ലണ്ടന്‍: ‘യെല്ലോ ഫീവര്‍’ പ്രതിരോധ കുത്തിവെപ്പ് എടുത്തതിന് പിന്നാലെ യു.കെയിലെ പ്രമുഖ ക്യാന്‍സര്‍ രോഗ വിദഗ്ദ്ധന്‍ അന്തരിച്ചു. പ്രൊഫസര്‍ മാര്‍ട്ടിന്‍ ഗോര്‍(67) ആണ് മരണപ്പെട്ടത്. യെല്ലോ ഫീവറിനെ പ്രതിരോധിക്കുന്നതിനായി സാധാരണയായി എടുക്കുന്ന വാക്‌സിന്‍ കുത്തിവെച്ച ഡോക്ടറെ ദേവാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വ്യാഴായ്ച്ച രാവിലെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. തുടര്‍ന്ന് ശരീരത്തിലെ പ്രധാനപ്പെട്ട അവയവങ്ങള്‍ പ്രവര്‍ത്തനം നിലച്ചതോടെ മരണം സംഭവിക്കുകയായിരുന്നു. കൊതുകുകള്‍ വഴി പകരുന്ന രോഗങ്ങള്‍ പ്രതിരോധിക്കുന്നതിനായിട്ടാണ് സാധാരണായായി ഇത്തരം വാക്‌സിനുകള്‍ ഉപയോഗിക്കുന്നത്. സൗത്ത് അമേരിക്ക, കരീബിയന്‍ രാജ്യങ്ങള്‍, ആഫ്രിക്കന്‍ രാജ്യങ്ങള്‍ തുടങ്ങിയ സ്ഥലങ്ങളിലാണ് ഇത്തരം വാക്‌സിനുകള്‍ പ്രധാനമായും ഉപയോഗിക്കുന്നത്.

അതേസമയം ഡോക്ടര്‍ ഗോറിയുടെ മരണം അശ്രദ്ധമൂലമാണെന്നും വാദം ഉയര്‍ന്നിട്ടുണ്ട്. സാധാരണയായി 60 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് പ്രസ്തുത വാക്‌സിന്‍ നല്‍കാറില്ല. അതീവ ഗുരുതരമായ പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കാന്‍ സാധ്യതയുള്ളതിനാലാണ് 60 വയസിന് മുകളിലുള്ളവര്‍ക്കും എച്ച്.ഐ.വി/എയ്ഡ്‌സ് തുടങ്ങിയവ ബാധിച്ചവര്‍ക്കും ഈ വാക്‌സിന്‍ നല്‍കാത്തത്. 60 വയസിന് മുകളില്‍ പ്രായമുണ്ടായിരുന്നിട്ടും ഡോ. ഗോര്‍ വാക്‌സിന്‍ എടുക്കാന്‍ കാരണമെന്താണെന്ന് വ്യക്തമായിട്ടില്ല. അവയവങ്ങളുടെ പ്രവര്‍ത്തനം നിലച്ചതാണ് മരണകാരണമെന്നാണ് മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരിക്കുന്നത്.

യു.കെയില്‍ തന്നെ വളരെ പ്രമുഖനായ ക്യാന്‍സര്‍ രോഗ വിദഗ്ദ്ധനാണ് ഡോ. ഗോര്‍. പ്രിന്‍സ് വില്യം അദ്ദേഹത്തെ ഒരിക്കല്‍ വിശേഷിപ്പിച്ചത് ‘ഇന്‍സിപിരേഷണല്‍’ എന്നാണ്. കഴിഞ്ഞ 30 ലേറെ വര്‍ഷങ്ങളായി റോയല്‍ മാര്‍സ്ഡന്‍ ആശുപത്രിയില്‍ സേവനം അനുഷ്ഠിച്ച് വരികയായിരുന്നു അദ്ദേഹം. ആശുപത്രിക്ക് അദ്ദേഹത്തിന്റെ വിടവാങ്ങല്‍ തീരാ നഷ്ടമാണെന്ന് മാനേജ്‌മെന്റ് പ്രതികരിച്ചു. നിരവധി അവാര്‍ഡുകളും അംഗീകാരങ്ങളും ലഭിച്ചിട്ടുള്ള വ്യക്തി കൂടിയാണ് ഡോ. ഗോര്‍. 2015ല്‍ ലൈഫ് ടൈം അച്ച്വീവ്‌മെന്റ് അവാര്‍ഡ് നല്‍കി ഡ്യൂക് ഓഫ് ക്രേംബ്രിഡ്ജ് അദ്ദേഹത്തെ ആദരിച്ചിരുന്നു.