ന്യൂസ് ഡെസ്ക്
ഇന്ത്യൻ രാഷ്ട്രീയ രംഗത്ത് കോളിളക്കങ്ങൾ സൃഷ്ടിക്കാവുന്ന വെളിപ്പെടുത്തലുമായി യുഎസ് ഹാക്കർ. 2014 ലെ ലോക്സഭാ തിരഞ്ഞെടുപ്പിലടക്കം രാജ്യത്ത് നടന്ന തിരഞ്ഞെടുപ്പുകളില്‍ കൃത്രിമം നടന്നിട്ടുണ്ടെന്ന വെളിപ്പെടുത്തലുമായി യുഎസ് ഹാക്കര്‍ രംഗത്ത് എത്തി. ലണ്ടനില്‍ ഇന്ത്യന്‍ ജേർണലിസ്റ്റ് അസോസിയേഷന് സംഘടിപ്പിച്ച പരിപാടിയിലാണ് ഇലക്ട്രോണിക് വോട്ടിങ് മെഷീനില്‍ എങ്ങനെ തിരിമറി നടത്താം എന്ന കാര്യം യുഎസ് ഹാക്കര്‍ സയിദ് ഷുജ വെളിപ്പെടുത്തിയത്.
2014 ലോക്സഭാ തിരഞ്ഞെടുപ്പിന് പുറമെ ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര, ഗുജറാത്ത് തിരഞ്ഞെടുപ്പുകളിലും വോട്ടിങ് മെഷീനില്‍ കൃത്രിമം നടത്തിയെന്നും ഇയാള്‍ ആരോപിക്കുന്നു. കോണ്‍ഗ്രസ് നേതാവ് കബില്‍ സിബല്‍ ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്ത പരിപാടിയിലായിരുന്നു സയിദ് ഷുജയുടെ വെളിപ്പെടുത്തലെന്നതും ശ്രദ്ധേയമാണ്. തന്റെ വാദങ്ങള്‍ ശരിയാണെന്ന് ബോധ്യപ്പെടുത്താനുള്ള രേഖകള്‍ കൈവശമുണ്ടെന്നും ഇയാള്‍ പറഞ്ഞു.
സംഭവത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന് ഉടന്‍ ഔദ്യോഗിക പ്രതികരണം നടത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ലണ്ടനില്‍ നടന്ന സംഭവവികാസങ്ങള്‍ സൂക്ഷമമായി തങ്ങള്‍ നിരീക്ഷിക്കുകയാണെന്ന് തിരഞ്ഞെടുപ്പ് കമ്മീഷനുമായി അടുത്ത വൃത്തങ്ങള്‍ അറിയിച്ചു.
2014-ല്‍ വാഹനാപകടത്തില്‍ മരിച്ച മുതിര്‍ന്ന ബിജെപി നേതാവും കേന്ദ്ര മന്ത്രിയുമായിരുന്ന ഗോപിനാഥ് മുണ്ടെയുടെ മരണത്തിന് കാരണം വോട്ടിങ് മെഷീനിലെ കൃത്രിമം സംബന്ധിച്ച് അറിവുള്ളതിനാലാണെന്നും യുഎസ് ഹാക്കര്‍ ആരോപിച്ചിട്ടുണ്ട്. ഡല്‍ഹി തിരഞ്ഞെടുപ്പില്‍ വോട്ടിംഗ് മെഷീനില്‍ കൃത്രിമം നടക്കാത്തതിനാലാണ് അവിടെ എ.എ.പി വിജയിച്ചതെന്നും ഹാക്കര്‍ പറഞ്ഞു. ഏറെ നാളായി വിവിധ രാഷ്ട്രീയ കക്ഷികള്‍ ഉയര്‍ത്തിയ ആരോപണങ്ങളാണ് ഈ വെളിപ്പെടുത്തിലോടെ വീണ്ടും ചര്‍ച്ചയാകുന്നത്. ഹാക്കറുടെ വെളിപ്പെടുത്തലിന് പിന്നാലെ മമതാ ബാനര്‍ജിയടക്കമുള്ള പ്രതിപക്ഷ നേതാക്കള്‍ രംഗത്തെത്തിയിട്ടുണ്ട്.
Leave a Reply