ഹോസ്പിറ്റല്‍, ജിപി അപ്പോയിന്റ്‌മെന്റുകള്‍ക്ക് പകരം സ്മാര്‍ട്ട്‌ഫോണ്‍ അപ്പോയിന്റ്‌മെന്റുകള്‍ അവതരിപ്പിച്ച് എന്‍എച്ച്എസിന്റെ ഡിജിറ്റല്‍ ഫസ്റ്റ് പദ്ധതി. വരുന്ന അഞ്ചു വര്‍ഷത്തിനുള്ളില്‍ 30 മില്യന്‍ ഹോസ്പിറ്റല്‍ അപ്പോയിന്റ്‌മെന്റുകള്‍ ഇല്ലാതാക്കാനാണ് പദ്ധതി. മൊത്തം അപ്പോയിന്റ്‌മെന്റുകളുടെ മൂന്നിലൊന്ന് വരും ഇതെന്നാണ് വിലയിരുത്തല്‍. നേരിട്ടുള്ള പരിശോധനകള്‍ക്ക് പകരം രോഗികളുമായി ഡോക്ടര്‍മാര്‍ സ്മാര്‍ട്ട്‌ഫോണുകള്‍ ഉപയോഗിച്ച് സ്‌കൈപ്പ് കണക്ഷനില്‍ സംസാരിക്കും. പത്തു വര്‍ഷത്തിനുള്ളില്‍ ഡിജിറ്റല്‍ കണ്‍സള്‍ട്ടേഷന്‍ സാധാരണ രീതിയാക്കി മാറ്റാനാണ് നീക്കം. ഇതിലൂടെ ആശുപത്രികള്‍ക്കു മേലുണ്ടാകുന്ന സമ്മര്‍ദ്ദം കുറയ്ക്കാന്‍ കഴിയുമെന്നും വിലയിരുത്തപ്പെടുന്നു.

രോഗികള്‍ക്ക് കൂടുതല്‍ ഫലപ്രദമാകുന്ന രീതിയായിരിക്കും ഇതെന്ന് എന്‍എച്ച്എസ് തലവന്‍ സൈമണ്‍ സ്റ്റീവന്‍സ് പറഞ്ഞു. ഒരു ബട്ടണ്‍ അമര്‍ത്തിയാല്‍ വിദഗ്ദ്ധരുടെ ചികിത്സ ലഭ്യമാകുന്ന പദ്ധതിയാണ് ഇതെന്നും അദ്ദേഹം അവകാശപ്പെട്ടു. പ്രതിവര്‍ഷം 1 ബില്യന്‍ പൗണ്ട് ലാഭിക്കാന്‍ കഴിയുന്ന പദ്ധതിയാണ് ഇതെന്നായിരുന്നു ഹെല്‍ത്ത് സെക്രട്ടറി മാത്യു ഹാന്‍കോക്ക് പറഞ്ഞത്. എന്നാല്‍ സാങ്കേതിക വിദ്യയെ മാത്രം ആശ്രയിക്കുന്ന ഈ രീതിയോട് പ്രായമായവരും മറ്റും എങ്ങനെ ഇഴുകിച്ചേരും എന്ന കാര്യത്തില്‍ പേഷ്യന്റ് ഗ്രൂപ്പുകള്‍ ആശങ്ക അറിയിച്ചിട്ടുണ്ട്. എന്‍എച്ച്എസി അനുവദിക്കുന്ന 20.5 ബില്യന്‍ പൗണ്ട് എപ്രകാരം ചെലവഴിക്കും എന്ന് വ്യക്തമാക്കുന്ന 134 പേജ് പദ്ധതിയിലാണ് ഈ നിര്‍ദേശമുള്ളത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

കമ്യൂണിറ്റി സര്‍വീസുകളിലേക്ക് ഫണ്ടുകള്‍ വകമാറ്റും. 4.5 ബില്യന്‍ പൗണ്ടാണ് ജിപികള്‍ക്കും ലോക്കല്‍ നഴ്‌സുമാര്‍ക്കുമായി വകയിരുത്തിയിരിക്കുന്നത്. ആശുപത്രികള്‍ക്ക് പുറത്തുള്ള പരിചരണം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ഈ നീക്കം. കഴിഞ്ഞ പത്തു വര്‍ഷത്തില്‍ ഔട്ട്‌പേഷ്യന്റ് അപ്പോയിന്റ്‌മെന്റുകളുടെ എണ്ണം ഇരട്ടിയായിട്ടുണ്ടെന്നാണ് കണക്കുകള്‍. 54 മില്യനില്‍ നിന്ന് 94 മില്യനായാണ് ഇത് വര്‍ദ്ധിച്ചത്.