കൊച്ചി: ശബരിമല കര്‍മ്മ സമിതിയുടെ ഹര്‍ത്താലിനെതിരെ വ്യാപരികളുടെ ചെറുത്തു നില്‍പ്പ്. എറണാകുളത്തും കോഴിക്കോടും തൃശ്ശൂരും വ്യാപാരികള്‍ കടകള്‍ തുറന്നു. കൊച്ചിയില്‍ കളക്ടര്‍ മുഹമ്മദ് വൈ.സഫീറുള്ള നേരിട്ടെത്തിയാണ് കടകള്‍ തുറപ്പിച്ചത്.
കൊച്ചി ബ്രോഡ് വേയിലെത്തിയാണ് കളക്ടര്‍ കടകള്‍ തുറപ്പിച്ചത്. വ്യാപാരികളുടെ അഭ്യര്‍ത്ഥനയെ തുടര്‍ന്നാണ് കളക്ടര്‍ എത്തിയതും നടപടികള്‍ സ്വീകരിച്ചതും. ഹര്‍ത്താലിന്റെ ഭാഗമായി പൊതുജനങ്ങള്‍ക്ക് പൂര്‍ണ സംരക്ഷണം ഉറപ്പാക്കുമെന്ന് ജില്ലാ മജിസ്ട്രേറ്റ് കൂടിയായ ജില്ലാ കളക്ടര്‍ അറിയിച്ചു.
എല്ലാ പ്രധാന കേന്ദ്രങ്ങളിലും പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. പൊതുജനങ്ങള്‍ക്ക് യാതൊരു ബുദ്ധിമുട്ടും ഉണ്ടാകാതിരിക്കുന്നതിനുള്ള എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ട്. ഹര്‍ത്താലില്‍ അക്രമം നടത്തുന്നവര്‍ക്കെതിരേയും പൊതുമുതല്‍ നശിപ്പിക്കുന്നവര്‍ക്കെതിരേയും കര്‍ശന നടപടിയുണ്ടാകും. കടകള്‍ തുറക്കുന്ന വ്യാപാരികള്‍ക്ക് പൂർണ്ണ സംരക്ഷണം നല്‍കുമെന്നും കളക്ടര്‍ അറിയിച്ചു.
എറണാകുളം ബ്രോഡ് വേയില്‍ 50 ല്‍ അധികം കടകള്‍ തുറന്നിട്ടുണ്ട്. വ്യാപാരി വ്യവസായി സമിതിയും കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയും കേരള മര്‍ച്ചന്റ്സ് അസോസിയേഷനും ചേര്‍ന്ന് ബ്രോഡ് വേയില്‍ മാര്‍ച്ച് നടത്തി. ബസ്, ഓട്ടോ സര്‍വ്വീസുകള്‍ ഇല്ലാത്തതിനാല്‍ ബ്രോഡ് വേയില്‍ തിരക്കില്ലെന്നും അതിനാല്‍ തന്നെ കച്ചവടം കുറവാണെന്നും കേരള മര്‍ച്ചന്റ്സ് അസോസിയേഷന് അംഗവും ബ്രോഡ് വേയിലെ വ്യാപാരിയുമായ റഹീം പറഞ്ഞു.
”ഞങ്ങള്‍ സാധാരണക്കാരാണ്. ജീവിക്കാന്‍ വേണ്ടിയാണ് കച്ചവടം നടത്തുന്നത്. അടിക്കടി ഹര്‍ത്താലുകള്‍ പ്രഖ്യാപിക്കുമ്പോള്‍ ജീവിതം വഴിമുട്ടുകയാണ്. ഹര്‍ത്താല്‍ അനുകൂലികളെ ഭയക്കുന്നില്ല. ഭയന്ന് ജീവിക്കാന്‍ ആകില്ല. അതിനാല്‍ ഇനിയുള്ള എല്ലാ ഹര്‍ത്താലുകളിലും കടകള്‍ തുറക്കും” എറണാകുളം മാര്‍ക്കറ്റിലെ പഴം കച്ചവടക്കാരനായ ഇബ്രാഹിം പറഞ്ഞു.
അതേസമയം, ഹര്‍ത്താല്‍ പ്രഖ്യാപിച്ചതോടെ ഇന്നലെ രാത്രി മുതല്‍ സംസ്ഥാനത്ത് വ്യാപക അക്രമമാണ് നടക്കുന്നത്. സംസ്ഥാനത്ത് പലയിടത്തും കെഎസ്ആര്‍ടിസി ബസുകള്‍ക്ക് നേരെ കല്ലേറുണ്ടായി. ഹര്‍ത്താലിനെ എതിര്‍ത്ത് കോഴിക്കോട് മിഠായിത്തെരുവില്‍ തുറന്ന കട ഉടമകളെ ഹര്‍ത്താല്‍ അനുകൂലികള്‍ ആക്രമിച്ചു.











Leave a Reply