക്കു വര്‍ദ്ധന ഏര്‍പ്പെടുത്തേണ്ടി വരുമോ എന്നാണ് ഇവരുടെ ആശങ്ക. എനര്‍ജി ബില്ലുകളില്‍ നിന്ന് ഈടാക്കിയ 11 ബില്യനാണ് ഈ വര്‍ഷം പദ്ധതിക്കായി വിനിയോഗിച്ചത്. അടുത്തയാഴ്ചയോടെ ഈ വിഷയത്തില്‍ പരിഹാരം കണ്ടെത്തണമെന്നാണ് എനര്‍ജി മിനിസ്റ്റര്‍ ക്ലെയര്‍ പെറിക്ക് ബിസിനസ് സെലക്ട് കമ്മിറ്റി നിര്‍ദേശം നല്‍കിയിരിക്കുന്നത്.
Leave a Reply